ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ ജാതകം നോക്കി ചൊവ്വാദോഷമുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജാമ്യാപേക്ഷയിൽ ജ്യോതിഷത്തിന്റെ വശം പരിഗണിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഉത്തരവ്.
ബലാത്സംഗക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു പെൺകുട്ടിയുടെ ജാതകം നോക്കി ചൊവ്വാദോഷമുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗത്തിനായിരുന്നു നിർദേശം നൽകിയത്.
ഇരയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പ്രതി കോടതിയെ അറിയിച്ചു. പെൺകുട്ടിക്ക് ചൊവ്വാദോഷമുണ്ടെന്നും ലൈംഗിക ബന്ധമുണ്ടായ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പെൺകുട്ടിക്ക് ചൊവ്വാദോഷമില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെയാണ് പരിശോധന നടത്താൻ ജസ്റ്റിസ് ബ്രിജ് രാജ് സിംഗിന്റെ ബെഞ്ച് നിർദേശിച്ചത്.
10 ദിവസത്തിനകം ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിഷ വിഭാഗം മേധാവിക്ക് ജാതകങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് മേധാവിക്ക് മൂന്നാഴ്ചത്തെ സമയവും നൽകി.
10 ദിവസത്തിനകം ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിഷ വിഭാഗം മേധാവിക്ക് ജാതകങ്ങൾ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു. മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് മേധാവിക്ക് മൂന്നാഴ്ചത്തെ സമയവും നൽകി.
ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ സുപ്രീംകോടതിയിലെ അവധിക്കാല ബെഞ്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് സ്വമേധയാ പരിഗണിച്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവ് കണ്ടോയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി ചോദിച്ചു. ഉത്തരവ് അസ്വസ്ഥമാക്കുന്നതാണെന്നും സ്റ്റേ ചെയ്യേണ്ടതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ കക്ഷികളുടെ സമ്മതത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും വിദഗ്ധ തെളിവുകൾ തേടാൻ കോടതിക്ക് അധികാരമുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ജ്യോതിഷം സർവകലാശാലയിൽ പഠിപ്പിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യാപേക്ഷയിൽ ജ്യോതിഷത്തിന്റെ വശം പരിഗണിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ശാസ്ത്രമെന്ന നിലയിൽ ജ്യോതിഷത്തിന്റെ ഗുണങ്ങളിലേക്ക് പ്രവേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ലായിരുന്നു എന്നും പറഞ്ഞു.
"ഇത് സന്ദർഭവുമായി യോജിക്കുന്ന ഒന്നല്ല. സ്വകാര്യതയ്ക്കുള്ള അവകാശം അവിടെ ലംഘിക്കപ്പെടുന്നു. ജ്യോതിഷത്തിന് ഇതുമായി എന്ത് ബന്ധമുണ്ട് എന്നതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പരിശോധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് ഞങ്ങളുടെ ആശങ്ക," കോടതി വ്യക്തമാക്കി.
പ്രതിയുടെ ജാമ്യാപേക്ഷ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.