സിഖ്, ബുദ്ധ മതങ്ങളൊഴികെ മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ അധ്യക്ഷനായാണ് കമ്മീഷന്‍. യുജിസി അംഗം പ്രൊഫ. സുഷമ യാദവ്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ രവീന്ദർ കുമാർ ജെയിൻ എന്നിവർ അംഗങ്ങളാണ്. രണ്ട് വർഷത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിലെ അംഗങ്ങളെ മാത്രം പട്ടികജാതിയായി അംഗീകരിക്കുന്ന 1950 ലെ ഉത്തരവ് ചോദ്യം ചെയ്ത് വന്ന ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു
രാഷ്ട്രപതിയുടെ ഉത്തരവുകൾ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധമതത്തിലുള്ളവർക്ക് മാത്രമെ പട്ടികജാതി പദവി ലഭിക്കുകയുള്ളു. പട്ടികജാതി വിഭാഗത്തിന്റെ നിലവിലെ നിർവചനങ്ങൾ പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയരുകയും മറ്റ് മതങ്ങളിൽപ്പെട്ടവരെ ഇതിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്ത് ചില വിഭാഗങ്ങള്‍ രംഗത്ത് വരികയും ചെയ്തതോടെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് 1950 ലെ ഉത്തരവില്‍, സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിലെ അംഗങ്ങളെ മാത്രം പട്ടികജാതിയായി അംഗീകരിക്കുന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ കോടതി മുമ്പാകെ സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍. ഇതിനെത്തുടർന്നാണ് മൂന്നംഗ കമ്മീഷനെ സർക്കാർ നിയമിച്ചത്. മതം മാറിയ ദളിതർക്ക് ഈ പദവി നൽകുന്നത്, രാജ്യത്ത് നിലവിലുള്ള പട്ടികജാതി വിഭാഗങ്ങളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന് പരിശോധിക്കാനും കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, പട്ടികജാതിയിൽ പെട്ടവരുടെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ജാതിവിവേചനം എന്നിവയുടെ അടിസ്ഥാനത്തിൽ സാമൂഹിക സ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ കമ്മീഷൻ പരിശോധിക്കുമെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. ഇത്തരം സൂചികകൾ പട്ടികജാതി പദവി നൽകുന്നതിനെ സ്വാധീനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
മതപരിവർത്തനത്തിന് ശേഷവും പട്ടിക വിഭാഗത്തിൽപ്പെട്ടവർ മുന്‍പത്തേതിന് സമാനമായ സാമൂഹിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി ഹര്‍ജിക്കാര്‍
രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിൽ ജാതി അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് രേഖപ്പെടുത്തുന്ന നിരവധി സ്വതന്ത്ര കമ്മീഷൻ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്ന് കോടതിക്ക് മുന്പാകെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജിയില്‍ പറയുന്നു. മതപരിവർത്തനത്തിന് ശേഷവും പട്ടിക വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
മുൻപും മത പരിവർത്തനം നടത്തിയ ദളിത് വിഭാഗക്കാർ പട്ടികജാതി പദവിക്കായി കോടതിയെ സമീപിച്ചിട്ടുണ്ട്. 1996 മാർച്ചിൽ ദളിത് ക്രിസ്ത്യാനികളെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്താൻ പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ, അന്നത്തെ ക്ഷേമ മന്ത്രാലയത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഭരണഘടന (പട്ടികജാതി വിഭാഗം) ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ കൊണ്ടുവന്നെങ്കിലും പാസാക്കാൻ കഴിഞ്ഞിരുന്നില്ല.