INDIA

പട്ടികജാതി ഉപവിഭാഗങ്ങൾക്ക് സംവരണം; എൻഡിഎ ഘടകകക്ഷികളിൽ ഭിന്നത, ബിജെപി അങ്കലാപ്പിൽ

വെബ് ഡെസ്ക്

പട്ടികജാതി ഉപവിഭാഗങ്ങൾക്ക് സംവരണമാകാമെന്ന സുപ്രീം കോടതി വിധിയിൽ എൻഡിഎ ഘടകകക്ഷികൾക്ക് ഭിന്നാഭിപ്രായം. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ വിധിയെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തെത്തുകയും വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുമെന്നും പ്രഖ്യാപിച്ചപ്പോൾ വിധിയെ പൂർണമായും സ്വാഗതം ചെയ്തുകൊണ്ടാണ് തെലുഗ് ദേശം പാർട്ടി (ടിഡിപി) രംഗത്തെത്തിയത്. പ്രധാന ഘടകകക്ഷികളായ ഈ രണ്ട് പാർട്ടികളും വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തുന്നത് ബിജെപിയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

നേരത്തെ തന്നെ, 1997ൽ ആന്ധ്രാപ്രദേശിൽ പട്ടികജാതി ഉപവിഭാഗങ്ങൾക്ക് പ്രത്യേക സംവരണം അനുവദിച്ച പാർട്ടിയാണ് ടിഡിപി എന്നതുകൊണ്ട് തന്നെ ഈ വിഷയത്തിൽ മറിച്ചൊരഭിപ്രായത്തിലേക്ക് അവർ പോകില്ല എന്ന കാര്യം ഉറപ്പായിരുന്നു. ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു 'പൂർണമനസോടെ വിധി അംഗീകരിക്കുന്നു' എന്നാണ് പറഞ്ഞത്.

വ്യാഴാഴ്ചയാണ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ കൂടുതൽ പിന്നാക്കാവസ്ഥ നേരിടുന്ന ഉപവിഭാഗങ്ങൾക്ക് സംവരണമാകാം എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. പഠനത്തിലും സർക്കാർ ജോലിയിലും ഈ വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രത്യേക പരിഗണന നൽകാമെന്നും വിധി പറയുന്നു.

ബിജെപി എന്ത് നിലപാടെടുക്കും?

വിധിയിൽ ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിജെപിയെ സംബന്ധിച്ച് ഈ വിഷയത്തിൽ ഒരു നിലപാടെടുക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. പട്ടികജാതി പട്ടികവർഗങ്ങളിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകണമെങ്കിൽ സർക്കാർ നിർബന്ധമായും ജാതി സെൻസസ് നടത്തേണ്ടിവരും. അതാണെങ്കിൽ പ്രതിപക്ഷത്തിന്റെ ആവശ്യവുമാണ്. കേന്ദ്രം തുടർച്ചയായി അതിനെ എതിർത്തതുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ പൂർണമായും വിധിയെ തള്ളിക്കളയാനും അംഗീകരിക്കാനും ബിജെപിക്ക് സാധിക്കില്ല. വിധിയെ എതിർത്താൽ തെക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ വിധിയെ അനുകൂലിക്കുന്നത് ഹിന്ദുത്വ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കുമെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. പ്രത്യേകിച്ച് ബിജെപി ഭരണത്തിൽ വന്നാൽ സംവരണം അവസാനിപ്പിക്കും എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾ കാര്യമായി തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നു എന്നിരിക്കെ.

കോൺഗ്രസും നിലവിൽ വിധിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയും വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിധിയെ വിമർശിച്ച് രംഗത്തെത്തിയ ബഹുജൻ സമാജ് പാർട്ടി (BSP) നേതാവ് മായാവതി, ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കാതിരുന്നതിന് കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

ദളിതരിൽ ക്രീമി ലെയർ ആവശ്യമില്ല: ചിരാഗ് പസ്വാൻ

ദളിതരിൽ ക്രീമി ലെയർ കൊണ്ടുവരുന്നത് ശരിയല്ലെന്നാണ് എൽജെപി നേതാവ് ചിരാഗ്‌ പാസ്വാന്റെ നിലപാട്. ക്രീമി ലെയർ നിർണയിക്കുന്നത് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരമാണ്, എന്നാൽ സാമൂഹികമായി പിന്നോക്കാവസ്ഥ നേരിടുന്ന ദളിതരിൽ സംവരണത്തിന് അത്തരത്തിൽ ഒരു മാനദണ്ഡം കൊണ്ടുവരുന്നത് ശരിയല്ല എന്നാണ് ചിരാഗ് പാസ്വാന്റെ അഭിപ്രായം. സമ്പത്തുണ്ടായതുകൊണ്ടോ വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടോ അവരുടെ സാമൂഹികമായ പിന്നോക്കാവസ്ഥ ഇല്ലാതാകുന്നില്ല എന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർക്കുന്നു. തന്റെ പാർട്ടി റിവ്യൂ പെറ്റീഷനുമായി കോടതിയെ സമീപിക്കുമെന്നും ചിരാഗ് പസ്വാൻ പറയുന്നു.

ടിഡിപി നൽകിയ ഉറപ്പ്

ടിഡിപിയെ പിന്തുണയ്ക്കുന്ന മടിക എന്ന പട്ടികജാതി വിഭാഗത്തിന് സംവരണം ലഭിക്കുന്നതിന് കൂടിവേണ്ടിയായിരുന്നു 1997ൽ ചന്ദ്രബാബു നായിഡു ഉപവിഭാഗങ്ങൾക്ക് സംവരണം നൽകിയത്. മാത്രവുമല്ല ടിഡിപി ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി മുന്നോട്ടു വച്ച ഒരു ഉറപ്പുകൂടിയായിരുന്നു ഉപവിഭാഗങ്ങൾക്കുള്ള സംവരണം.

തെലങ്കാനയിൽ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിതന്നെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകുമെന്ന വാഗ്ദാനം നൽകിയിരുന്നു. തെലങ്കാനയിലെ 17സീറ്റിൽ എട്ടെണ്ണം ബിജെപി വിജയിക്കുകയും ചെയ്തു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മടിക ഉപവിഭാഗത്തിനുള്ള സംവരണത്തെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്