ചാരവൃത്തിയാരോപിച്ച് മുതിർന്ന ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. കേന്ദ്ര പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒയിലെ സിസ്റ്റം എഞ്ചിനീയർ പ്രദീപ് കുരുൽക്കറെയാണ് മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുനെയിൽ അറസ്റ്റ് ചെയ്തത്. പാകിസ്താന് രഹസ്യ വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം.
പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന് മിസൈൽ അടക്കമുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ് എടിഎസിന്റെ കണ്ടെത്തൽ. വാട്സ്ആപ്പ് വഴിയും വീഡിയോ കോൾ വഴിയും ഇയാൾ പാകിസ്താൻ ഏജന്റുമായി സമ്പർക്കത്തിലായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.
നിരവധി മിസൈലുകൾ ഉൾപ്പെടെ പ്രതിരോധ ഗവേഷണ വകുപ്പിന്റെ തന്ത്രപ്രധാനമായ പദ്ധതികളിൽ ഇയാൾ പ്രവർത്തിച്ചിട്ടുണ്ട് . ഒഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്റെ പദവി ഇയാൾ ദുരുപയോഗം ചെയ്തെന്നും ഔദ്യോഗിക രഹസ്യങ്ങൾ ശസ്ത്രു രാജ്യത്തിന് ലഭിച്ചാൽ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് അറിഞ്ഞുതന്നെയാണ് രേഖകൾ കൈമാറിയതെന്നും വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.
ശാസ്ത്രജ്ഞൻ ഹണിട്രാപ്പിൽ കുടുങ്ങിയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിആർഡിഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രാ എടിഎസ് അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച അറസ്റ്റിലായ ഗവേഷകനെ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് എടിഎസ് കസ്റ്റഡിയിൽ വിട്ടു.