INDIA

മൂന്ന് പതിറ്റാണ്ടിനുശേഷം ശ്രീനഗറില്‍ ഷിയാ വിഭാഗത്തിന്റെ മുഹറം ഘോഷയാത്ര

ഗുരുബസാറില്‍നിന്ന് ദാല്‍ഗേറ്റ് വരെയുള്ള പരമ്പരാഗത വഴിയില്‍ ഘോഷയാത്ര നടത്താനാണ് ജമ്മു-കശ്മീര്‍ ഭരണകൂടം അനുമതി നൽകിയത്

വെബ് ഡെസ്ക്

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ശ്രീനഗറില്‍ മുഹറം ഘോഷയാത്ര നടത്തി ഷിയാ വിഭാഗം. ജമ്മു-കശ്മീര്‍ ഭരണകൂടത്തിന്റെ അനുമതിയെത്തുടർന്നാണ് ഘോഷയാത്ര നടത്തിയത്. ഗുരുബസാറില്‍നിന്ന് ദാല്‍ഗേറ്റ് വരെ യാത്ര നടത്താനാണ് അനുമതി നൽകിയത്.

മുഹറത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ ആറ് മുതല്‍ എട്ട് വരെ പരമ്പരാഗത വഴികളിലൂടെ ഘോഷയാത്ര അനുവദിക്കാനാണ് ഭരണകൂടം അനുമതി നൽകിയത്. ഘോഷയാത്ര സംഘടിപ്പിക്കാന്‍ അനുവദിക്കണമെന്ന ഷിയ നേതാക്കളുടെ അപേക്ഷയെ തുടര്‍ന്നാണ് അനുമതി നൽകിയതെന്ന് കാശ്മീര്‍ ഡിവിഷന്‍ കമ്മിഷണർ വിജയ് കുമാര്‍ ബിധുരി പറഞ്ഞു.

ഗുരു ബസാര്‍-ബുദ്ഷാ പാലം-എംഎ റോഡ്-ദാല്‍ഗേറ്റ്-സാദിബല്‍ എന്നീ വഴികളില്‍ മുഹറം ഘോഷയാത്രയ്ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഷിയാ നേതാക്കള്‍ ചൊവ്വാഴ്ച ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ടിരുന്നു. എംഎ റോഡ്, ദാല്‍ഗേറ്റ് പ്രദേശങ്ങളില്‍ ദിവസം മുഴുവന്‍ തിരക്കനുഭവപ്പെടുന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാനാണ് സമയക്രമം അനുവദിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിന്റെ പേരില്‍ ആരെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ബിധുരി ചൂണ്ടിക്കാട്ടി

''ഗുരുബസാര്‍ മുതല്‍ ദാല്‍ഗേറ്റ് വരെ മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന് വളരെക്കാലമായി ഷിയാ സഹോദരന്മാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ 32-33 വര്‍ഷമായി ഇത് അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഘോഷയാത്രയ്ക്ക് അനുമതി നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു. ഇത് ചരിത്രമായി വലിയൊരു ചുവടുവയ്പാണ്,'' ബിധുരി പറഞ്ഞു.

ഘോഷയാത്ര സമാധാനപരമായി അവസാനിച്ചാല്‍ മറ്റ് വിഷയങ്ങളില്‍ സമാനമായ തീരുമാനം കൈക്കൊള്ളാന്‍ ഭരണകൂടത്തെ അത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ ആരെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ അവര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ബിധുരി ചൂണ്ടിക്കാട്ടി. ഘോഷയാത്രയ്ക്കായുള്ള മുന്നൊരുക്കങ്ങളെല്ലാം കൈക്കൊള്ളുമെന്നും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1989 ല്‍ അന്നത്തെ സര്‍ക്കാര്‍ മുഹറം എട്ട്, 10 ദിവസങ്ങളിൽ പരമ്പരാഗത വഴികളിലൂടെ നടത്തുന്ന ഘോഷയാത്ര നിരോധിച്ചിരുന്നു. നിരവധി വ്യവസ്ഥകളോടെയാണ് ഇപ്പോള്‍ ഘോഷയാത്ര അനുവദിച്ചതെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഐജാസ് അസദ് പറഞ്ഞു. ദേശ/സ്ഥാപന വിരുദ്ധ മുദ്രാവാക്യങ്ങളോ പ്രസംഗങ്ങളോ ഉണ്ടാവരുതെന്നും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഒരു തരത്തിലും ഭീഷണി ഉയര്‍ത്തരുതെന്നും മുന്നറിയിപ്പ് നിർദേശം നൽകിയിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്