ന്യൂഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഭാര്യ സീമ സിസോദിയ വീണ്ടും ആശുപത്രിയിൽ. കേന്ദ്ര നാഡീ വ്യൂഹത്തെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്ക്ളീറോസിസ് എന്ന അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി സീമ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് വീണ്ടും ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സീമയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍.
സീമ മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിതയാണെന്ന് 2000ലാണ് കണ്ടെത്തുന്നത്. തുടർന്ന് കഴിഞ്ഞ 23 വർഷങ്ങളായി അവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അടുത്തിടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് സീമയെ മൂന്ന് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ അവസാനത്തോടെയാണ് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ സീമയെ പ്രവേശിപ്പിക്കുന്നത്.
മൾട്ടിപ്പിൾ സ്ക്ളീറോസിസ് ബാധിച്ചവരിൽ കാലക്രമേണ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ വർധിക്കുകയും പല തരത്തിലുള്ള വൈകല്യങ്ങൾക്ക് കാരണമാകുകയും ചെയ്യാറുണ്ട്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയയ്ക്ക് ഭാര്യയുടെ അനാരോഗ്യ നില കണക്കിലെടുത്ത് ഉപാധികളോടെ സന്ദർശിക്കാനുള്ള അനുമതി ജൂണിൽ ഡൽഹി ഹൈക്കോടതി നൽകിയിരുന്നു.
ഫെബ്രുവരി 26നാണ് മദ്യനയ കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് ഒൻപതിന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി. ഏപ്രിൽ 28ന് ഇഡിയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു