INDIA

'നിയമം ദുരുപയോഗം ചെയ്തു; എല്ലാത്തിനും മുകളില്‍ ജനങ്ങളുടെ കോടതിയുണ്ട്'; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ

സുപ്രീം കോടതിക്കും മുകളിലുള്ളതാണ് ജനങ്ങളുടെ കോടതിയെന്നും അഭിഷേക് സിങ്വി

വെബ് ഡെസ്ക്

'മോദി' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി സ്റ്റേ നിഷേധിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. രാജ്യത്തെ നിയമ വ്യവസ്ഥയെയും ജുഡീഷ്യറിയെയും സുപ്രീം കോടതിയെയും വിശ്വസിക്കുന്നു. എന്നാൽ ഇതിനും മുകളിലുള്ളതാണ് ജനങ്ങളുടെ കോടതിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. രാഹുൽ ഗാന്ധി എപ്പോഴും സത്യത്തിന് വേണ്ടിയാണ് പോരാടിയിട്ടുള്ളതെന്നും ഭാവിയിലും പോരാട്ടം തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വിറ്ററില്‍ കുറിച്ചു.

ലളിത് മോദി, നീരവ് മോദി, മെഹുൽ ഭായ്, വിജയ് മല്യ, ജതിൻ മേത്ത തുടങ്ങിയ ഒളിപ്പോരാളികൾ മോദി സർക്കാരിന്റെ മേൽനോട്ടത്തിൽ പൊതുപണം കൈക്കലാക്കി വിദേശത്തെത്തിക്കുന്നു എന്നതാണ് സത്യം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നുണക്കഥകൾ പ്രചരിപ്പിച്ചാണ് പാർലമെന്റിൽ നിന്ന് രാഹുൽ ഗാന്ധിയെ ബിജെപി പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരണത്തിലെ അഴിമതിക്കാരിൽ ചിലർ പാർട്ടി വിട്ട് പോയി. മറ്റുള്ളവരെ സ്വച്ഛ് ഭാരത് അഭിയാന്റെ മറവിൽ കഴുകി വെളുപ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മോദിയുടെ അഴിമതിയുടെ ഇരട്ട നയത്തെക്കുറിച്ച് രാജ്യം ഇപ്പോൾ ആഴത്തിൽ മനസ്സിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളോ അവരുടെ പ്രവർത്തകരോ ആരും തന്നെ ഈ രാഷ്ട്രീയ ഗൂഢാലോചനയെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മാനനഷ്ട നിയമം ദുരുപയോഗം ചെയ്തുവെന്നായിരുന്നു കോൺഗ്രസ് രാജ്യസഭാ എംപി മനു അഭിഷേക് സിങ്വിയുടെ പ്രതികരണം. എഐസിസി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ വയനാട് ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായിട്ടായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്.

ഇങ്ങനത്തെ ചോദ്യം ചോദിക്കരുതെന്നും വിധിയെക്കുറിച്ചു മാത്രം ചോദ്യം മതിയെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. പിന്നാലെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. 

പ്രശസ്ത ഹിന്ദി കവിതയിലെ ഏതാനും വരികൾ എഴുതിയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഈ ധാർഷ്ട്യത്തിന് മുന്നിൽ സത്യത്തിനും ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു. പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ഉന്നയിക്കരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്.

പണപ്പെരുപ്പത്തെക്കുറിച്ചോ യുവാക്കളുടെ തൊഴിലിനെക്കുറിച്ചോ ചോദിക്കരുത്, കർഷകരുടെ ക്ഷേമത്തിന് വേണ്ടി ശബ്ദമുയർത്തരുത്, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കരുത്, തൊഴിലാളികൾക്ക് നൽകേണ്ട ബഹുമാനത്തെക്കുറിച്ചും ചോദിക്കരുതെന്നാണ് ബിജെപി നിലപാട്. സത്യത്തെ അടിച്ചമർത്താൻ ബിജെപി തന്ത്രങ്ങൾ മെനയും. പക്ഷേ സത്യത്തിനും സത്യാഗ്രഹത്തിനും ജനശക്തിക്കും മുന്നിൽ അധികാര അഹങ്കാരമോ നുണകളോ അധികകാലം നിലനിൽക്കില്ല. പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി എന്ത് ചെയ്യാനും രാഹുൽ തയ്യാറാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

നിയമം ചിലപ്പോൾ കണ്ണടച്ചേക്കാം എന്നാൽ ഒരിക്കലും മരിക്കില്ലെന്നായിരുന്നു പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ട്വീറ്റ്. നിങ്ങൾ പ്രാവുകളെ തൂക്കിക്കൊല്ലുകയും കഴുകന്മാരെ കുറ്റവിമുക്തരാക്കുകയും ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങളുടെ നിർഭയനായ തീജ്വാലയാണ് രാഹുലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപ്പീൽ ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. രാഹുൽ ഗാന്ധി സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നുവെന്ന് പറഞ്ഞ കോടതി, 'വീര' സവർക്കറുടെ കൊച്ചുമകൻ ഉൾപ്പെടെയുള്ളവർ നൽകിയ 10 കേസുകൾ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. മാര്‍ച്ചില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. ഇതേത്തുടര്‍ന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അയോഗ്യനാക്കിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ