INDIA

ഇലക്ടറൽ ബോണ്ട്: സാന്റിയാഗോ മാർട്ടിന്റെ കമ്പനി കൈമാറിയത് ലാഭവിഹിതത്തിന്റെ ആറിരട്ടി തുക

ഇലക്ടറൽ ബോണ്ടുകൾ വഴി പണം നൽകിയശേഷം പലർക്കും നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ ലഭിച്ചതായും കണ്ടെത്തിയിരുന്നു. മേഘ എൻജിനീറിങ് വർക്സാണ് ഇതിൽ പ്രധാനി

വെബ് ഡെസ്ക്

ഇലക്ടറൽ ബോണ്ട് വഴി പണം സംഭാവന നൽകിയ പല സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത് സംയോജിത അറ്റാദായത്തിന്റെ (നെറ്റ് പ്രോഫിറ്റ്) അഞ്ചും ആറും ഇരട്ടി. സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് നിലവിൽ പുറത്തുവന്ന രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ പണം നൽകിയ സ്ഥാപനം. അവർക്ക് കഴിഞ്ഞ മൂന്നുവർഷമായി ലഭിച്ച സംയോജിത അറ്റാദായം 215 കോടി രൂപയായിരുന്നു. എന്നാൽ സംഭാവന നൽകിയതാവട്ടെ 1368 കോടി രൂപയും.

സാന്റിയാഗോ മാർട്ടിന്‍

2019 ഏപ്രിൽ 12 നും 2024 ജനുവരി 24നും ഇടയിൽ സ്ഥാപനങ്ങളും ആളുകളും വാങ്ങിയ ഇലക്ടറൽ ബോണ്ടിന്റെ കണക്കുകളാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മാർച്ച് 14ന് പുറത്തുവിട്ടത്. ഈ കാലയളവിൽ ബോണ്ടുകൾ വഴി 50 കോടിയിലധികം രൂപ സംഭാവന ചെയ്ത കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ ലാഭത്തേക്കാൾ അധികം പണം സംഭാവന നൽകിയവർ ഒരുപാടുണ്ട്. ഇലക്ടറൽ ബോണ്ടുകൾ വഴി പണം നൽകിയശേഷം പലർക്കും നിരവധി കേന്ദ്രസർക്കാർ പ്രോജക്ടുകൾ ലഭിച്ചതായും കണ്ടെത്തിയിരുന്നു. മേഘ എൻജിനീറിങ് വർക്സാണ് ഇതിൽ പ്രധാനി. 14400 കോടി രൂപയുടെ കരാറാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയ രണ്ടാമത്തെ സ്ഥാപനമായ മേഘയ്ക്ക് 2023ൽ ലഭിച്ചത്.

ചിലർ തങ്ങളുടെ സമ്പാദ്യത്തിൻ്റെ ഗണ്യമായ ഒരു ഭാഗം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയതായും കണക്കുകൾ തെളിയിക്കുന്നു. ഉദാഹരണത്തിന്, ഐഎഫ്ബി അഗ്രോ ഇൻഡസ്ട്രീസ് 2019-20 മുതൽ 2022-23 വരെ സമ്പാദിച്ചത് 175 കോടി രൂപയുടെ ലാഭമായിരുന്നു. ഈ തുകയുടെ 53 ശതമാനമാണവർ (92 കോടി) ഇലക്ടറൽ ബോണ്ട് വഴി കൈമാറിയിരിക്കുന്നത്. അതുപോലെ, ഡേറ്റ ലഭ്യമായ മൂന്ന് വർഷങ്ങളിലെ സംയോജിത അറ്റാദായത്തിന്റെ 37 ശതമാനമാണ് ഹാൽദിയ എനർജി നൽകിയിരിക്കുന്നത്.

ഇലക്ടറൽ ബോണ്ട് മുഖേനയുള്ള ദാതാക്കളിൽ പല സ്ഥാപനങ്ങളും നിർമാണ, ഖനന, ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ നിന്നുള്ളവരാണ്. അതേസമയം ലാഭവിഹിതത്തിന്റെ ചെറിയ പങ്ക് മാറ്റിവച്ച സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഖനന- ലോഹ വ്യാപാര ഭീമന്മാരായ വേദാന്ത, ജിൻഡാൽ സ്റ്റീൽ എന്നിവർ അവരുടെ സംയോജിത അറ്റാദായത്തിന്റെ ഒരുശതമാനം മാത്രമാണ് പാർട്ടികൾക്കായി നൽകിയിട്ടുള്ളത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഏപ്രിൽ, മെയ് മാസങ്ങളിലാണ് ബിജെപിക്ക് 1722 കോടി രൂപ ലഭിച്ചത്. അതായത് അവർക്ക് ലഭിച്ച മൊത്തം തുകയായ 6061 കോടി രൂപയുടെ 29.2 ശതമാനം. നേർവിപരീതമായി, കോൺഗ്രസിന് 168.6 കോടി രൂപയും തൃണമൂൽ കോൺഗ്രസിന് 51.7 കോടിയുമാണ് ലഭിച്ചത്. പൊതുവെ, തിരഞ്ഞെടുപ്പ് മാസങ്ങളിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ പണം ലഭിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ