പത്ത് വർഷം മുൻപ് ഫയൽ ചെയ്ത യുഎപിഎ കേസുകൾ പോലും കെട്ടികിടക്കുന്നത് അമിതഭാരമെന്ന് മുംബൈയിലെ പ്രത്യേക വിചാരണ കോടതികൾ. നിരവധി യുഎപിഎ കേസുകളില്‍ വിചാരണ വൈകുന്നതിനാല്‍ കുറ്റമാരോപിക്കപ്പെടുന്നവര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയേണ്ടതായി വരുന്നു. ഇത്തരത്തില്‍ കെട്ടികിടക്കുന്ന കേസുകളില്‍ 10 വര്‍ഷത്തിലേറെയായിട്ടും വിചാരണ ആരംഭിക്കാത്ത നിരവധി കേസുകളാണ് ഉള്ളതെന്ന് കോടതികൾ നിരീക്ഷിച്ചു.
നിലവില്‍ 72 കേസുകളിലായി 255 പ്രതികള്‍ ജയിലില്‍ കഴിയുന്നതായി അടുത്തിടെ ഒരു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ കേസുകളിലെ പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ചില കേസുകളില്‍ വിചാരണ ആരംഭിക്കാനും അവസാനിക്കാനും എടുക്കുന്ന സമയമോര്‍ത്ത് കുറ്റസമ്മതം നടത്താന്‍ പോലും പ്രതികള്‍ തയ്യാറാവുന്നുണ്ടെന്നും കുറ്റക്കാരണെന്ന് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ തടവിലായവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്നും കോടതികള്‍ ചൂണ്ടിക്കാട്ടുന്നു.
2011ല്‍ മുംബൈയില്‍ നടന്ന മൂന്ന് സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട കേസുകളിലൊന്നില്‍ വിചാരണാ നടപടികള്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതികളെ കൂടാതെ അന്വേഷണ ഏജന്‍സിയായ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഭീകരാക്രമണം നടന്ന് 11 വർഷം കഴിഞ്ഞിട്ടും 11 പ്രതികൾക്കെതിരായ വിചാരണ ഇനിയും വൈകുന്നതിനാല്‍ കേസില്‍ ദിവസേന വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 2011 ജൂലൈ 13ന് ദാദർ, സവേരി ബസാർ, ഓപ്പറ ഹൗസ് എന്നിവിടങ്ങളിൽ നടന്ന മൂന്ന് സ്ഫോടന പരമ്പരകളിൽ 27 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2019-2021 വരെയുള്ള പ്രത്യേക നടപടികളിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയെങ്കിലും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.
കേസിൽ ദിവസേന വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് എടിഎസും പ്രതിയായ നദീം അക്തറും നൽകിയ ഹർജിയിൽ, ദൈനംദിന വാദം കേൾക്കുന്നത് ബുദ്ധിമുട്ടാണെന്ന് കേസ് നേരത്തെ പരിഗണിച്ച ജഡ്ജ് സമാനമായ അപേക്ഷയിൽ ഉത്തരവിട്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്ന തീയതികളിലെല്ലാം അക്തർ അപേക്ഷ സമര്‍പ്പിക്കുന്നത് നില നിഗൂഢ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്നെന്നും കോടതി നിരീക്ഷിച്ചു. എടിഎസിന്റെ ഹർജിയും കോടതി തള്ളി. പ്രോസിക്യൂഷൻ സമർപ്പിച്ച നിലവിലെ അപേക്ഷയിൽ നിന്ന്, ഓരോരുത്തരും സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നതായാണ് ഇത്തരം കാര്യങ്ങലിലൂടെ മനസിലാകുന്നതെന്നും വിചാരണയുമായി മുന്നോട്ടുപോകാൻ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. 2019ൽ പ്രതി ഹാറൂൺ നായിക്കിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കോടതി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു. നിലവിൽ അക്തർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2012 ഓഗസ്റ്റ് ഒന്നിന് പൂനൈയിലെ ജെഎം റോഡില്‍ നടന്ന അഞ്ച് സ്‌ഫോടനങ്ങളില്‍ ഒമ്പതോളം പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു
10 വര്‍ഷം പഴക്കമുളള മറ്റൊരു കേസില്‍, വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. 2012 ഓഗസ്റ്റ് ഒന്നിന് പൂനൈയിലെ ജെഎം റോഡില്‍ നടന്ന അഞ്ച് സ്‌ഫോടനങ്ങളില്‍ ഒമ്പതോളം പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഗൂഡാലോചന, കൊലപാതകശ്രമം, യുഎപിഎ, മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പ്രതികളിലൊരാളായ മുനിബ് മേമന്‍ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിരുന്നു. കുറ്റത്തിന്റെ ഗൗരവവും പ്രതിയുടെ പങ്കും കണക്കിലെടുത്ത് കാലതാമസത്തിന്റെ പേരില്‍ ജാമ്യപേക്ഷ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന വേഗത്തിലുള്ള വിചാരണയ്ക്കുള്ള ഹർജിക്കാരന്റെ അവകാശം അവഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി വിചാരണ കഴിയുന്നത്ര വേഗത്തിൽ അവസാനിപ്പിക്കാനും നിർദ്ദേശിച്ചു.
2008ൽ ഇന്ത്യൻ മുജാഹിദീൻ നടത്തിയെന്ന് പറയപ്പെടുന്ന ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ് സ്‌ഫോടനങ്ങൾക്ക് മുന്‍പ് മാധ്യമ സ്ഥാപനങ്ങൾക്ക് അയച്ച ഇ-മെയിലുകളുമായി ബന്ധപ്പെട്ട കേസിലും 23 പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളിൽ ആറ് പേർ ജാമ്യത്തിലും മറ്റുള്ളവർ 14 വർഷമായി കസ്റ്റഡിയിലുമാണ്. ഈ കേസിലും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഭീകരവാദ ആരോപണങ്ങൾ നേരിടുന്ന പ്രതികളെ ജാമ്യത്തിന് പരിഗണിക്കുന്നില്ലെന്നും അറസ്റ്റ് ചെയ്ത് 10 വർഷമായിട്ടും വിചാരണ ആരംഭിക്കാത്തതിനാൽ അവരുടെ കസ്റ്റഡി വിചാരണയ്ക്ക് മുന്‍പുള്ള തടങ്കലിന് തുല്യമാണെന്നും പ്രതികളിലൊരാളായ മുഹമ്മദ് സാക്കിർ അബ്ദുൾ ഹഖ് ഷെയ്ഖിന്റെ അഭിഭാഷകൻ താഹേറ ഖുറേഷി പറഞ്ഞു.
സ്‌ഫോടനം നടന്ന് 15 വർഷം കഴിഞ്ഞിട്ടും 2006ലെ മാലേഗാവ് സ്‌ഫോടനക്കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ആറ് വർഷത്തെ ജയിൽവാസത്തിന് ശേഷം 2019ൽ ബോംബെ ഹൈക്കോടതി കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
മുംബൈ നലസോപാര ആയുധക്കടത്ത് കേസിലെ പ്രതി ശരദ് കലാസ്‌കറും ദിവസേനയുള്ള വിചാരണയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കലാസ്‌കറിന്റെ കൂട്ടുപ്രതിയായ അവിനാഷ് പവാറിന് ഓഗസ്റ്റിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. നാല് വർഷത്തിലേറെയായി അവിനാഷ് ജയിലിൽ കഴിയുകയാണെന്നും വിചാരണ ഉടൻ പൂർത്തിയാകാൻ സാധ്യതയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 2018ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്. കേസിൽ ഇതുവരെ മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്.