ഹിമാലയന്‍ മേഖലയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ജീവനും സ്വത്തിനും വലിയ നാശ നഷ്ടങ്ങള്‍ ഒഴിവാക്കാനായി മുന്‍കരുതലുകള്‍ ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബുധനാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ നേപ്പാളിലെ പര്‍വതമേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ച സാഹചര്യത്തിലാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം രൂപം കൊണ്ടതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ സീനിയര്‍ ജിയോഫിസിസ്റ്റ് അജയ് പോള്‍ പറഞ്ഞു. ഇന്ത്യന്‍ ഫലകത്തില്‍ യുറേഷ്യന്‍ ഫലകം ഉണ്ടാക്കുന്ന നിരന്തരമായ സമ്മര്‍ദ്ദം കാരണം, അതിനടിയില്‍ അടിഞ്ഞുകൂടുന്ന ഊര്‍ജം ഭൂകമ്പത്തിന്റെ രൂപത്തില്‍ ഇടയ്ക്കിടെ പുറത്തു വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിമാലയത്തിനടിയില്‍ ഊര്‍ജം അടിഞ്ഞുകൂടുന്നത് മൂലം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് തീർത്തും സ്വാഭാവികമായ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ എപ്പോള്‍ വേണമെങ്കിലും ഹിമാലയന്‍ മേഖലയില്‍ ശക്തമായ ഒരു ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നും പോള്‍ കൂട്ടിച്ചേർത്തു. ഭാവിയില്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴോ അതിലധികമോ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളാകാം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
'അത് എപ്പോള്‍ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. അടുത്ത നിമിഷമോ അടുത്ത മാസമോ 100 വര്‍ഷത്തിന് ശേഷമോ ഇത് സംഭവിക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.1897ല്‍ ഷില്ലോങ്ങിലും 1905-ല്‍ കാന്‍ഗ്രയിലും 1934-ല്‍ ബീഹാര്‍- നേപ്പാളിലും 1950-ല്‍ അസമിലും ഉണ്ടായ ഭൂചലനങ്ങള്‍ ഉള്‍പ്പെടെ, കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ഹിമാലയന്‍ മേഖലയില്‍ നാല് വലിയ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വിവരങ്ങള്‍ ലഭ്യമായിട്ടും ഭൂകമ്പത്തിന്റെ ആവൃത്തിയെക്കുറിച്ച് ഒന്നും പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രവചനാതീതമായതിനാല്‍ ഭൂകമ്പങ്ങളെ ഭയക്കുന്നതിനുപകരം, മുന്‍കരുതലെടുക്കാനും, അവ ജീവനും സ്വത്തിനും ഉണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനും സ്വയം സജ്ജരായിരിക്കേണ്ടത് പ്രധാനമാണെന്ന് പോള്‍ വ്യക്തമാക്കി.നിര്‍മ്മാണങ്ങള്‍ ഭൂകമ്പത്തെ പ്രതിരോധിക്കുന്നതായിരിക്കണം. ഭൂകമ്പങ്ങള്‍ക്ക് മുമ്പും, അവ സംഭവിക്കുന്ന സമയത്തും, അവ സംഭവിച്ചതിന് ശേഷവും എന്തുചെയ്യാനാകുമെന്ന് ആളുകളെ ബോധവാന്മാരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മോക്ക് ഡ്രില്ലുകള്‍ നടത്തണം. ഇവ ചെയ്താല്‍ ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങള്‍ 99.99 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ ഇതിന് മികച്ച ഉദാഹരണമാണ്. കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതുകാരണം നിരന്തരം ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടും രാജ്യത്ത് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഗ്രാമങ്ങളിലേക്കും സ്‌കൂളുകളിലേക്കും ടീമുകളെ അയച്ച് ഭൂകമ്പത്തിന്റെ ആഘാതം കുറയ്ക്കാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.