സുപ്രീം കോടതി 
INDIA

അഗാമിക ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിൽ നിലവിലുള്ള രീതി തുടരണം; ഉത്തരവിറക്കി സുപ്രീം കോടതി

ആള്‍ ഇന്ത്യാ ആദി ശൈവ ശിവചര്യര്‍കള്‍ സേവ അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഉത്തരവ്

വെബ് ഡെസ്ക്

തമിഴ്‌നാട്ടിലെ അഗാമിക ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കുന്നതില്‍ നിലവിലുള്ള രീതി തന്നെ തുടര്‍ന്നാല്‍ മതിയെന്ന് ഉത്തരവിറക്കി സുപ്രീം കോടതി. ആള്‍ ഇന്ത്യാ ആദി ശൈവ ശിവചര്യര്‍കള്‍ സേവ അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എഎസ് ബൊപ്പണ്ണയും ജസ്റ്റിസ് എംഎം സുന്ദരേശും അടങ്ങിയ ബെഞ്ച്, പുതിയൊരു ഉത്തരവ് വരുന്നത് വരെ പൂജാരി നിയമനത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട് ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംപ്ലോയീസ് റൂള്‍സ്, 2020 പ്രകാരമുള്ള ക്ഷേത്ര തൊഴിലാളികളുടെ നിയമനങ്ങള്‍ അഗാമിക പ്രകാരം നിര്‍മിച്ച ക്ഷേത്രങ്ങള്‍ക്ക് ബാധകമല്ലെന്ന് 2022 ഓഗസ്റ്റില്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. പുതിയ നിയമം പ്രകാരം പൂജാരിമാര്‍ക്ക് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ യോഗ്യത നിര്‍ബന്ധമാണ്. കൂടാതെ വര്‍ഷങ്ങളായി പൂജ ചെയ്യുന്ന പൂജാരിക്ക് സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ആ വ്യക്തിക്ക് ചട്ടം പ്രകാരം നിയമനം ലഭ്യമല്ലെന്നും സര്‍ക്കാര്‍ ചട്ടത്തില്‍ പറയുന്നു. എന്നാല്‍ ഹൈക്കോടതി വിധി പ്രകാരം അഗാമിക ക്ഷേത്രങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളുള്ളതിനാല്‍ പരമ്പരാഗതമായി പൂജ ചെയ്യുന്നവരേ മാത്രമേ നിയമിക്കാവൂ.

എന്നാല്‍ ഹൈക്കോടതി വിധിയെ മാനിക്കാതെ, മതവിഭാഗങ്ങളെ പരിഗണിക്കാതെ, ആവശ്യമായ പരിശീലനമുണ്ടെന്ന് വാദിച്ച് സര്‍ക്കാര്‍ പൂജാരി നിയമനം നടത്തുകയാണെന്ന് ആള്‍ ഇന്ത്യാ ആദി ശൈവ ശിവചര്യര്‍കള്‍ സേവ അസോസിയേഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണ കുമാര്‍ കോടതിയില്‍ വാദിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്ലെന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പരിശീലനം നേടിയവരാണെന്ന് പറഞ്ഞ് ആളുകളെ നിയമിക്കുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നുവെന്നും കൃഷ്ണ കുമാര്‍ വാദിച്ചു.

''വ്യത്യസ്ത വീക്ഷണങ്ങള്‍ സ്വീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് തുടരുകയാണ്. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ കോടതിയില്‍ പോകുമ്പോള്‍ ഒരു ജഡ്ജിക്ക് ഒരു കാഴ്ചപ്പാടും മറ്റൊരു ജഡ്ജിക്ക് മറ്റൊരു കാഴ്ചപ്പാടുമായിരിക്കുമെന്നത് ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്- കൃഷ്ണ കുമാര്‍ പറഞ്ഞു.

മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ തമിഴ്‌നാട് ആവര്‍ത്തിച്ച് ശ്രമിക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ അഗാമിക ക്ഷേത്രങ്ങള്‍ കണ്ടെത്തുന്നതിന് സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ക്ക് എതിരാണ് സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളെന്നും ഹര്‍ജിയില്‍ പറയുന്നു. പൂജാരി നിയമനങ്ങള്‍ക്ക് ക്ഷേത്രങ്ങളുടെ ആചാരങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം