INDIA

'നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ സമ്മർദങ്ങളിൽനിന്ന് മോചിപ്പിക്കണം'; ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാരുടെ കത്ത്

സുപ്രീംകോടതിയിലെ നാല് മുൻ ജഡ്ജിമാരും ഹൈക്കോടതികളിലെ 17 മുൻ ജഡ്ജിമാരുമാണ് കത്തെഴുതിയത്

വെബ് ഡെസ്ക്

രാഷ്ട്രീയലക്ഷ്യങ്ങളോടെ ചിലർ നീതിന്യായ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് ജസ്റ്റിസിന് മുൻ ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതി മുൻ ജഡ്ജിമാരായ നാല് പേരും ഹൈക്കോടതി മുൻ ജഡ്ജിമാരായ 17 പേരുമാണ് കത്തെഴുതിയത്. നീതിന്യായ വ്യവസ്ഥിതിക്കുമേലെ കൃത്യമായ കണക്കുകൂട്ടലോടെ സമ്മർദം ചെലുത്തി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ചിലർ ഇടപെടൽ നടത്തുന്നുണ്ടെന്നും ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ ആവശ്യമാണെന്നും കാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.

വ്യക്തിതാല്പര്യങ്ങൾക്കു വേണ്ടിയും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയും ആളുകൾ നടത്തുന്ന ഇടപെടലുകൾ പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസ്യത ഇല്ലാതാക്കിയെന്നും കത്തിൽ പറയുന്നു. കോടതികളുടെ വിശ്വാസ്യതയെ അട്ടിമറിച്ചുകൊണ്ട് വ്യക്തിപരമായ നേട്ടത്തിനുവേണ്ടി ഇടപെടുന്നവരുടെ നടപടികൾ ജഡ്ജിമാർ ഉയർത്തിപ്പിടിക്കേണ്ട വിവേചനരഹിതമായ നിലാപാടിനെയാണ് ബാധിക്കുന്നതെന്നും കത്തിൽ പറയുന്നു.

കത്തെഴുതിയവരിൽ സുപ്രീംകോടതി മുൻ ജഡ്ജിമാരായ ദീപക് വർമ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എംആർ ഷാ എന്നിവരുൾപ്പെടും. ഇവർക്കൊപ്പം ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, സിക്കിം, ഝാർഖണ്ഡ്, മുംബൈ, അലഹബാദ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് ഹൈക്കോടതികളിലെ മുൻ ജഡ്ജിമാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ അറുന്നൂറിലധികം അഭിഭാഷകർ സമാനമായ കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

അടിസ്ഥാനരഹിതമായ ചില സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ തങ്ങൾക്കനുകൂലമായ കോടതിവിധികൾ ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കത്ത് വിമർശിക്കുന്നു. ഇത് നീതിന്യായ വ്യവസ്ഥിതിയുടെ സ്വതന്ത്രമായ നിലനില്പിനെയാണ് ബാധിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. നീതിന്യായ സംവിധാനം ശക്തമായി നിലനിൽക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ മാർഗനിർദേശവും നേതൃത്വവും ആവശ്യമാണെന്നും കത്തിൽ പറയുന്നു.

ഇത്തരം സമ്മർദങ്ങളെ അതിജീവിക്കാനും സ്വതന്ത്രമായി തുടരാനും രാജ്യത്തെ നീതിന്യായ സംവിധാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി