INDIA

'പരിശോധനകളും ചോദ്യംചെയ്യലും തടയണം'; എസ്എഫ്‌ഐഒ അന്വേഷണം നിയമത്തിന്റെ ദുരുപയോഗമെന്ന് കോടതിയില്‍ വീണ

അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 12 തിങ്കളാഴ്ച പരിഗണിക്കും

ദ ഫോർത്ത് - ബെംഗളൂരു

ഐടി കമ്പനി എക്സാലോജിക്കിനെതിരെയുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും റദ്ദാക്കണമെന്നും ഉടമ വീണ വിജയന്‍. ജനുവരി 31ന് കോര്‍പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ട എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം ഇന്നലെ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ ഉന്നയിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് തിടുക്കത്തില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്

അന്വേഷണ ഉത്തരവ് പുറപ്പെടുവിക്കാനാധാരമായ എല്ലാ രേഖകളും കോടതി വിളിച്ചുവരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഹര്‍ജി തീര്‍പ്പാകുന്നതുവരെ കോര്‍പറേറ്റ് ലോ സര്‍വിസ് ഓഫീസര്‍ എം അരുണ്‍ പ്രസാദിന്റെ സംഘം സെര്‍ച്ച്, ചോദ്യം ചെയ്യല്‍ തുടങ്ങിയ നടപടികളൊന്നും എക്സാലോജിക്കിനും കമ്പനി ഉടമ വീണ വിജയനുമെതിരെ നടത്തരുതെന്ന നിര്‍ദേശം കോടതി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. സൂക്ഷ്മപരിശോധനയ്ക്കുശേഷം ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍ നല്‍കിയ ഹര്‍ജി ഫെബ്രുവരി 12 തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചിലാണ് ഹര്‍ജി എത്തുന്നത്.

ബന്ധപ്പെട്ട നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് തിടുക്കത്തില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വീണ ആരോപിക്കുന്നു. ആദ്യം ഉത്തരവിട്ട വകുപ്പുതല അന്വേഷണം ഭേദഗതി ചെയ്ത് എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത് ഏകപക്ഷീയവും സംശയാസ്പദവുമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവാണ് അന്വേഷണ പരമ്പരയ്ക്ക് ആധാരം. എന്നാല്‍ 1961ലെ ആദായനികുതി നിയമമനുസരിച്ച് ബോര്‍ഡിന്റെ സെറ്റില്‍മെന്റ് ഉത്തരവുകളില്‍ പറയുന്ന കാര്യങ്ങളില്‍ പ്രസ്തുത നിയമോ മറ്റ് നിയമങ്ങളോ അനുസരിച്ച് പുനഃപരിശോധന പാടില്ലെന്നുണ്ടെന്നും വാദമുണ്ട്.

ബുധനാഴ്ച ഇതേ ആവശ്യം ഉന്നയിച്ച് ഇതേ കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്ന കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ സിഎംആര്‍എല്‍ അസ്ഥാനത്തും ഫാക്ടറിയിലും പരിശോധന നടത്തിയിരുന്നു. ബിസിനസ് വളര്‍ച്ചയ്ക്കായി നിരവധി രാഷ്ട്രീയക്കാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്കും സിഎംആര്‍എല്‍ കോടികള്‍ സമ്മാനമായി നല്‍കിയെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിഎസ് വൈദ്യനാഥനാണ് കേസില്‍ കെഎസ്‌ഐഡിസിക്കുവേണ്ടി ഹാജരായത്. ബെംഗളുരുവില്‍ പ്രമുഖ അഭിഭാഷക ഗ്രൂപ്പായ സാജന്‍ പൂവയ്യ അസോസിയേറ്റ്‌സാണ് വീണയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി