ജർമനിയിൽ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരികെ കിട്ടാൻ പാർട്ടിഭേദമന്യേ ഒറ്റക്കെട്ടായി ഇന്ത്യ. ഭരണകക്ഷിയായ ബിജെപി, പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് അടക്കം 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 59 എംപിമാർ സംയുക്തമായി ഇന്ത്യയിലെ ജർമ്മനി അംബാസഡർ ഫിലിപ്പ് അക്കെർമന് കത്തയച്ചു. 20 മാസത്തിലേറെയായി ബെർലിനിൽ ഫോസ്റ്റർ കെയറിൽ കഴിയുന്ന അരിഹ ഷാ എന്ന പെൺകുഞ്ഞിനെ എത്രയും വേഗം ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
അരിഹയെ ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന അടിയന്തര അഭ്യർത്ഥനയോടെയാണ് പാര്ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ കത്തെഴുതിയിരിക്കുന്നത്. അരിഹയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ പറയുന്നു. സ്വന്തം രാജ്യം, ആളുകൾ, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയാണ് അവൾ വളരേണ്ടത്.കുഞ്ഞിനെ വിട്ടുനൽകാൻ ഇനിയും കാലതാമസമെടുക്കുന്നത് വലിയരീതിയിൽ ദോഷം ചെയ്യുമെന്നും എം പിമാർ ചൂണ്ടിക്കാട്ടി.
രണ്ട് വയസ്സുകാരി അരിഹ ഷാ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ ഹോമിലാണ് കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരുക്കിനെ ചൊല്ലിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽനിന്ന് പിരിച്ചത്.
കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ ജര്‍മന്‍ അധികാരികള്‍ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സർക്കാർ തയ്യാറായില്ല. ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തുകയും ചെ്തു. എന്നാൽ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടു പോവുകയാണെന്നും എംപിമാർ ചൂണ്ടിക്കാട്ടി.
''നിങ്ങളുടെ രാജ്യത്തെ നിയമനടപടികളെ ഞങ്ങൾ മാനിക്കുന്നു. അതേസമയം ഈ കുടുംബത്തിനെതിരെ ക്രിമിനൽ കേസുകളില്ലെന്ന് തെളിഞ്ഞിട്ടും കുഞ്ഞിനെ വിട്ടുനൽകാൻ കാലതാമസം നേടുന്നതായും എംപിമ്മാർ കത്തിൽ പറയുന്നു'. കുഞ്ഞിനെ മാതാപിതാക്കളിൽനിന്ന് അടർത്തിമാറ്റി മറ്റൊരിടത്ത് പാർപ്പിക്കുന്നത് ഭാവിയിൽ വലിയ ആഘാതമുണ്ടാക്കും. നിലവിൽ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമാണ് മാതാപിതാക്കൾക്ക് കുഞ്ഞിനെ കാണാൻ സന്ദർശനാനുമതിയുള്ളൂ. മാതാപിതാക്കളോടൊപ്പമുള്ള അരിഹയുടെ വീഡിയോകൾ ഹൃദയഭേദകമാണ്. അവ കുഞ്ഞിന് മാതാപിതാക്കളുമായുള്ള ആഴത്തിലുള്ള ബന്ധവും വേർപിരിയലിന്റെ വേദനയും വെളിപ്പെടുത്തുന്നു,'' എം പിമാർ പറഞ്ഞു.
ലോക്സഭ എംപിമാരായ അധീർ രഞ്ജൻ ചൗധരി, ശശി തരൂർ , ഹേമമാലിനി, മനേകാ ഗാന്ധി,കനിമൊഴി, സുപ്രിയ സുലെ, മഹുവ മൊയ്ത്ര , രാം ഗോപാൽ യാദവ്, മനോജ്, സഞ്ജയ് സിങ് എന്നിവർ കത്തിൽ ഒപ്പുവച്ചു. രാജ്യസഭയിൽനിന്ന് എളമരം കരീം, ജോൺ ബ്രിട്ടാസ്, ഹർസിമ്രത് കൗർ ബാദൽ, കുൻവർ ഡാനിഷ് അലി, പ്രിയങ്ക ചതുർവേദി, ബിനോയ് വിശ്വം, ഫാറൂഖ് അബ്ദുള്ള തുടങ്ങി എംപിമാരും കത്തിൽ ഒപ്പിട്ടു.