ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ ഡോ. മേധ കിരിത് സോമയ്യ നല്‍കിയ മാനനഷ്ടക്കേസില്‍ 15 ദിവസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ശിവസേന(യുബിടി) നേതാവ് സഞ്ജയ് റാവുത്തിന് ആശ്വാസം. റാവുത്ത് നല്‍കിയ അപ്പീലില്‍ മുംബൈ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
ജാമ്യം തേടിയും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് റാവുത്ത് നല്‍കിയ രണ്ട് വ്യത്യസ്ത അപ്പീല്‍ ഹര്‍ജികളും ഫയലില്‍ സ്വീകരിച്ച മുംബൈ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
മുംബൈയ്ക്ക് സമീപമുള്ള മിരാ ഭയന്ദര്‍ പ്രദേശത്ത് പൊതു ശൗചാലയങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് താനും ഭര്‍ത്താവും ചേര്‍ന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണം റൗത്ത് ഉന്നയിച്ചതായി പരാതി ഉന്നയിച്ച് സോമയ്യ കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മസ്ഗാവ് ശിവസേന നേതാവിനെ പതിനഞ്ച് ദിവസത്തെ തടവിന് ശിക്ഷിച്ചത്.
ഐപിസി വകുപ്പ് 500 പ്രകാരം റാവുത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 15 ദിവസത്തെ തടവു ശിക്ഷയ്ക്കു പുറമേ 25,000 രൂപ പിഴയും വിധിച്ചിരുന്നു. തനിക്കും ഭര്‍ത്താവിനുമെതിരേ റാവുത്ത് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും പൊതു സമൂഹത്തിനു മുന്നില്‍ തങ്ങളെ ചെളിവാരിത്തേക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നും ഡോ. മേധ കിരിത് സോമയ്യയുടെ പരാതിയില്‍ പറയുന്നുണ്ടായിരുന്നു. കോടതി ഇത് ശരിവച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചത്.