ഹിന്ദുത്വസൈദ്ധാന്തികൻ വിനായക ദാമോദർ സവർക്കറിന്റെ ചിത്രം കര്‍ണാടകയിലെ സുവർണ വിധാൻ സൗധയിയില്‍ സ്ഥാപിച്ച സംഭവത്തില്‍ വിവാദം കനക്കുന്നു. നിയമസഭയുടെ ശൈത്യകാല സമ്മേളനം ചേരുന്ന ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു പിറകിലാണ് സവർക്കറുടെ ചിത്രം സ്ഥാപിച്ചത്. ഗാന്ധിജിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറും ഇടം പിടിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ചിത്രം അനാച്ഛാദനം ചെയ്തത്.
പത്തു ദിവസം നീണ്ടു നിൽക്കുന്ന ശൈത്യ കാല സമ്മേളനത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായിരുന്നു ചിത്രങ്ങൾ അനാച്ഛാദനം ചെയ്തത്. ദേശീയ നേതാക്കളുടെ ചിത്രങ്ങൾ സുവർണ വിധാൻ സൗധയിൽ അനാച്ഛാദനം ചെയ്തതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സപീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കെഗേരിയും അറിയിച്ചു.
കർണാടകയുമായി സവർക്കർക്ക് എന്ത് ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണംഡി കെ ശിവകുമാർ
പ്രതിപക്ഷത്തെ മുൻകൂട്ടി അറിയിക്കാതെ ആയിരുന്നു ചടങ്ങ്. പിന്നാലെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് പ്രതിനിധികൾ സുവർണ വിധാൻ സൗധക്ക് മുന്നിൽ പ്രതിഷേധിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളുമായിട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
കർണാടകയുമായി സവർക്കർക്ക് എന്ത് ബന്ധമാണുള്ളതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരു, ബസവണ്ണ, അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ, ജഗ്ജീവൻറാം കനക ദാസാ തുടങ്ങിയവരുടെ ചിത്രങ്ങളാണ് നിയമസഭയുടെ ചുവരിൽ വേണ്ടതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സവർക്കെറെ മഹത്വവത്കരിക്കുന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു.
നേരത്തെ, സവർക്കെറെ മഹത്വവത്കരിക്കുന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് കര്‍ണാടകയില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. എട്ടാം ക്ലാസിലെ കന്നഡ ഭാഷാ പുസ്തകത്തിൽ ആയിരുന്നു സവർക്കറുടെ ആൻഡമാൻ ജയിൽവാസത്തെ മഹത്വവൽക്കരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, ഗാന്ധിജിക്കും നെഹ്രുവിനും മറ്റു സ്വാതന്ത്ര്യ സമര പോരാളികൾക്കുമൊപ്പം ചര്‍ച്ച ചെയ്യേണ്ട പേരാണ് സവര്‍ക്കറിന്റേതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാട്. സവർക്കറുടെ ദേശ സ്നേഹത്തെ കുറിച്ചും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ കുറിച്ചുമുള്ള ലഘു ലേഖകളും പുസ്തകങ്ങളും പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘം പോലും സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടു പിടിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ തലത്തില്‍ തുടര്‍ച്ചയായി സവര്‍ക്കറെ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത്.
ശൈത്യകാല സമ്മേളനം മാത്രം നടക്കുന്ന നിയമസഭാ മന്ദിരമാണ് ബെലഗാവിയിലെ സുവർണ വിധാൻസൗധ
രണ്ടു നിയമസഭാ മന്ദിരങ്ങൾ ഉള്ള സംസ്ഥാനമാണ് കർണാടക . മുംബൈ കർണാടക മേഖലയിലെ ബെലഗാവി ജില്ലയെ ചൊല്ലി അവകാശ തർക്കം മുറുകിയതോടെയായിരുന്നു ഈ പ്രദേശത്തുള്ള കന്നഡിഗരെ ചേർത്ത് നിർത്താൻ ബംഗളുരുവിലെ നിയസഭാ മന്ദിരത്തിന്റെ അതെ മാതൃകയിൽ 2012 ൽ സുവർണ വിധാൻസൗധ പണികഴിപ്പിച്ചത്. നിയമസഭയുടെ ശൈത്യകാല സമ്മേളനം മാത്രമാണ് ഇവിടെ നടക്കാറുള്ളത്.