INDIA

'കാല്‍നട യാത്ര ഒഴിവാക്കണം'; ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുലിന് സുരക്ഷാ മുന്നറിയിപ്പ്

യാത്ര ശ്രീനഗറിലേക്ക് എത്തുമ്പോള്‍, രാഹുലിനൊപ്പം വളരെ കുറച്ച് ആളുകള്‍ മാത്രമേ പാടുള്ളൂവെന്നാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം

വെബ് ഡെസ്ക്

ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. കശ്‍മീരിലെ ചില പ്രദേശങ്ങളിൽ കാൽനട യാത്ര ഒഴിവാക്കണമെന്നും പകരം കാര്‍ ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം. യാത്ര കടന്നുപോകുന്ന വഴികളില്‍ സുരക്ഷാ പരിശോധന തുടരുകയാണ്. രാഹുലിന്റെയും യാത്രയുടെയും സുരക്ഷയ്ക്കായി വിശദമായ പദ്ധതികൾ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കുക. 19ന് ലഖാൻപൂരിൽ പ്രവേശിക്കുന്ന യാത്ര, ഒരു ദിവസം അവിടെ തങ്ങിയ ശേഷം, അടുത്ത ദിവസം രാവിലെ കത്വയിലെ ഹത്ലി മോറിലേക്ക് പുറപ്പെടും. 21ന് രാവിലെ ഹിരാനഗറിൽ നിന്ന് ദുഗ്ഗർ ഹവേലിയിലേക്കും 22ന് വിജയ്പൂരിൽ നിന്ന് സത്വാരിയിലേക്കുമാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. 25ന് ബനിഹലിൽ എത്തും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഹുൽ അവിടെ ദേശീയ പതാകയുയർത്തും. 27ന് അനന്ത്നാഗ് വഴി യാത്ര ശ്രീനഗറിൽ പ്രവേശിക്കും. 30ന് വലിയ റാലിയോടെ ഭാരത് ജോഡോ യാത്രയ്ക്ക് സമാപനമാകും. എന്നാല്‍, യാത്ര ശ്രീനഗറിലേക്ക് എത്തുമ്പോള്‍, രാഹുലിനൊപ്പം വളരെ കുറച്ച് ആളുകള്‍ മാത്രമേ പാടുള്ളൂവെന്നാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് നിര്‍ദേശമെന്നാണ് വിലയിരുത്തല്‍.

നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് രാഹുലിന് ഉറപ്പാക്കിയിരിക്കുന്നത്. കൂടാതെ ഒൻപതോളം സുരക്ഷാ ഉദ്യോഗസ്ഥർ കാവലിനായുണ്ട്. ചില പ്രദേശങ്ങളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ ടീമിലുള്ളവരെ തിരിച്ചറിയാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുള്ളതായും ഉദ്യോഗസ്ഥർ അറിയിച്ചു.

യാത്ര കടന്നുപോകുന്ന വഴിയിലുടനീളം നിരവധി സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് കോൺഗ്രസ് കഴിഞ്ഞ മാസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, 2020 മുതൽ രാഹുൽ ഗാന്ധി നൂറിലധികം തവണ സുരക്ഷാ പരിരക്ഷ ലംഘിച്ചിട്ടുണ്ടെന്നായിരുന്നു കോൺഗ്രസിന് നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കിയത്.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര, ജനുവരി 30ന് ശ്രീനഗറിലാണ് സമാപിക്കുക. 3,750 കിലോമീറ്റർ സഞ്ചരിച്ച് 12 സംസ്ഥാനങ്ങളും പിന്നിട്ടാണ് യാത്ര ശ്രീനഗറില്‍ അവസാനിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ