INDIA

മുദ്രവച്ച കവറിൽ കേന്ദ്രം നൽകിയ നിർദേശം തള്ളി സുപ്രീംകോടതി; ഹിൻഡൻബർഗ് റിപ്പോർട്ടിൽ സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിക്കും

കേന്ദ്ര നിർദേശം അംഗീകരിച്ചാൽ സർക്കാരിന്റെ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ്

വെബ് ഡെസ്ക്

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സമഗ്രാന്വേഷണം നടത്താൻ സുപ്രീംകോടതി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിന് നിയന്ത്രണ ചട്ടക്കൂടിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നടക്കം നിർണയിക്കാൻ സ്വന്തം നിലയ്ക്ക് സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുദ്രവച്ച കവറിൽ സർക്കാർ സമർപ്പിച്ച നിർദേശം കോടതി തള്ളി. റിപ്പോർട്ട് പരിശോധിക്കാൻ രൂപീകരിച്ച സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം നിർദേശിച്ച വിദഗ്‌ധരുടെ പേരുകൾ അടങ്ങിയ നിർദേശമാണ്. കേന്ദ്ര നിർദേശം അംഗീകരിച്ചാൽ സർക്കാരിന്റെ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി. ഏതന്വേഷണത്തിനും തയ്യാറെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‌റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് വിപണിയിലുണ്ടായ തിരിച്ചടി സംബന്ധിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. നിക്ഷേപകരുടെ താത്പര്യം പരിഗണിക്കുന്നതിനൊപ്പം വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് സുപ്രീംകോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാര്‍ നിദേശം തള്ളി. മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. '' ഞങ്ങള്‍ക്ക് സുതാര്യത ഉറപ്പാക്കണം. കേന്ദ്രനിര്‍ദേശം അംഗീകരിച്ചാല്‍ മറുപക്ഷത്തെ മാറ്റിനിര്‍ത്തിയത് പോലെയാണ്. സമിതി യെ നിയമിച്ചത് കേന്ദ്ര സര്‍ക്കാരെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും.'' ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാല്‍ സ്വന്തം നിലയ്ക്ക് സമിതിയെ നിയോഗിക്കുമെന്നും അംഗങ്ങളെ തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

ഒരു സിറ്റിങ് ജഡ്ജിന്റെ കീഴില്‍ സമിതി രൂപീകരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പകരം, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാകും സമിതിയെ നിയോഗിക്കുക. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടായില്ലെന്ന കേന്ദ്ര നിലപാടും കോടതി തള്ളി. '' നിങ്ങള്‍ പറയുന്ന ഓഹരി വിപണിയെ ബാധിച്ചില്ലെന്ന്. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ്'' കോടതി വ്യക്തമാക്കി.

നിങ്ങള്‍ പറയുന്ന ഓഹരി വിപണിയെ ബാധിച്ചില്ലെന്ന്. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ്
കേന്ദ്രത്തോട് സുപ്രീംകോടതി

അദാനി ഗ്രൂപ്പ് ഓഹരി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിപണിയിലെ ചാഞ്ചാട്ടത്തിനെതിരെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും റെഗുലേറ്ററി സംവിധാനം ശക്തിപ്പെടുത്തുന്നത് പരിശോധിക്കാനും വിദഗ്ധരുടെ സമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് ഫെബ്രുവരി 10 ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് സമിതി അംഗങ്ങളെ നിര്‍ദേശിച്ച് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ എം എല്‍ ശര്‍മ, വിശാല്‍ തിവാരി, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച നാല് പൊതുതാത്പര്യ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിസേര്‍ച്ചിന്റെ സ്ഥാപകനായ നഥാന്‍ ആന്‍ഡേഴ്‌സണിനും അയാളുടെ ഉടമസ്ഥതയില്‍ ഇന്ത്യയിലുള്ള സ്ഥാപനങ്ങള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഭിഭാഷകനായ എംഎല്‍ ശര്‍മ്മ കോടതിയെ സമീപിച്ചത്. അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്ന് അഭിഭാഷകന്‍ വിശാല്‍ തിവാരി കോടതിയില്‍ ആവശ്യപ്പെട്ടു. 500 കോടിയിലധികം രൂപ വായ്പ അനുവദിക്കുന്ന നയത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും തിവാരി ആവശ്യപ്പെട്ടിരുന്നു. അദാനി ഓഹരികളില്‍ അമിത വിലയ്ക്ക് നിക്ഷേപം നടത്താനുള്ള എസ്ബിഐയുടെയും എല്‍ഐസിയുടെയും തീരുമാനത്തെ ചോദ്യം ചെയ്ത് അദാനി ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു മറ്റൊരു ഹര്‍ജിക്കാരനും കോണ്‍ഗ്രസ് നേതാവുമായ ജയ താക്കൂര്‍ ആവശ്യപ്പെട്ടത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി