ഷാരൂഖ് ഖാന്റെ ചിത്രം കത്തിക്കുന്ന പ്രതിഷേധക്കാർ  
INDIA

'നിങ്ങൾക്ക് എന്തും പറയാം, ഞങ്ങൾ മുന്നോട്ടുതന്നെ'- വിദ്വേഷ പ്രചാരണങ്ങളെ അവഗണിച്ച ഷാരൂഖിന് സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണ

വെബ് ഡെസ്ക്

റിലീസിന് ഒരുങ്ങുന്ന ബോളിവുഡ് ചിത്രം 'പഠാനെ'തിരെ ബഹിഷ്‌കരണാഹ്വാനം വ്യാപകമാകുമ്പോള്‍, ഷാരൂഖ് ഖാനാണ് ട്വിറ്ററിൽ ട്രെൻഡിങ്. ചിത്രത്തിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിൽ ദീപിക പദുകോൺ ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൊല്ലിയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ, ഈ ചർച്ചകൾ മറ്റ് തലങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിൽ, ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഷാരൂഖിന് നേരെയുള്ള ഒളിയമ്പ് ആണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. വർഗീയ വിമർശനങ്ങളോട് ഷാരൂഖ് ഖാൻ നൽകിയ ആദ്യ പ്രതികരണമാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിയിരിക്കുന്നത്.

സങ്കുചിതമായ കാഴ്ചപ്പാടുകളാണ് പലപ്പോഴും സമൂഹമാധ്യമങ്ങളെ നയിക്കുന്നതെന്നും അവിടെ നിഷേധാത്മകതയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. എന്തൊക്കെ വന്നാലും, എപ്പോഴും പോസിറ്റീവ് ആയിരിക്കും എന്നും വിവാദങ്ങൾക്കപ്പുറം പ്രധാനമായ ഒരു ചുമതല ഈ ചിത്രത്തിന് ഇപ്പോള്‍ ചെയ്യാനുണ്ടെന്നുമാണ് അദ്ദേഹം ആവർത്തിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ ട്വിറ്ററിൽ നിറഞ്ഞിട്ടുണ്ട്.

2013ൽ പ്രസിദ്ധീകരിച്ച 'ബീയിങ് എ ഖാൻ' എന്ന ലേഖനത്തിൽ ഷാരൂഖ് തനിക്ക് കരിയറില്‍ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ വിവരിക്കുന്നുണ്ട്

എന്നാൽ, മതത്തിന്റെ പേരിൽ ഷാരൂഖ് ഖാന് അക്രമങ്ങൾ നേരിടേണ്ടിവരുന്നത് ഇത് ആദ്യമായല്ല. നടന്റെ കോലം കത്തിച്ചത് ഉൾപെടെയുള്ള കാര്യങ്ങൾ അദ്ദേഹം ഒരു ഇസ്ലാം ആണെന്ന് എടുത്തുപറയുന്നു. ഇസ്ലാമിക മത തീവ്രവാദത്തിന്റെ ചർച്ചകൾ രാജ്യത്ത് നടക്കുമ്പോഴൊക്കെയും ഷാരൂഖിന്റെ പേരും മതവും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിട്ടുണ്ട്. ഇതേ കാര്യം ചൂണ്ടിക്കാട്ടി വർഷങ്ങൾക്ക് മുൻപ് ഷാരൂഖ് എഴുതിയ ഒരു ലേഖനമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഔട്ട്‌ലുക്ക് ടേണിങ് പോയിന്റ്‌സ് 2013ൽ പ്രസിദ്ധീകരിച്ച 'ബീയിങ് എ ഖാൻ' എന്ന ലേഖനത്തിൽ അദ്ദേഹം തനിക്ക് കരിയറില്‍ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ വിവരിക്കുന്നുണ്ട്. ഖാൻ എന്ന നാമത്തിന്റെ പേരിലാണ് തനിക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വന്നതെന്ന് അദ്ദേഹം ലേഖനത്തിൽ വിവരിക്കുന്നു.

ഖാൻ എന്ന പേരിനെ ചൊല്ലി എനിക്ക് എന്റെ കരിയറില്‍ ഉടനീളം വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ട്
ഷാരൂഖ് ഖാൻ

ലേഖനത്തിന്റെ ഉള്ളടക്കം ഇങ്ങനെ:

ഞാനൊരു നടനാണ്. എന്റെ ചിത്രങ്ങൾ കാണുന്നവർക്ക് കഥാപാത്രത്തിന്റെ ഭാവവും വൈകാരികതയും അവരുടേതായി കാണാൻ കഴിയുന്നിടത്താണ് എന്റെ കലയുടെ അന്തസത്ത. ഞാൻ ഒരു 'ഖാൻ' ആണ്. ആ വാക്കിന് പലപ്പോഴും പല ചിത്രങ്ങളും അർത്ഥങ്ങളും ഉണ്ടാക്കാൻ സാധിക്കും. തലപ്പാവ് കെട്ടി കുതിരപ്പുറത്ത് വരുന്ന ഒരു മനുഷ്യൻ, കാലങ്ങളായി ചിത്രീകരിച്ച് വച്ചിരിക്കുന്ന ഒരു തീവ്രവാദിയുടെ മുഖം.. ഇവയൊക്കെ ചിത്രീകരിച്ചിരിക്കുന്നത് തന്നെയാണ്.

ഖാൻ എന്ന പേരിനെ ചൊല്ലി എനിക്ക് എന്റെ കരിയറില്‍ ഉടനീളം വിമർശനമേൽക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ ഒരു സാധാരണ മനുഷ്യനാണ്. സ്റ്റീരിയോടൈപിങ് നാം ആയിരിക്കുന്ന ലോകത്ത് എപ്പോഴും ഉണ്ടാകും. എന്നാൽ, എനിക്ക് ചുറ്റും ഇതിന്റെ സ്വാധീനം കൂടുതലാണ്. ഇവയിൽ എന്റെ ജാതിയും മതവും പേരും അനാവശ്യമായി കൂട്ടിച്ചേര്‍ക്കാറുണ്ട്. എന്റെ രാജ്യത്തിൽ മുസ്ലീം തീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുമ്പോഴൊക്കെ ഞാനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു. ഇസ്ലാം മത തീവ്രവാദികൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളോട് എല്ലാ മുസ്ലീങ്ങളെയും കൂട്ടിവായിക്കുന്നതിനെ എതിർക്കാൻ ഒരു മുസ്ലീം എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്വമുണ്ട്. തീവ്രവാദികളുടെ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ മതം പിന്തുടരുന്ന ഞങ്ങളെ അവരോടൊപ്പം കൂട്ടിച്ചേർക്കുന്നതിനെ തടയാൻ ഞാനും ബാധ്യസ്ഥനാണ്.

ഭാവിയിൽ സ്വന്തം ജന്മനാട്ടിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടാതിരിക്കാൻ ഞാൻ എന്റെ മക്കൾക്ക് ആര്യൻ എന്നും സുഹാന എന്നുമാണ് പേര് നൽകിയിരിക്കുന്നത്

എന്നാൽ, ദേശസ്നേഹത്തിനെതിരായ ഏത് പ്രവർത്തിയിലും എന്റെ പേരും ചേർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ആയുധമായി ഞാൻ മാറുന്നുണ്ട്. സ്വന്തം രാജ്യത്തേക്കാൾ ഞാൻ അയൽരാജ്യത്തോട് കൂറ് പുലർത്തുന്നുവെന്ന് ആരോപിക്കപ്പെട്ട സന്ദർഭങ്ങളുണ്ട്. സ്വന്തം രാജ്യം വിട്ട് അവർ പറയുന്ന എന്റെ 'ജന്മനാട്ടിലേക്ക്' പോകാൻ പ്രഖ്യാപിച്ച് എനിക്കെതിരെ റാലികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതൊക്കെയും ഞാൻ ബോധപൂർവം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഭാവിയിൽ സ്വന്തം ജന്മനാട്ടിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടാതിരിക്കാൻ ഞാൻ എന്റെ മക്കൾക്ക് ആര്യൻ എന്നും സുഹാന എന്നുമാണ് പേര് നൽകിയിരിക്കുന്നത്. അത് അവരെ പോലും സംശയിപ്പിക്കണം. അവർ ഏത് മതത്തിൽപ്പെടുന്നു എന്ന ചോദ്യത്തിന് മറുപടി ആദ്യന്തികമായി അവർ ഇന്ത്യക്കാരാണ്‌ എന്നാണ്, മതം മനുഷ്യത്വവും.

ഖാൻ എന്ന പേരുള്ളവരൊക്കെ തീവ്രവാദിയല്ലെന്ന് പറയുന്ന ഒരു ചിത്രം ഖാൻ എന്ന നാമത്തിൽ നിർമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ലേഖനത്തിൽ പറയുന്നു. എന്നാൽ, ആ ചിത്രത്തിന്റെ അവതരണത്തിനായി അമേരിക്കയിലേക്ക് പോകുമ്പോൾ പോലും വിമാനത്താവളത്തിൽ അദ്ദേഹത്തിന് തന്റെ പേരിൽ വിശദീകരണം നൽകേണ്ടതായി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ എപ്പോഴും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞ് പഴകിയ ഇത്തരം സ്റ്റീരിയോടൈപ്പുകൾ മാറ്റാൻ സമയമായെന്നും പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിച്ചത്. നിർഭാഗ്യവശാൽ, വർഷങ്ങൾക്ക് ഇപ്പുറവും ഇത്തരം പ്രവണതകളും മതത്തിന്റെ പേരിലുള്ള ചേരിതിരിവുകൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നത് കഴിഞ്ഞ ദിവസങ്ങളിലെ ട്വീറ്റുകളിൽ നിന്ന് വ്യക്തമാണ്.

അതേസമയം, ഷാരൂഖിനെ പിന്തുണച്ചും അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ അനുകൂലിച്ചും ചലച്ചിത്ര പ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. 'ബോയ്‌കോട്ട് പഠാൻ' കാംപെയിനോട് മാത്രമല്ല, ഇത്തരം ഒറ്റപ്പെെടുത്തലുകളോട് കൂടിയുള്ള പ്രതികരണമാണ് ഷാരൂഖ് നടത്തിയതെന്നുമാണ് ആരാധകർ അവകാശപ്പെടുന്നത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ