ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ഗവേഷക വിദ്യാർഥിയും ഐഐടി ബിരുദധാരിയുമായ ഒരു യുവാവ് വിചാരണ തടവുകാരനായി കഴിയാൻ തുടങ്ങിയിട്ട് നാലുവർഷം പിന്നിട്ടിരിക്കുകയാണ്. ഏറെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്തെ വിദ്യാർഥികൾ തെരുവിലിറങ്ങിയപ്പോൾ അതിലൊരു പേരുകാരനായിരുന്നു ഷർജീൽ ഇമാം. എന്നാൽ ഇന്ന് 'ദേശദ്രോഹി'യെന്ന ചാപ്പകുത്തി ഭരണകൂടം ജയിലിലടച്ചിരിക്കുകയാണ്.
2020 ജനുവരി 16ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പരിസരത്ത് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ പോലീസാണ് ഷർജീലിനെതിരെ കേസെടുക്കുന്നത്. ദേശദ്രോഹം, യുഎപിഎ, ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചന എന്നിങ്ങനെ നിരവധി വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഒരെണ്ണം പോലും തെളിയിക്കപ്പെട്ടിട്ടില്ല. ആകെയുള്ള എട്ടുകേസുകളിൽ അഞ്ചെണ്ണത്തിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും യു എ പി എ കേസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ജയിലിൽ കഴിയേണ്ടി വരുന്നത്.
സമാനമായ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിനെ പോലെ, ഷർജീലിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ നാല് വർഷങ്ങളായി ഡൽഹിയിലെ വിവിധ കോടതികളിൽ വിധിയും കാത്ത് കിടക്കുകയാണ്. യു എ പി എയുടെ പതിമൂന്നാമത്തെ വകുപ്പ് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതിലധികവും വിചാരണ തടവുകാരനായി കഴിയുന്ന ഷർജീൽ ഇതിനോടകം അനുഭവിച്ച് കഴിഞ്ഞിട്ടുണ്ട്. 46 തവണയാണ് ഡൽഹി ഹൈക്കോടതി ഈ ചെറുപ്പക്കാരന്റെ ജാമ്യാപേക്ഷ ലിസ്റ്റ് ചെയ്തത്. അടുത്ത മാസം ആദ്യം മുതൽ അപേക്ഷ പരിഗണിക്കുമെന്നാണ് വിവരം.
2020 ജനുവരി 28ന് അറസ്റ്റ് ചെയ്യപ്പെട്ട ഷർജീലിന്റെ പേരിൽ ആഴ്ചകൾക്കപ്പുറം നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസുമുണ്ട്. അലിഗഢിൽ നടത്തിയ പ്രസംഗം വൈറലാകുന്നതോടെയാണ് ഷർജീൽ നോട്ടപ്പുള്ളിയാകുന്നത്. 2020 ജനുവരി 26-ഓടെ ഉത്തർപ്രദേശ്, ഡൽഹി, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഷർജീലിനെതിരെ അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ജനുവരി 28 അഭിഭാഷകനോടൊപ്പം കീഴടങ്ങാൻ പോകവെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം ഡൽഹി കലാപക്കേസിൽ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഉമർ ഖാലിദിനൊപ്പം പ്രതിയുമായി.