INDIA

രാഹുലിന്റെ 'ശക്തി' പരാമർശം വിവാദമാകുന്നു; ഹിന്ദു വിശ്വാസത്തെ അപമാനിക്കാനുള്ള ശ്രമമെന്ന് നരേന്ദ്രമോദി

വെബ് ഡെസ്ക്

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഹിന്ദു വിശ്വാസങ്ങളെ ഹനിക്കുന്നതാണെന്ന് പ്രധാനമന്ത്രി. "ഹിന്ദു വിശ്വാസത്തിൽ നമ്മൾ ശക്തി എന്ന് പറയില്ലേ? അത്തരത്തിൽ ഒരു ശക്തിക്കെതിരെയാണ് നമ്മൾ പോരാടുന്നത്" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ആരും ശ്രദ്ധിക്കാതിരുന്ന ഈ പരാമർശമാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ചർച്ചയാക്കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് 'ശക്തി'യെ ആരാധിക്കുന്നവരും 'ശക്തി'യെ തകർക്കാൻ ശ്രമിക്കുന്നവരും തമ്മിൽ നടക്കുന്ന പോരാട്ടമാണെന്നാണ്നരേന്ദ്രമോദി തെലങ്കാനയിൽ നടന്ന ബിജെപി റാലിയിൽ പ്രസംഗിച്ചത്.

ഇവിഎം മെഷീനുകളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്ന അവസരത്തിലാണ് രാഹുൽ ഈ പരാമർശം നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുതൽ ഇവിഎം ഉൾപ്പെടെ ഇന്ത്യയിലെ സർക്കാർ സംവിധാനങ്ങളെ മുഴുവൻ ആയുധമാക്കി പ്രവർത്തിക്കുന്ന ശക്തിക്കെതിരെയാണ് തങ്ങൾ പോരാടുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം.

എന്നാൽ ഹിന്ദു മതവിശ്വാസത്തിന്റെ ഭാഗമായ ശക്തിയെ രാഹുൽ അവഹേളിച്ച് എന്ന് പറഞ്ഞുകൊണ്ടാണ് മോഡി വിവാദത്തിനു തുടക്കം കുറിച്ചത്. "നമ്മൾ ഇന്ത്യയിൽ ശക്തിയെ ആരാധിക്കുന്നില്ല? ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് പോലും നമ്മൾ ശിവശക്തി പോയിന്റ് എന്നല്ലേ പേര്‌ നൽകിയത്" എന്നിങ്ങനെയാണ് മോദിയുടെ പ്രസംഗം പോയത്. ഇന്ത്യ സഖ്യം ശക്തിയില്ലാത്ത ജീവിതത്തെക്കുറിച്ചാണ് പറയുന്നത് എന്നുകൂടി മോദി പറഞ്ഞു.

ബിജെപിയെ സംബന്ധിച്ച് ശക്തി എന്ന വാക്ക് ഈ രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും പ്രതീകമാണ്. തെലങ്കാനയിലെ ജഗത്യാലയിൽ സങ്കെടുപ്പിച്ച പരിപാടിയിൽ പങ്കെടുത്ത മുഴുവൻ സ്ത്രീകളെയും ചൂണ്ടി ''ഇവിടെ വന്ന സഹോദരിമാരും, പെൺമക്കളും, സ്ത്രീകളുമെല്ലാം ശക്തിയുടെ രൂപമാണ്. ഇവർ ഇവിടെ വന്നിരിക്കുന്നത് ആശീർവദിക്കാനാണ്'' എന്നും കൂട്ടിച്ചെർത്ത മോദി, താൻ ഭാരതാംബയുടെ പൂജാരിയാണെന്നും ഭാരതാംബയ്ക്കുവേണ്ടി സ്വന്തം ജീവൻ കളയാനും താൻ തയ്യാറാണെന്നും പറയുന്നു.

രാഹുലിന്റെ പരാമർശം കേവലം തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞ ഒരു കാര്യമായി തള്ളിക്കളയാനാകില്ലെന്നാണ് മോദി പറയുന്നത്. ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ നടന്ന പരിപാടിയിലാണ് രാഹുൽ അത് പറഞ്ഞത്, ശിവാജി സ്ത്രീകളെ ബഹുമാനിച്ച വ്യക്തിയായിരുന്നെന്നും ശിവാജിയുടെ ഒരു കഥ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു. ജൂൺ 4ന് ആർക്കാണ് ശക്തിയുടെ ആശീർവാദമുള്ളതെന്ന് നമുക്ക് കാണാമെന്നും മോദി പറഞ്ഞു. ശേഷം കർണാടകയിലെ ഷിമോഗയിൽ നടത്തിയ പരിപാടിയിലും മോദി സമാനമായ പരാമർശം നടത്തി.

നരേന്ദ്രമോദി തന്റെവാക്കുകൾ വളച്ചോടിച്ചതാണെന്ന് രാഹുൽഎക്‌സിൽ കുറിച്ചു. താൻ ഒരു മതവിശ്വാസത്തിന്റെയും ഭാഗമായ ശക്തിയെയല്ല പറഞ്ഞതെന്നും കള്ളങ്ങളുടെയും അഴിമതിയുടെയും ശക്തിയെക്കുറിച്ചാണ് പറഞ്ഞതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇന്ത്യയുടെ ശബ്ദം ഇല്ലാതാക്കിയ ഇഡി സിബിഐ ആദായനികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ ആയുധമാക്കി പ്രവർത്തിക്കുന്ന ശക്തിയെ കുറിച്ചാണ് താൻ പറഞ്ഞതെന്നും, അതിന്റെ മുഖം മൂടി മാത്രമാണ് മോദി എന്നുമാണ് രാഹുൽ എക്‌സിൽ കുറിച്ചത്.

മോദിക്ക് മനസിലാകുന്നതുപോലെ തനിക്കും ആ ശക്തിയെ മനസിലാക്കാൻ സാധിക്കുമെന്നും അതുകൊണ്ടാണ് താൻ എപ്പോഴെങ്കിലും ശബ്ദം ഉയർത്തിയാൽ അപ്പോൾ തന്നെ നരേന്ദ്രമോദിയും മുനയിൽ നിർമ്മിച്ച അദ്ദേഹത്തിന്റെ സംവിധാനങ്ങളും അസ്വസ്ഥരാകുന്നത്. രാഹുൽപറഞ്ഞു. അസുര ശക്തിയാണോ ദൈവിക ശക്തിയാണോ ഇന്ത്യയെ ഭരിക്കുന്നതെന്നു ഈ തിരഞ്ഞെടുപ്പോടെ മനസിലാകുമെന്നും, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്കാണ് ഉന്നാവോ, കത്വ, ഹത്രാസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതും. വനിതാ ഗുസ്തി താരങ്ങൾ അവഹേളിക്കപ്പെട്ടതും ഈ കാലഘട്ടത്തിലാണെന്നും കോൺഗ്രസ് വക്താവായ സുപ്രിയ ശ്രിനാതെ പറഞ്ഞു.

രാഹുലിന്റെപരാമർശം ഉയർത്തിക്കാണിച്ച് രാഷ്ട്രീയ ചർച്ചയാരംഭിക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിനു മുമ്പും ബിജെപി ഈ തരത്തിൽ പ്രതിപക്ഷത്ത് നിന്നുണ്ടായ പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ ആയുധമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2019ൽ രാഹുൽ നടത്തിയ ചൗക്കിദാർ ചോർ ഹേ എന്ന പരാമർശം. "മേം ഭീ ചൗക്കിദാർ ഹൂം" എന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ബിജെപി പ്രവർത്തകർ ആരംഭിച്ചു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് മോദി അവിവാഹിതനായി തുടരുന്നതിന് കുറിച്ചു നടത്തിയ പരാമർശത്തെ ബിജെപി "മോദി കാ പരിവാർ എന്ന പ്രചാരണമാക്കിയാണ് ഉപയോഗപ്പെടുത്തിയത്. 2014ൽ കോൺഗ്രസ് നേതാവ് മാണി ശങ്കർ അയ്യർ നടത്തിയ ചായ് വാല പരാമർശത്തിന്റെ ബാക്കിയാണ് "ചായ് പേ ചർച്ച." അതിനും ഏറെ മുമ്പ് 2007ൽ ഗുജറാത്തിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ മോദിയെ കുറിച്ച് സോണിയ ഗാന്ധി നടത്തിയ "മൗത് കാ സൗദാകർ" അഥവാ മരണത്തിന്റ കച്ചവടക്കാരൻ എന്ന പ്രയോഗം ബിജെപിയെ 117 സീറ്റിൽ നിന്നും ഗുജറാത്ത് നിയമസഭയിൽ 182 സീറ്റിലേക്കെത്തിച്ചു. അത്തരത്തിൽ ഈ പരാമർശത്തെയും മാറ്റമെന്നായിരുന്നു ബിജെപി കരുതിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും