സുപ്രീം കോടതി 
INDIA

ഡൽഹി അധികാരത്തർക്കം: കേന്ദ്രത്തിന് തിരിച്ചടി; ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീംകോടതി

മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടത്

വെബ് ഡെസ്ക്

ഡൽഹി സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. ഡൽഹിയിൽ ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന് സുപ്രീംകോടതി. പോലീസ്, ലാൻഡ്, പബ്ലിക് ഓർഡർ എന്നിവ ഒഴികെയുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണ്. മന്ത്രിസഭയുടെ നിർദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടത്. ഭരിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ടവർക്കാണെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി.

ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ച് ആം ആദ്മി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ഇതോടെ അവസാനമായത്. എല്ലാ സേവനങ്ങളിലും ഡൽഹി സർക്കാരിന് അധികാരമില്ലെന്ന ജസ്റ്റിസ് ഭൂഷന്റെ വിഭജന വിധിയോട് യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പ്രസ്താവം ആരംഭിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എ (എ) അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

എന്‍ട്രി രണ്ടിന്റെ ഭാഗമായുള്ള പോലീസ്, ആഭ്യന്തരം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള നിയമനങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിധിയില്‍ വരുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഡൽഹിയിലെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിനാകില്ല. ഒരു ജനാധിപത്യ ഭരണക്രമത്തില്‍ യഥാര്‍ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡൽഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിധി ഏകകണ്ഠമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഭിന്നവിധി ഉണ്ടായതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അഞ്ച് വര്‍ഷം മുൻപ്, സമാനമായ ഒരു തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി കോടതിയുടെ മറ്റൊരു ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഡൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് 2019ലെ സുപ്രീം കോടതി വിധി. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ലഫ്റ്റനന്റ് ഗവർണറെക്കാൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനാണ് കൂടുതൽ അധികാരമെന്ന് വ്യക്തമാക്കിയ കോടതി മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും നിർദേശിച്ചിരുന്നു. എന്നാൽ തർക്കം പിന്നീടും തുടരുകയായിരുന്നു.

തുടർന്ന് 2019 ഫെബ്രുവരി 14-ന് ഈ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്നവിധികൾ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് വിഷയം പിന്നീട് മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് മൂന്നംഗ ബെഞ്ച് അഞ്ച് അംഗ ഭരണഘടന ബെഞ്ചിന് പിന്നീട് വിടുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ