ഹിന്‍ഡന്‍ബെര്‍ഗ് കേസില്‍ അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീം കോടതിയെ സമീപിച്ചു . അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും എന്നാല്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം കൂടി ആവശ്യമുണ്ടെന്നുമാണ് സെബി കോടതിയെ അറിയിച്ചത്.
ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തരത്തില്‍ ഓഹരി വിപണിയില്‍ ക്രമക്കേട് നടത്തുന്ന ഇടപെടല്‍ അദാനി ഗ്രൂപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായോ എന്ന് അന്വേഷിക്കാനാണ് സെബിയെ മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസക്കാലാധിയാണ് നല്‍കിയത്.
ഇതനുസരിച്ച് മേയ് രണ്ടിനായിരുന്നു കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ പട്ടികപ്പെടുത്തിയതും അല്ലാത്തതും ഓഫ്‌ഷോര്‍ സ്ഥാപനങ്ങളുമൊക്കെ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ ഇടപാടുകളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാല്‍ അന്വേഷണ കാലാവധി ആറു മാസം കൂടി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സെബി പിന്നീട് കോടതിയെ സമീപിച്ചു.
പക്ഷേ, കോടതി ഈ ആവശ്യം പൂര്‍ണമായും അംഗീകരിക്കാന്‍ തയാറായില്ല. കേസ് അന്വേഷണത്തിന് ആറുമാസം കൂടി സമയം അനുവദിക്കാനാകിലെന്നു വ്യക്തമാക്കിയ കോടതി 90 ദിവസം കൂടി സമയം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചത്. ഈ സമയപരിധി ഇന്ന് തീരുന്ന പശ്ചാത്തലത്തിലാണ് കാലാവധി നീട്ടിച്ചോദിച്ച് സെബി വീണ്ടും കോടതിയെ സമീപിച്ചത്.
സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന 24 വിഷയങ്ങളിലാണ് സെബി അന്വേഷണം നടത്തിയത്. ഇതിൽ 17 വിഷയങ്ങൾ പൂർണമായും അന്വേഷിച്ചു തെളിവുകളുടെ അടിസ്ഥാനത്തിൽ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും ശേഷിച്ച വിഷയങ്ങളില്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ 14 ദിവസം കൂടി സമയം അനുവദിക്കണമെന്നാണ് ഇന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സെബി ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ച കോടതി 15 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. അഭിഭാഷകനായ വിശാൽ തീവാരി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതു താത്പര്യ ഹർജികൾ ഉൾപ്പെടെ കേസ് ഓഗസ്റ്റ് 29ന് വീണ്ടും പരിഗണിക്കും.