ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ന് ബാങ്ക് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങള്‍ കൈമാറണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. വൈകിട്ട് അഞ്ചരയോടെയാണ് കമ്മീഷന് എസ്ബിഐ വിവരങ്ങള്‍ നല്‍കിയത്. എസ്ബിഐ കൈമാറിയ വിവരങ്ങള്‍ മാര്‍ച്ച് പതിനഞ്ചോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സമയം വേണമെന്ന് ആവശ്യപ്പെട്ട എസ്ബിഐയെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15-ന് വിവരങ്ങള്‍ കൈമാറണമെന്ന് തങ്ങള്‍ ഉത്തരവിട്ടശേഷം 26 ദിവസം ബാങ്ക് എന്തു നടപടി സ്വീകരിച്ചുവെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ഇതില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ ചൊവ്വാഴ്ച(ഇന്ന്) വൈകിട്ട് ബാങ്ക് പ്രവൃത്തിസമയം അവസാനിക്കും മുമ്പ് നിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്വമേധയാ കേസെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്ത്യശാസനം നല്‍കിയിരുന്നു. സ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.
2019 ഏപ്രില്‍ 12 മുതല്‍ സ്വീകരിച്ചതും രാഷ്ട്രീയ പാര്‍ട്ടികള്‍ പണമായി മാറ്റിയതുമായ ഇലക്ടറല്‍ ബോണ്ടുകളുടെ ബോണ്ടുകളുടെ വിശദാംശങ്ങള്‍ മാര്‍ച്ച് ആറിനകം കമ്മീഷനില്‍ സമര്‍പ്പിക്കാനാണ് കോടതി നേരത്തെ എസ്ബിഐക്ക് നിര്‍ദേശം നല്‍കിയത്. എസ്ബിഐ നല്‍കുന്ന വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ മാര്‍ച്ച് 13-ന് മുമ്പ് പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്ബിഐയുടെ ഹര്‍ജി. ഒരുപാട് രേഖകള്‍ പരിശോധിച്ച് മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഇത് ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ സമയം വേണമെന്നുമയിരുന്നു എസ്ബിഐയുടെ ഹര്‍ജിയിലെ ആവശ്യം.
ഇലക്ടറല്‍ ബോണ്ട് കേസിലെ ഹര്‍ജിക്കാരായ സിപിഎമ്മും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സംഭാവന നല്‍കിയവരുടെ വിശദാംശങ്ങള്‍ മാര്‍ച്ച് ആറിനകം സമര്‍പ്പിക്കണമെന്ന കോടതി ഉത്തരവ് മനഃപൂര്‍വം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എസ്ബിഐക്കൊപ്പം കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി.