INDIA

സ്വവര്‍ഗ വിവാഹത്തിന് സാധുതയില്ല; നിയമം മാറ്റേണ്ടത് കേന്ദ്രം, പരിധിയില്ലാത്ത അവകാശമല്ല വിവാഹമെന്നും സുപ്രീംകോടതി

സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശം ഇല്ലെന്ന് ഭൂരിപക്ഷ വിധി

വെബ് ഡെസ്ക്

ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. നിലവിലെ നിയമം അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുതയില്ല. ഇക്കാര്യത്തിൽ നിയമം മാറ്റണമോ എന്ന് തീരുമാനിക്കേണ്ടത് പാർലമെൻ്റാണെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ എന്തൊക്കെ എന്നത് സംബന്ധിച്ച് അഞ്ചംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതുസംബന്ധിച്ച കാര്യങ്ങൾ കേന്ദ്രം നിയമിക്കുന്ന കമ്മീഷൻ പരിശോധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാൽ വിവാഹമെന്നത് യാതൊരു പരിധിയുമില്ലാത്ത അവകാശമല്ലെന്നും കോടതി നിരീക്ഷിച്ചു.

സ്പെഷ്യൽ മാരേജ് ആക്ട് ഭേദഗതി ചെയ്യുന്ന കാര്യത്തിൽ സുപ്രീംകോടതിയ്ക്ക് ഇടപെടാൻ പറ്റില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അത് പാർലമെൻ്റിൻ്റെ അവകാശമാണ്. എന്നാൽ സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റീസിൻ്റെ അഭിപ്രായം. എന്നാല്‍ ഇതിനോട് ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഉള്‍പ്പെടെയുള്ളവർ മൂന്ന് പേർ വിയോജിച്ചു. അതോടെ ആ അവകാശവും സ്വവർഗ ദമ്പതികൾക്ക് ലഭിക്കില്ല. എന്നാൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് നിലവിലെ നിയമപ്രകാരം കുട്ടികളെ ദത്തെടുക്കാൻ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ ദമ്പതികളുടെ അവകാശങ്ങളെ സംബന്ധിച്ച് ഒരേ അഭിപ്രായം പ്രകടിപ്പിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവര്‍ അവരോട് വിയോജിച്ചു.

പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും ലൈംഗികതയും ഒന്നായിരിക്കണമെന്നില്ലെന്നും വിധി പ്രഖ്യാപനത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

നാല് പ്രത്യേക വിധികളാണ് ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് നാല് പ്രത്യേക വിധികൾ പുറപ്പെടുവിച്ചത്. ചില കാര്യങ്ങളിൽ ബെഞ്ചിന് യോജിപ്പാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്‌പെഷ്യൽ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയില്ലാത്ത കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്‌പെഷ്യൽ മാരേജ് ആക്ടിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. പാർലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാൻ കോടതി ശ്രദ്ധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നഗരത്തിലെ വരേണ്യവർഗത്തിന്റെ അജണ്ട മാത്രമാണ് സ്വവർഗ ബന്ധമെന്ന് പറയാനാവില്ലെന്നും ഗ്രാമത്തിലെ സാധാരണക്കാരിയായ കർഷക സ്ത്രീക്ക് പോലും തന്റെ ക്വിയർ വ്യക്തിത്വം തോന്നാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സ്ത്രീ - പുരുഷ ദമ്പതികൾക്ക് മാത്രമാണ് നല്ല മാതാപിതാക്കളാവാൻ സാധിക്കുകയുള്ളുവെന്ന് പറയനാവില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

വ്യത്യസ്ത മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ, സ്വവർഗ വിവാഹത്തിന് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നിയമാനുമതി നൽകാനാകുമോയെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഇതിന് പുറമെ സ്വവർഗ വിവാഹത്തിന്റെ ഭരണഘടനാ സാധുത, വിദേശ വിവാഹ നിയമങ്ങൾ എന്നിവയും കോടതി പരിഗണിച്ചു.

എന്നാൽ സ്വവർഗ വിവാഹം സംബന്ധിച്ച് പാർലമെന്റ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഊഹിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താൻ തങ്ങൾക്കാവില്ലെന്ന് വാദത്തിനിടെ കോടതി വാക്കാൽ നിരീക്ഷിച്ചു.

സ്‌പെഷ്യൽ മാരേജ് ആക്റ്റിലെ 'ഭർത്താവ്', 'ഭാര്യ' എന്നീ വാക്കുകൾ ലിംഗഭേദമില്ലാതെ 'ഇണ' അല്ലെങ്കിൽ ' വ്യക്തി' എന്നാക്കണമെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ നിയമത്തിൽ വാക്കുകൾ കൂട്ടിചേർക്കുകയെന്നത് കോടതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

1954 ലെ സ്പെഷ്യൽ മാര്യേജ് ആക്ട് നടപ്പാക്കിയപ്പോൾ സ്വവർഗ ദമ്പതികളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനെ പാർലമെന്റ് ഒരിക്കലും ചിന്തിച്ചില്ലെന്ന വാദത്തെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തു. ഇത്തരം വാദങ്ങൾ ദത്തെടുക്കൽ, പരിപാലനം, വാടക ഗർഭധാരണം, പിന്തുടർച്ചാവകാശം, വിവാഹമോചനം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മറ്റ് നിയമനിർമ്മാണങ്ങളെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം പറഞ്ഞു.

35 രാജ്യങ്ങളാണ് നിലവിൽ ലോകത്ത് സ്വവർഗവിവാഹത്തിന് നിയമസാധുത നൽകിയിട്ടുള്ളത്. വിവാഹമെന്ന നിയമപരമായ അംഗീകാരം, ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള അനുമതി, പങ്കാളിയെ നോമിനിയായി ചേർക്കൽ തുടങ്ങിയ നടപടികളിൽ പാർലമെന്റ് തീരുമാനിക്കേണ്ട കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഹർജിയെ എതിർത്ത കേന്ദ്രസർക്കാർ ബെഞ്ചിനെ അറിയിച്ചിരുന്നു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പ്രകടിപ്പിച്ചപ്പോൾ ഡൽഹി കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് ഹർജികളെയും സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ഇന്ത്യൻ സംസ്‌കാരത്തിന് ഉൾക്കൊള്ളാനുള്ള ഒരു നീണ്ട ചരിത്രമുണ്ടെന്നും ബ്രിട്ടീഷ് വിക്ടോറിയൻ ധാർമ്മികത ക്വിയർ വ്യക്തികളെ ഒഴിവാക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചു. ഇന്ത്യൻ സംസ്‌കാരം അന്തർലീനവും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണെന്നും 19-ാം നൂറ്റാണ്ടിൽ വിക്ടോറിയൻ സദാചാരം അടിച്ചേൽപ്പിക്കപ്പെട്ടത് ഇന്ത്യയിൽ സ്വവർഗരതിയെ ക്രിമിനൽവൽക്കരിക്കുന്നതിലേക്ക് നയിച്ചുവെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.

സ്വവർഗ വിവാഹ വിഷയം നിയമനിർമ്മാണ സഭയ്ക്ക് വിടണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു. ജനങ്ങളുടെ ഇഷ്ടം യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്ന നിയമനിർമ്മാണ സഭയാണ് ഇത്തരം സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും അനുയോജ്യമെന്നും ബി സി ഐ പറഞ്ഞു. 99.9 % ആളുകളും സ്വവർഗ വിവാഹത്തെ എതിർക്കുന്നതായും ബാർകൗൺസിൽ പറഞ്ഞിരുന്നു.

മുതിർന്ന അഭിഭാഷകരായ മുകുൾ രോഹത്ഗി, ഡോ. അഭിഷേക് മനു സിങ്വി, രാജു രാമചന്ദ്രൻ കെ.വി. വിശ്വനാഥൻ, ഡോ. മേനക ഗുരുസ്വാമി, ജയ്‌ന കോത്താരി, സൗരഭ് കിർപാൽ, ആനന്ദ് ഗ്രോവർ, ഗീത ലൂത്ര, അഭിഭാഷകരായ അരുന്ധതി കട്ജു, വൃന്ദ ഗ്രോവർ, കരുണാനാഥ്, മനുർ ശ്രീഗു നൂണ്ടി തുടങ്ങിയവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.

കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഹർജികളെ എതിർത്ത് മധ്യപ്രദേശിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അരവിന്ദ് ദത്തർ എന്നിവരും ഹർജികളെ എതിർത്ത് വാദിച്ചു.

സ്വവർഗ വിവാഹം നിയമവിധേയമായ രാജ്യങ്ങൾ

ലോകത്ത് ഇതിനോടകം 35 രാജ്യങ്ങളാണ് സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയിരിക്കുന്നത്. 35 -മത് രാജ്യമായ ഇസ്റ്റോണിയയിൽ 2024 ജനുവരി 1 മുതൽ സ്വവർഗ വിവാഹം നിയമവിധേയമാകും.

അൻഡോറ,അർജന്റീന,ഓസ്ട്രേലിയ,ഓസ്ട്രിയ,ബെൽജിയം,ബ്രസീൽ,കാനഡ,ചിലി,കൊളംബിയ,കോസ്റ്റാറിക്ക,ക്യൂബ,ഡെൻമാർക്ക്,ഇക്വഡോർ,എസ്റ്റോണിയ,ഫിൻലാൻഡ്,ഫ്രാൻസ്.ജർമ്മനി.ഐസ്ലാൻഡ്.അയർലൻഡ്.ലക്സംബർഗ്,മാൾട്ട,മെക്സിക്കോ,നെതർലാൻഡ്സ്,ന്യൂസിലാൻഡ്,നോർവേ,പോർച്ചുഗൽ,സ്ലോവേനിയ,ദക്ഷിണാഫ്രിക്ക,സ്പെയിൻ,സ്വീഡൻ,സ്വിറ്റ്സർലൻഡ്, തായ്‌വാൻ, യു കെ, യുഎസ്എ, ഉറുഗ്വേ എന്നിവയാണ് സ്വവർഗവിവാഹം നിയമവിധേയമായ മറ്റുരാജ്യങ്ങൾ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി