INDIA

മണിപ്പൂരിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ബഫർസോണുകൾ തിരിച്ച് സുരക്ഷാസേന; ഇംഫാൽ താഴ്‌വരയില്‍ കൂടുതൽ ശ്രദ്ധ

സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ മേയ്തി, കുക്കി വിഭാഗങ്ങൾ വ്യത്യസ്ത മേഖലകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കും

വെബ് ഡെസ്ക്

മണിപ്പൂരിൽ അന്തരീക്ഷം കലാപകലുഷിതമായ സാഹചര്യത്തിൽ ഇംഫാൽ താഴ്‌വരയെ ബഫര്‍ സോണുകളാക്കി തിരിച്ച് നിരീക്ഷണം ശക്തമാക്കി സുരക്ഷാസേന. സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ ഏറ്റവും കൂടുതൽ ആക്രമണങ്ങളും കൊലപാതകങ്ങളും കൊള്ളയടികളുമുണ്ടായ മേഖലയായതിനാലാണ് ഇംഫാൽ താഴ്വരയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ മേയ്തി, കുക്കി വിഭാഗങ്ങൾ വ്യത്യസ്ത മേഖലകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനാണ് സൈന്യത്തിന്റെ ഇടപെടൽ.

മേയ് മാസത്തെ ആദ്യ കലാപത്തിന് ശേഷം ജൂണിൽ രണ്ടാമതും സംഘര്‍ഷങ്ങൾക്ക് തുടക്കം കുറിച്ചത് ഇംഫാൽ താഴ്‌വരയിലാണ്. ഇരുവിഭാഗങ്ങളും പരസ്പരം വീടുകൾക്ക് തീവച്ചതും വെടിവയ്പ്പുകളും സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായതുമെല്ലാം ഈ മേഖലയിലാണ്. സുരക്ഷാസേനയുടെ ശ്രദ്ധയെത്താത്ത മേഖലകളിൽ ഡ്രോണുകൾ വഴി നിരീക്ഷിച്ചിട്ടുപോലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്തതും ബഫര്‍സോൺ തിരിച്ചുള്ള നിരീക്ഷണത്തിന് കാരണമായി.

ആക്രമണ സാധ്യത, മേയ്തി - കുക്കി വിഭാഗങ്ങളുടെ സാന്നിധ്യം, ഭൂപ്രകൃതി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ബഫർസോണുകൾ തിരിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതകൾ കണക്കാക്കി സൈന്യം, അസം റൈഫിൾസ്, ബിഎസ്എഫ് എന്നിവരെ പലമേഖലകളിലായി വിന്യസിച്ചിരിക്കുകയാണ്. പോസ്റ്റുകൾ സ്ഥാപിച്ചാണ് ബഫർസോൺ അതിർത്തികൾ സുരക്ഷാസേന നിശ്ചയിച്ചിരിക്കുന്നത്. മീറ്ററുകൾ മാത്രമുള്ളതും കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതുമായ ബഫർസോൺ അതിർത്തികൾ ഇംഫാൽ താഴ്‌വരയിലെ വിവിധ ജില്ലകളിൽ നിശ്ചയിച്ചിട്ടുണ്ട്.

ജൂൺ 13ന് കാങ്പോകിയിൽ മേയ്തികൾ കുക്കി വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ കുക്കികൾ തിരിച്ച് വെടിവച്ചതോടെ ഒൻപതുപേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവം കൂടി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. ആരെയും നിരായുധരാക്കാൻ സൈന്യത്തിന് ഇതുവരെ നിർദേശം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അക്രമസാഹചര്യമുണ്ടായാൽ മാത്രം തത്കാലം ഇടപെടാമെന്ന തീരുമാനത്തിലാണ് സേന. കഴിഞ്ഞദിവസം സൈനികന് നേരെകൂടി ആക്രമണമുണ്ടായ സാഹചര്യത്തിൽ ശ്രദ്ധയോടെയാണ് സേനയുടെ ഇടപെടൽ.

ഇംഫാല്‍ വെസ്റ്റില്‍ വെടിവെയ്പ്പില്‍ ഒരു സൈനികന് പരുക്കേറ്റതിനെ തുടര്‍ന്ന് അക്രമണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ ഇംഫാലിലെ കാന്റോ സബലില്‍ നിന്ന് ചിംഗമാങ് ഗ്രാമത്തിലേക്ക് ആയുധധാരികളായ അക്രമികള്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തപ്പോഴാണ് സൈനികന് പരുക്കേറ്റത്. 

മെയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ പ്രധാനമായും സംസ്ഥാനത്തെ മേയ്തി, കുക്കി- സോമി വിഭാഗങ്ങള്‍ക്കിടയിലായിരുന്നുവെങ്കിൽ ഞായറാഴ്ച നാഗാ കുടുംബങ്ങൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ