INDIA

മഹാരാഷ്ട്രയില്‍ ഉദ്ധവിന് തിരിച്ചടി; യാഥാർഥ ശിവസേന ഷിന്‍ഡെ പക്ഷമെന്ന് സ്പീക്കർ

ശിവസേനയുടെ ഭരണഘടന പ്രകാരം ഏക്നാഥ് ഷിന്‍ഡയെ നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്തു നിന്ന് നീക്കാനുള്ള അധികാരം ഉദ്ധവിനില്ലെന്നും സ്പീക്കർ അറിയിച്ചു

വെബ് ഡെസ്ക്

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവായി മാറിയ ശിവസേന പിളർപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് തിരിച്ചടിയായി സ്പീക്കർ രാഹുൽ നർവേക്കറുടെ തീരുമാനം. ഏക്നാഥ് ഷിന്‍ഡെ വിഭാഗമാണ് യഥാർഥ ശിവസേനപക്ഷമെന്ന് സ്പീക്കർ വ്യക്തമാക്കി. ശിവസേനയുടെ ഭരണഘടന പ്രകാരം ഏക്നാഥ് ഷിന്‍ഡയെ നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്തുനിന്ന് നീക്കാനുള്ള അധികാരം ഉദ്ധവിനില്ലെന്നും സ്പീക്കർ അറിയിച്ചു.

 54 എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച് ശിവസേനയുടെ ഇരുവിഭാഗങ്ങളും സമർപ്പിച്ചിരിക്കുന്ന 34 ഹർജികളിലാണ് സ്‌പീക്കർ വിധി പറഞ്ഞത്. സുപ്രീംകോടതിയുടെ കർശന നിർദേശത്തിന്റെ ഭാഗമായാണ് സ്‌പീക്കറുടെ നടപടി.

സ്‌പീക്കറായ രാഹുൽ നർവേക്കർ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ വിധി പറയാൻ വൈകുന്നതിനെതിരെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവുകളെ നിരാകരിക്കാൻ കഴിയില്ലെന്നും ജനുവരി പത്തിനുള്ളിൽ വിധി പറയണമെന്നും കോടതി നിഷ്കർഷിച്ചിരുന്നു.

അതേസമയം, വിധിക്ക് മുന്‍പ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്നെ ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. "വിധിക്ക് മുന്‍പ് സ്പീക്കർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. നീതി നല്‍കേണ്ട വ്യക്തി പ്രതിയുടെ പക്കലേക്ക് പോയി എന്നൊരു പ്രതീതിയാണ് ഉണ്ടായിരിക്കുന്നത്. ഇത് ചരിത്രത്തിലൊരിക്കലും സംഭവിക്കാത്ത ഒന്നാണ്," മുന്‍മന്ത്രിയും എംഎല്‍എയുമായ ആദിത്യ താക്കറെ പറഞ്ഞു.

തർക്കങ്ങളുടെ തുടക്കം

2022 ജൂൺ 21ന് എൻ സി പി- കോൺഗ്രസ് -ശിവസേന എന്നിവർ ചേർന്നുണ്ടാക്കിയ മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ ഒരുകൂട്ടം എംഎൽഎമാരുമായി പുറത്തുപോകുന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. പാർട്ടി പിളർത്തിക്കൊണ്ട് നടത്തിയ ഈ നീക്കത്തിന് പിന്നാലെ ഉദ്ധവ് താക്കറെ, പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായിരുന്ന ഷിൻഡെയെ തത്‌സ്ഥാനത്തുനിന്ന് നീക്കുകയും പകരം അജയ് ചൗധരിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒപ്പം സുനിൽ പ്രഭുവിനെ ചീഫ് വിപ്പായി നിയമിക്കുകയുമുണ്ടായി.

അതേദിവസം തന്നെയാണ് ഭാരത് ശേത് ഗോഗവാലയെ ഏക്‌നാഥ്‌ ഷിൻഡെ പക്ഷം ചീഫ് വിപ്പായി നിയമിക്കുന്ന പ്രമേയം പാസാക്കിയത്. ഇതോടെ ഒരേ പാർട്ടിക്ക് രണ്ട് ചീഫ് വിപ്പുമാരെന്ന സ്ഥിതി ഉണ്ടായി. മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിനുശേഷം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ നർവേക്കർ ഈ പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു.

സേനയിലെ പിളർപ്പിന് രണ്ട് ദിവസത്തിന് ശേഷം, സുനിൽ പ്രഭു യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് പുറത്തിറക്കിയിരുന്നു. ഇതിൽ ഷിൻഡെയും മറ്റ് 15 എം‌എൽ‌എമാരും പങ്കെടുക്കാത്തതിനെ തുടർന്നാണ് ആദ്യ അയോഗ്യത ഹർജി സമർപ്പിക്കപ്പെടുന്നത്. പിന്നീട് ജൂൺ 27ന് ഏക്നാഥ് ഷിൻഡെ പക്ഷത്തെ 22 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം വീണ്ടും അപേക്ഷ നൽകി. സമാന രീതിയിൽ രണ്ട് എംഎൽഎമാർക്കെതിരെ കൂടി ഹർജി സമർപ്പിച്ചതോടെ ആകെ എണ്ണം 40 ആയി ഉയരുകയായിരുന്നു. ഇതിനുമറുപടിയായി ഷിൻഡെ പക്ഷവും ഉദ്ധവ് താക്കറെ ഗ്രൂപ്പിലെ 14 എം എൽ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തർക്കമാണ് നിലവിൽ വിധിക്കായി കാത്തിരിക്കുന്നത്.

ചീഫ് വിപ്പായ സുനിൽ പ്രഭുവിന്റെ വിപ്പ് ഷിൻഡെ പക്ഷത്തെ എം എൽ എമാർ അനുസരിച്ചില്ല എന്നാണ് ഉദ്ധവ് പക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാൽ തങ്ങൾക്ക് അങ്ങനെയൊരു വിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് ഷിൻഡെ പക്ഷം. മഹാ വികാസ് അഘാഡിയിൽ അനുയായികൾ അസ്വസ്ഥരായതിനാലാണ് മഹാസഖ്യത്തിൽനിന്ന് പുറത്തുപോകാൻ തീരുമാനിച്ചതെന്ന് ഷിൻഡെ സേന പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു കാര്യം തങ്ങളുമായി പങ്കിട്ടിട്ടില്ല എന്നാണ് ഉദ്ധവിന്റെ വാദം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി