മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് ഹിന്ദുത്വ സംഘടനകള്‍ ഗംഭീര വരവേല്‍പ്പ് നല്‍കിയിട്ട് ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടിട്ടുള്ളത്. ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ കാര്യത്തില്‍ സംഭവിച്ചത് ഇവിടെയും ആവർത്തിക്കുകയായിരുന്നു. അതുകൊണ്ട് ഞെട്ടലുളവാക്കുന്ന ഒരു സന്ദർഭമായിരുന്നില്ല അത്. എന്നാല്‍, ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ കാര്യത്തില്‍ ഒരു പടികൂടി കടന്നിരിക്കുന്നു.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ ശ്രീകാന്ത് പങ്കാർക്കർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേനയില്‍ ചേർന്നിരിക്കുകയാണ്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നീക്കം. പാർട്ടി നേതാവും മുൻമന്ത്രിയുമായ അർജുൻ ഖോത്‌കറാണ് കൊലക്കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പാർട്ടിയിലേക്ക് സ്വീകരിക്കുക മാത്രമല്ല ജല്‍ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഇതിലൂടെ ശിവസേന നല്‍കുന്ന സന്ദേശമെന്താണ്?
കോടതി നടപടികള്‍ പൂർത്തിയാക്കിയ ശേഷമാണ് പങ്കാർക്കറുടെ വരവെന്ന ന്യായീകരണമാണ് നേതാക്കള്‍ നല്‍കുന്നത്. ഇതുതന്നെയായിരുന്നു ബില്‍ക്കിസ് ബാനു കേസ് പ്രതികളെ സ്വീകരിച്ചപ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ വിശദീകരണവും. അതുകൊണ്ട് മാത്രം നീക്കത്തെ പ്രതിരോധിക്കാനാകുമോയെന്നതാണ് ചോദ്യം. കാരണം, പങ്കാർക്കറുടെ വരവ് പാർട്ടിയുടെ ഒരുവിഭാഗം അറിഞ്ഞിട്ടില്ലെന്നാണ് മഹാരാഷ്ട്രയില്‍നിന്ന് വരുന്ന റിപ്പോർട്ടുകള്‍. ഷിൻഡെ വിഭാഗത്തിന്റെ വക്താവും എംഎല്‍എയുമായ സഞ്ജയ് ശിർസാത് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ബാബ സിദ്ദിഖിയുടെ മരണത്തെ തുടർന്ന് മഹാരാഷ്ട്രയില്‍ ഭരണത്തിലുള്ള മഹായുതി സഖ്യത്തിനുള്ളില്‍ വിള്ളലുണ്ടായിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസ് നയിക്കുന്ന ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സഖ്യകക്ഷികള്‍തന്നെ വിമർശനം ഉന്നയിച്ചുകഴിഞ്ഞു. പങ്കാർക്കറുടെ ശിവസേന പ്രവേശനം പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും തീർച്ചയാണ്. കുറ്റവാളിയെ പാർട്ടിയുടെ മുഖമായി ഒരു മണ്ഡലത്തില്‍ അവതരിപ്പിക്കുന്നുവെന്നത് തന്നെയാകും പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപവും.
ഗൗരി ലങ്കേഷ് വധക്കേസ് മാത്രമല്ല പങ്കാർക്കറുടെ മേലിലുള്ള കുറ്റം. ആയുധശേഖരണ കേസില്‍ മഹാരാഷ്ട്രയിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡും പങ്കാർക്കറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷ് കേസില്‍ കർണാടക പ്രത്യേക അന്വേഷണ സംഘമായിരുന്നു പങ്കാർക്കറെ പിടികൂടിയത്.
ഗൗരി ലങ്കേഷ് വധക്കേസില്‍ ആയുധം കൈമാറിയതും പരിശീലനത്തില്‍ പങ്കെടുത്തെന്നും ഗൂഢാലോചനയുടെ ഭാഗമായെന്നുമാണ് പങ്കാർക്കെതിരായ ആരോപണങ്ങള്‍. കുറ്റകൃത്യം നടന്ന സന്ദർഭത്തില്‍ അവിടെ പങ്കാർക്കർ ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടക ഹൈക്കോടതി സെപ്റ്റംബർ നാലിന് പങ്കാർക്കർക്ക് ജാമ്യം നല്‍കിയത്.
ആയുധശേഖരണക്കേസില്‍ 2018 ഓഗസ്റ്റില്‍ മഹാരാഷ്ട്രയിലെ നല്ലസോപരയില്‍ നിന്ന് പിസ്റ്റളുകളും എയർഗണ്ണുകളും ക്രൂഡ് ബോംബുകളും കണ്ടെത്തിയിരുന്നു. ഈ ആയുധങ്ങള്‍ വാങ്ങാനുള്ള ധനസഹായം പങ്കാർക്കർ നല്‍കിയതായാണ് എടിഎസ് ആരോപിക്കുന്നത്. 12 പേരായിരുന്നു കേസില്‍ അറസ്റ്റിലായത്. 2018 ഡിസംബറിലായിരുന്നു എടിഎസ് കുറ്റപത്രം സമർപ്പിച്ചത്. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ഈ വർഷം ജൂലൈയിലാണ് ബോംബെ ഹൈക്കോടതി പങ്കാർക്കർക്ക് ജാമ്യം നല്‍കിയത്.
രാഷ്ട്രീയ മേഖലയില്‍ നിലനിന്നിരുന്ന വ്യക്തികൂടെയാണ് പങ്കാർക്കർ. 2001 മുതല്‍ 2006 വരെ ജല്‍ന മുൻസിപ്പല്‍ കൗണ്‍സിലറുടെ ചുമതലയില്‍ തുടർന്നിരുന്ന വ്യക്തിയാണ് പങ്കാർക്കർ. അന്ന് ശിവസേന പിളർന്നിരുന്നില്ല. ശേഷം 2011 തിരഞ്ഞെടുപ്പില്‍ പാർട്ടി പങ്കാർക്കറിനെ പരിഗണിച്ചില്ല. ഇതേതുടർന്നായിരുന്നു പങ്കാർക്കർ ശിവസേന വിട്ടത്.