INDIA

'സോണിയയോ ഖാര്‍ഗെയോ വന്നുചോദിച്ചാല്‍ ഒരു സീറ്റ് കൂടി തരാം'; പകവീട്ടുകയാണോ ദീദി?, 'ഇന്ത്യ'ക്ക് 'ബംഗാള്‍ ക്ഷാമം'

ആദ്യത്തെ പിടിവാശി അവസാനിപ്പിച്ച് മുന്നണിക്കുവേണ്ടി 'ത്യാഗം സഹിക്കാന്‍' തയ്യാറായി മുന്നോട്ടുവന്ന കോണ്‍ഗ്രസിന് പക്ഷേ, ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ച അത്ര എളുപ്പമല്ല

പൊളിറ്റിക്കൽ ഡെസ്ക്

42 ലോക്‌സഭ സീറ്റുള്ള പശ്ചിമ ബംഗാള്‍ പ്രതിപക്ഷ സഖ്യത്തിന് നിര്‍ണായക സംസ്ഥാനമാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റും ബിജെപിക്ക് 18 സീറ്റുമായിരുന്നു സംസ്ഥാനത്തെ കക്ഷിനില. ആദ്യത്തെ പിടിവാശി അവസാനിപ്പിച്ച് മുന്നണിക്കുവേണ്ടി 'ത്യാഗം സഹിക്കാന്‍' തയാറായി മുന്നോട്ടുവന്ന കോണ്‍ഗ്രസിന് പക്ഷേ, ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ച അത്ര എളുപ്പമല്ല. മലപോലെ നില്‍ക്കുകയാണ് മമത ബാനര്‍ജി. ഒറ്റ നിലപാട്, രണ്ടേരണ്ട് സീറ്റ്. അപ്പുറത്തേക്കുമില്ല, ഇപ്പുറത്തേക്കുമില്ല. രണ്ടല്ല, ഏഴു വേണമെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട്. ഫലത്തില്‍, കോണ്‍ഗ്രസ്-ടിഎംസി സീറ്റ് വിഭജന ചര്‍ച്ച തുടക്കത്തില്‍ തന്നെ അലസി.

സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് രൂപീകരിച്ച അഞ്ചംഗ സമിതിയോട് സഹകരിക്കേണ്ടതില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. സമിതി അംഗങ്ങള്‍ക്ക് പകരം കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ മമതയുമായി ചര്‍ച്ച നടത്തിയാല്‍ ഒരു സീറ്റ് കൂടുതല്‍ നല്‍കുന്നത് പരിഗണിക്കാമെന്നാണ് കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. തൃണമൂലിന്റെ ഉള്ളിലിരിപ്പ് വ്യക്തമാണ്, മമതയുമായുള്ള ചര്‍ച്ചയ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും വരണം. അങ്ങനെ മുന്നണിയില്‍ തങ്ങള്‍ നിര്‍ണായക ശക്തിയാണെന്ന് തെളിയിക്കണം.

ഇന്ത്യ മുന്നണി രൂപീകരണത്തില്‍ പ്രധാനമന്ത്രിമോഹവുമായി രംഗപ്രവേശം ചെയ്ത മമതയ്ക്ക് പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. വൈകിയാണ് മുന്നണിയിലേക്ക് എത്തിയതെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് സഖ്യത്തിലെ പ്രധാനി. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നതും കോണ്‍ഗ്രസ് തന്നെ. രാജ്യത്താകെ വേരോട്ടമുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് അതിന് ശ്രമിക്കുന്നതില്‍ മമതയ്ക്ക് വിരോധമില്ല, പക്ഷേ ബംഗാളില്‍ തങ്ങള്‍ തന്നെയാണ് വന്‍ശക്തിയെന്ന് അവര്‍ക്ക് ഉറപ്പിക്കണം.

സോണിയ ഗാന്ധിക്കൊപ്പം മമത ബാനര്‍ജി

രണ്ട് സീറ്റിലാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് വിജയിച്ചത്. മാള്‍ഡ ദക്ഷിണ്‍, ബഹാറാംപുര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ടിഎംസി നിലപാട്. ഇതില്‍ ബഹറാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പാര്‍ലമന്റിലെത്തിയത്. എന്നാല്‍ 2019-ല്‍ കോണ്‍ഗ്രസിനോടും ബിജെപിയോടും പടവെട്ടി തങ്ങള്‍ ജയിച്ച ഈ മണ്ഡലങ്ങളില്‍ തൃണമൂലിന്റെ ഔദാര്യം ആവശ്യമില്ലന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി പറയുന്നത്. 'എനിക്ക് ബിജെപിയോടും ടിഎംസിയോടും ഒറ്റയ്ക്ക് പോരാടാന്‍ കഴിയും. മമത ബാനര്‍ജിയുടെ എന്തെങ്കിലും ഔദാര്യം ആവശ്യമില്ല,'' എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ കടുത്ത വാക്കുകള്‍.

റായ്‌ഗഞ്ച്, മാള്‍ഡ ഉത്തര്‍, ജംഗിപുര്‍, മുര്‍ഷിദാബാദ് മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് തരണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് 30 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണെന്നും കൂടുതല്‍ സീറ്റുകള്‍ എങ്ങനെ വിശ്വസിച്ച് നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചോദിക്കുന്നു.

ബംഗാളില്‍ ഇന്ത്യ പരസ്പരം മത്സരിക്കുമോ?

ഇന്ത്യ മുന്നണിയില്‍ കടുത്ത പ്രശ്‌നം ഉടലെടുക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. കോണ്‍ഗ്രസിനെ വേണ്ടവിധത്തില്‍ പരിഗണിക്കാന്‍ മമത തയാറല്ല. സിപിഎമ്മാണ് മറ്റൊരു കീറാമുട്ടി. മമതയുമായി സഖ്യത്തിനില്ലെന്ന് സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കാള്‍ നല്ലത് സിപിഎമ്മുമായി ധാരണയിലെത്തുന്നതാണെന്ന തോന്നലിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ സിപിഎമ്മുമായി ധാരണയിലെത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചത്.

എന്നാല്‍, ദീദിയുടെ ഓഫര്‍ സിപിഎം നിഷ്‌കരുണം തള്ളി. തൃണമൂല്‍ കോണ്‍ഗ്രസുമായി യാതൊരുവിധ സഖ്യത്തിനും തയാറല്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇത് മമതയെ ചൊടിപ്പിച്ചു, കടുത്തഭാഷയിലായിരുന്നു ദീദിയുടെ പ്രതികരണം; 'സിപിഎം ഭീകരപാര്‍ട്ടിയാണ്'. ബിജെപിയുമായി സിപിഎം സഹകരിക്കുന്നുണ്ടെന്നും 34 വര്‍ഷം ഭരിച്ചിട്ട് എന്തുനേടിയെന്നും മമത ചോദിച്ചു. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സംസ്ഥാനമായി ബംഗാള്‍ മാറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഈ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചത്. രണ്ടു സീറ്റിലെങ്കിലും പിടിച്ചുകയറാന്‍ കോണ്‍ഗ്രസിനായപ്പോള്‍, പാര്‍ട്ടി രൂപീകരണത്തിനുശേഷം ആദ്യമായി സിപിഎം ബംഗാളില്‍ സംപൂജ്യരായി. 27 സീറ്റില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014-ല്‍ കോണ്‍ഗ്രസിന് നാല് സീറ്റുണ്ടായിരുന്നു. മോദി പ്രഭാവം ആഞ്ഞുവീശിയ 2014-ല്‍ രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെട്ട ബിജെപി പക്ഷേ 2019-ല്‍ 18 സീറ്റ് കൊണ്ടുപോയി.

2016-ന് ശേഷം സിപിഎമ്മിന് നിയമസഭയില്‍ പ്രാതിനിധ്യമില്ല. 213 സീറ്റിന്റെ മൃഗീയഭൂരിപക്ഷത്തിലാണ് മമത ഭരിക്കുന്നത്. 77 സീറ്റുമായി മുഖ്യപ്രതിപക്ഷം ബിജെപിയാണ്. തിരിച്ചുവരവിന് ശ്രമിക്കുന്ന സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പ് അത്രയേറെ നിര്‍ണായകമാണ്. എന്നിട്ടും മമതയുമായി ചേരേണ്ടതില്ലെന്ന് സിപിഎം തീരുമാനിക്കുന്നതിന് പിന്നില്‍, ഗ്രാമങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ക്ക് വീണ്ടും ആളുകൂടുന്നതു കണ്ടുള്ള ആത്മവിശ്വാസമാകണം.

എന്നാല്‍ രണ്ടുകോടിയില്‍പ്പരം വോട്ടാണ് തൃണമൂലിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയത്. തൊട്ടുതാഴെയുള്ള ബിജെപിക്ക് 17 ലക്ഷം വോട്ടിന്റെ കുറവ് മാത്രമേയുള്ളൂ. അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും കൂടി ആകെ നേടിയത് 70 ലക്ഷത്തില്‍ താഴെ വോട്ട് മാത്രമാണ്. ഇവിടെയാണ് കോണ്‍ഗ്രസിന് ശക്തിയില്ലെന്നും തങ്ങളാണ് ഇന്ത്യ മുന്നണിയെ ബംഗാളില്‍ നയിക്കേണ്ടതെന്ന തോന്നല്‍ തൃണമൂലിന് ഉണ്ടാകുന്നത്.

ഒരിക്കല്‍ സോണിയ ഗാന്ധിയോട് കലഹിച്ചിറങ്ങിപ്പോയതാണ് മമത ബാനര്‍ജി. പിന്നീട് പലവേദികളിലും ചേര്‍ന്നിരുന്നും കെട്ടിപ്പിടിച്ചും ഇരുവരും പഴയകാലം മറന്നതായി ഭാവിച്ചങ്കിലും മമയുടെ മനസ്സില്‍ ഇപ്പോഴും കനലണയാതെ കിടക്കുന്നുണ്ടോയെന്ന രാഷ്ട്രീയ അതിവായന കൂടി ഈ സംഭവ വികാസങ്ങള്‍ക്കൊപ്പം നടത്താം. സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസ് കുറച്ച് പിറകെ നടക്കട്ടേയെന്ന് ദീദി കരുതുന്നതില്‍ അതിശയം തോന്നേണ്ടതില്ലെന്ന് സാരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ