കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത മുഴുവന്‍ പേര്‍ക്കും നന്ദിയറിച്ച് ശശി തരൂര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയിലൂടെയാണ് തരൂര്‍ പുതിയ അധ്യക്ഷനെ അഭിനന്ദിക്കുകയും മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെയ്ക്ക് 7897 വോട്ട് ലഭിച്ചപ്പോള്‍ 1072 വോട്ടാണ് തരൂരിന് ലഭിച്ചത്.
ഖാർഗെയുടെ വിജയത്തിന് പിന്നാലെ തരൂർ ഇറക്കിയ അഭിനന്ദന കുറിപ്പ് ഇങ്ങനെ.
''ഒക്ടോബര്‍ 17-ന്, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ആഘോഷത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 9500-ലധികം പ്രതിനിധികള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഇന്ന് അന്തിമ വിധി ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അനുകൂലമായി. അദ്ദേഹത്തിന്റെ വിജയത്തിന് ഞാന്‍ ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പാര്‍ട്ടി പ്രതിനിധികളുടെ തീരുമാനമാണ് അന്തിമം. അത് ഞാന്‍ എളിമയോടെ സ്വീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ അവരുടെ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന കോണ്‍ഗ്രസില്‍ അംഗമാവുക എന്നത് വിശിഷ്ടാധികാരമാണ്. ''
''സഹപ്രവര്‍ത്തകനായ ഞങ്ങളുടെ പുതിയ പ്രസിഡന്റ് മുതിര്‍ന്ന നേതാവും നേതൃപാടവവും അനുഭവപരിചയവുമുള്ള വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഞങ്ങളുടെ പാര്‍ട്ടി പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.'
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. പാര്‍ട്ടിയുടെ ഉന്നമനത്തിനായുള്ള ഈ തെരഞ്ഞെടുപ്പില്‍ അര്‍പ്പണബോധത്തോടെ കൂടുതല്‍ സമയവും ജോലി ചെയ്ത അറിയപ്പെടാത്ത മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലും പാര്‍ട്ടിയുടെ ഭാവിക്കായി കാല്‍നൂറ്റാണ്ടോളം പ്രവര്‍ത്തിച്ച് അധ്യക്ഷസ്ഥാനം ഒഴിയുന്ന സോണിയ ഗാന്ധിയോട് നമുക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.
പാര്‍ട്ടിയുടെ പുതിയ ഭാവിക്ക് വേണ്ടിയുള്ള ഈ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അംഗീകാരം നല്‍കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയോടുള്ള വിവേകത്തിന്റെയും കാഴ്ചപ്പാടിന്റെയും തെളിവാണെന്ന് നിസംശയം പറയാം. മുന്നിലുള്ള വെല്ലുവിളികള്‍ അതിജീവിക്കാന്‍ പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തെ നയിക്കാനും പ്രചോദിപ്പിക്കാനും അവര്‍ തുടരുമെന്നാണ് എന്റെ പ്രതീക്ഷ.
സ്വതന്ത്രവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ പിന്തുണ നല്‍കിയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നന്ദി അറിയിക്കുന്നു. നെഹ്‌റു- ഗാന്ധി കുടുംബത്തിന് പാര്‍ട്ടി അംഗങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. അത് എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഈ കുടുംബം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തൂണായും ഊര്‍ജമായും തുടരുമെന്നാണ് എന്റെ പ്രതീക്ഷയും വിശ്വാസവും. ഭാരത് ജോഡോ യാത്രയുടെ വിജയം ജനങ്ങള്‍ക്ക് നെഹ്‌റു-ഗാന്ധി കുടുംബത്തോടുള്ള വിശ്വാസത്തിന്റെ തെളിവാണ്.
മുന്നിലെ എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച ആവേശഭരിതമായ സന്നദ്ധസംഘത്തിനും എന്റെ പ്രത്യേക നന്ദി. തിരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ആത്യന്തികമായി പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന കാഴ്ചപ്പാടാണ് ഞാന്‍ എപ്പോഴും പ്രകടിപ്പിക്കുന്നത്. ഇത് സാധിച്ചുവെന്നത് എനിക്ക് വ്യക്തിപരമായ സംതൃപ്തി നല്‍കുന്നു. ഞങ്ങളുടെ ജനാധിപത്യ മത്സരം പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും മാറ്റത്തെക്കുറിച്ചുള്ള ആരോഗ്യകരവും ക്രിയാത്മകവുമായ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. ഇത് ഭാവിയില്‍ പാര്‍ട്ടിയെ നല്ല നിലയില്‍ സേവിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് അധികാരിയായ ശ്രീ മധുസൂദനന്‍ മിസ്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിനന്ദിക്കുന്നു.
ശോഭനമായ ജനാധിപത്യ ഭാവിയിലേക്ക് രാജ്യത്തെ നയിക്കേണ്ടത് നമ്മുടെ കടമയാണ്. മഹാത്മാഗാന്ധിയെയും നെഹ്റുജിയെയും ഡോ. അംബേദ്കറെയും പ്രചോദിപ്പിച്ച ബഹുസ്വരതയും സമൃദ്ധവും സമത്വവുമുള്ള ഇന്ത്യയുടെ ആദര്‍ശങ്ങള്‍ക്കെതിരെ ഭരണകക്ഷി അഴിച്ചു വിടുന്ന കടന്നാക്രമണത്തിനെതിരെ നമുക്ക് പോരാടേണ്ടതുണ്ട്. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ പാര്‍ട്ടിയുടെ പുനരുജ്ജീവനം ആരംഭിച്ചു കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.