INDIA

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപിനെതിരായ അന്വേഷണത്തിന് അധികസമയം ആവശ്യപ്പെട്ട് സെബി

വെബ് ഡെസ്ക്

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അന്വേഷണത്തിന് ആറ് മാസത്തെ സമയം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. മെയ് 2 ന് അന്വേഷണം അവസാനിക്കാൻ ഇരിക്കെയാണ് സെബിയുടെ നീക്കം. വിശദമായ സ്റ്റാറ്റസ് റിപ്പോർട്ടും പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തലുകളും വിദഗ്ധ സമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സെബി കോടതിയെ അറിയിച്ചു.

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ 'റിലേറ്റഡ് പാർട്ടി' ഇടപാട് നിയമം ലംഘിക്കുന്നുണ്ടോ എന്നതാണ് സെബി പ്രധാനമായും അന്വേഷിക്കുന്നത്.

പട്ടികപ്പെടുത്തിയതും, അല്ലാത്തതും, ഓഫ്‌ഷോർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന സങ്കീർണ്ണമായ ഇടപാടുകളെ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി കൂടുതൽ സമയം ചോദിച്ചത്. "ശരിയായ അന്വേഷണം നടത്തി കൃത്യമായ കണ്ടെത്തലുകളിൽ എത്തിച്ചേരാൻ" കൂടുതൽ സമയം ആവശ്യമാണെന്ന് അപേക്ഷയിൽ പറയുന്നു. നിരവധി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. റോയിട്ടേഴ്‌സ് പുറത്തുവിട്ട വാർത്തയോട് പ്രതികരിക്കാൻ സെബിയോ അദാനി ഗ്രൂപ്പോ തയ്യാറായിട്ടില്ല.

നേരത്തെ രണ്ട് മാസത്തെ സമയമാണ് സുപ്രീംകോടതി സെബിക്ക് നൽകിയത്. എ എം സാപ്രയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിക്കും രണ്ട് മാസത്തെ സമയമാണ് നൽകിയിരുന്നത്. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

"ഇടപാട് ചട്ടങ്ങളുടെ ലംഘനം, പൊതു ഓഹരി ഉടമ്പടി മാനദണ്ഡങ്ങൾ, ഓഹരി വില കൃത്രിമം എന്നിവ അന്വേഷിക്കുകയാണ്. കാര്യത്തിന്റെ സങ്കീർണ്ണത കണക്കിലെടുത്ത് ഇടപാടുകളുടെ അന്വേഷണം പൂർത്തിയാക്കാൻ സാധാരണഗതിയിൽ കുറഞ്ഞത് 15 മാസമെടുക്കും. എന്നാൽ ആറ് മാസത്തിനുള്ളിൽ ഇത് അവസാനിപ്പിക്കാനുള്ള എല്ലാ ന്യായമായ ശ്രമങ്ങളും നടത്തുകയാണ്" സെബി കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ശതാബ്ദങ്ങളായി അദാനി ഗ്രൂപ്പ് സ്റ്റോക്കിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിലാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?