INDIA

'ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?' മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമെന്ന് സുപ്രീം കോടതി

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം

വെബ് ഡെസ്ക്

മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്ന് സുപ്രീം കോടതി. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമർശം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

"മതനിരപേക്ഷത എല്ലായ്പ്പോഴും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് ഈ കോടതിയുടെ നിരവധി വിധിന്യായങ്ങളുണ്ട്. ഭരണഘടനയിൽ ഉപയോഗിച്ചിരിക്കുന്ന സമത്വത്തിനും സാഹോദര്യത്തിനുമുള്ള അവകാശം, മൂന്നാം ഭാഗത്തിനു കീഴിലുള്ള അവകാശങ്ങൾ എന്നിവ ഒരാൾ പരിശോധിക്കുകയാണെങ്കിൽ, മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയാണെന്ന് വ്യക്തമായ സൂചന അതിലുണ്ട്," ജസ്റ്റിസ് ഖന്ന വാക്കാൽ പറഞ്ഞു.

ഫ്രഞ്ച് മതേതരത്വത്തിൻ്റെ മാതൃകയിൽനിന്ന് വ്യത്യസ്തമായി, മതേതരത്വത്തിൻ്റെ പുതിയ മാതൃകയാണ് ഞങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആമുഖത്തിന്റെ ഭേദഗതിയെ ചോദ്യം ചെയ്ത് ബൽറാം സിംഗ്, ഡോ. സുബ്രഹ്മണ്യൻ സ്വാമി, അശ്വിനി കുമാർ ഉപാധ്യായ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.

ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേയെന്ന് ജസ്റ്റിസ് ഖന്ന വാദത്തിനിടെ ഹർജിക്കാരോട് ചോദിച്ചു. ഇന്ത്യ മതേതരമല്ലെന്ന് തങ്ങൾ പറയുന്നില്ലെന്നും എന്നാൽ ഭേദഗതിയെ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്ന് ഹർജിക്കാരനായ ബൽറാം സിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ മറുപടി നൽകി. സോഷ്യലിസം എന്ന വാക്ക് ഉൾപ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ തടയുമെന്ന് ഡോ.അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നുവെന്നും ജെയിൻ കൂട്ടിച്ചേർത്തു.

അവസര സമത്വവും രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വീതിക്കുന്നതും സോഷ്യലിസം എന്ന വാക്കിന് അർത്ഥമാക്കാമെന്നും പാശ്ചാത്യ അർഥം എടുക്കരുതെന്നും അതിന് മറുപടിയായി ജസ്റ്റിസ് ഖന്ന പറഞ്ഞു.

1949 നവംബർ 26-ന് നടത്തിയ പ്രഖ്യാപനമായിരുന്നു ഭരണഘടനയുടെ ആമുഖമെന്നും തുടർന്നുള്ള ഒരു ഭേദഗതിയിലൂടെ അതിൽ കൂടുതൽ വാക്കുകൾ ചേർക്കുന്നത് ഏകപക്ഷീയമാണെന്നും ഡോ.സ്വാമി ചൂണ്ടിക്കാട്ടി. നിലവിലെ ആമുഖം അനുസരിച്ച്, 1949 നവംബർ 26 ന് ഇന്ത്യയെ സോഷ്യലിസ്റ്റ് മതേതര റിപ്പബ്ലിക്കാക്കി മാറ്റാൻ ഇന്ത്യൻ ജനത സമ്മതിച്ചതായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മറുപടിയായി ഭേദഗതിയിൽ ചേർത്ത വാക്കുകൾ ബ്രാക്കറ്റുകളാൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. അതിനാൽ 1976-ലെ ഭേദഗതിയിലൂടെയാണ് അവ ചേർത്തതെന്ന് എല്ലാവർക്കും മനസിലാകും. രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും തുടങ്ങിയ വാക്കുകളും ഭേദഗതിയിലൂടെ ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്തരമൊരു ഭേദഗതി അംഗീകരിക്കുകയാണെങ്കിൽ, ഭാവിയിൽ ജനാധിപത്യം പോലുള്ള വാക്കുകൾ നീക്കം ചെയ്യാൻ ആമുഖം ഭേദഗതി ചെയ്യാമെന്ന് ഉപധ്യായ വാദിച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം