INDIA

'രണ്ട് വർഷം എന്ത് ചെയ്യുകയായിരുന്നു'; ബില്ലുകള്‍ വൈകിപ്പിച്ചതിൽ ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശം

ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി

ദ ഫോർത്ത് - ഡൽഹി

കേരള നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിൽ തീരുമാനം വൈകിപ്പിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതിയുടെ രൂക്ഷമായി വിമർശം. രണ്ട് വർഷം ഗവർണർ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ച കോടതി, ബില്ലുകൾ തീർപ്പാക്കാതിരിക്കുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചശേഷമാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാൻ തയാറായതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.

ഗവർണർ നിയമസഭയുടെ അധികാരത്തെ മറികടക്കാൻ പാടില്ലെന്നും ഗവർണർ പദവിക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെന്നും പഞ്ചാബ് സർക്കാർ ഗവർണർക്കെതിരെ സമർപ്പിച്ച ഹർജിയിലെ വിധി ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.അതേസമയം, ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

രണ്ട് വർഷമായി ബില്ലുകൾ നിയമമാക്കാൻ അനുവദിക്കില്ലെന്നും ഇത് സംസ്ഥാന ഭരണത്തെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് തീരുമാനം വൈകിപ്പിക്കാനെന്നും സംസ്ഥാനം സർക്കാർ കോടതിയെ അറിയിച്ചു. ഗവർണർ ക്ഷേമ ബില്ലുകൾ വൈകിപ്പിക്കുന്നുവെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി ഇടപെടണം. ബിൽരാഷ്ട്രപതിക്ക് അയക്കുന്നതിന് സുപ്രീം കോടതി മാർഗനിർദേശം കൊണ്ടുവരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

സഭ പാസ്സാക്കിയ ധനബില്ലില്‍ ഗവർണർ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സംസ്ഥാന ഭരണത്തെ ബാധിക്കുന്നുണ്ടെന്നും കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ധനബില്ലിൽ ഉടന്‍ തീരുമാനമെടുക്കാൻ കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു. ധനബില്ലിൽ ഗവർണർ നടപടിയെടുക്കുമെന്ന് അറ്റോർണി ജനറൽ ബെഞ്ചിന് ഉറപ്പ് നൽകി.

സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷട്രപതിയുടെ പരിഗണനയ്ക്ക് ഗവർണർ വിട്ടിരിക്കുന്നത്. സഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന പരാതിയില്‍ സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണറുടെ നിര്‍ണായക നീക്കം.

ലോകായുക്ത ബില്‍, സര്‍വകലാശാല നിയമ ഭേദഗതി ബില്‍(രണ്ടെണ്ണം), ചാന്‍സ്‌ലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍, സേര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍(മില്‍മ) എന്നിവയാണ് രാഷ്ട്രപതിക്ക് വിട്ടത്. അതേസമയം പൊതുജനാരോഗ്യ ബില്ലില്‍ ഗവണര്‍ ഒപ്പുവച്ചു.

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍മാര്‍ കാലതാമസം ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, തമിഴ്‌നാട്, പഞ്ചാബ്, കേരളം, തെലങ്കാന എന്നീ സര്‍ക്കാരുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ പഞ്ചാബ്, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണര്‍മാര്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

പാര്‍ലമെന്ററി സംവിധാനത്തില്‍ യഥാര്‍ഥ അധികാരം ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാത്ത തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകളില്‍ തീരുമാനം എടുക്കാത്ത ഗവര്‍ണര്‍മാരുടെ നടപടി ആശങ്കാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഒരു ബിൽ പെട്ടെന്ന് രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിടാൻ ഗവർണർക്ക് കഴിയില്ലെന്ന് വാദിച്ച കെ കെ വേണുഗോപാൽ, ഗവർണർ ആ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീംകോടതിയോട് അഭ്യർഥിച്ചു. ഏഴ് ബില്ലുകളിൽ മൂന്നെണ്ണം നേരത്തെ ഓർഡിനൻസായി പുറപ്പെടുവിച്ചതാണെന്നും അതിന് ഗവർണർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ അവ എങ്ങനെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനാകുമെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ