ശിവമോഗ വിമാനത്താവളം  
INDIA

ശിവമോഗ വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേര്; വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം കാത്ത് കര്‍ണാടക സര്‍ക്കാര്‍

യെദ്യൂരപ്പയെയും അനുയായികളെയും ചേര്‍ത്തു നിര്‍ത്താനുള്ള ബിജെപി തന്ത്രമെന്ന് വിലയിരുത്തൽ

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടയിലെ ശിവമോഗ ജില്ലയില്‍ പണി കഴിപ്പിച്ച വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേരിടാന്‍ മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍. ഇതിനായി വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം തേടി അപേക്ഷ സമര്‍പ്പിച്ചതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കും. അതിന് മുന്നോടിയായി നാമകരണം സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍.

ജീവിച്ചിരിക്കുന്നവരുടെ പേര് നല്‍കുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷം

വിമാനത്താവളത്തിന് യെദ്യൂരപ്പയുടെ പേര് ബിജെപി സര്‍ക്കാര്‍ നിര്‍ദേശിച്ച ഘട്ടത്തില്‍ തന്നെ എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. കര്‍ണാടകയുടെ സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ തിളങ്ങിയ പ്രമുഖരുടെ സ്മരണ നിലനിര്‍ത്താന്‍ വിമാനത്താവളത്തിന് പേരിടണം എന്നായിരുന്നു ഇവരുടെ നിര്‍ദേശം. ജീവിച്ചിരിക്കുന്നവരുടെ പേര് നല്‍കുന്നത് ഉചിതമല്ലെന്നും ആക്ഷേപമുണ്ടായി. എന്നാല്‍ അന്തിമ തീരുമാനം എടുത്തില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രതിഷേധക്കാരെ നേരിടുകയായിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ശിവമോഗ വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

വിമാനത്താവളത്തിൻ്റെ ആകാശദൃശ്യം
ശിവമോഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തിലെ ജനപ്രതിനിധിയാണ് നിലവില്‍ യെദ്യൂരപ്പ

മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതും മകന്‍ ബി വൈ വിജയേന്ദ്രയ്ക്ക് പാര്‍ട്ടിയില്‍ ഉചിതമായ സ്ഥാനം നല്‍കാത്തത്തിലും യെദ്യൂരപ്പ ബിജെപി യുമായി അസ്വാരസ്യത്തിലാണ്. 2012 ല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് കര്‍ണാടക ജനപക്ഷ എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കിയ യെദ്യൂരപ്പ 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാന്‍ കാരണക്കാരനായിരുന്നു. ശിവമോഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തിലെ ജനപ്രതിനിധിയാണ് നിലവില്‍ യെദ്യൂരപ്പ. ജില്ലയില്‍ ആര്‍ എസ് എസ് കാര്യവാഹക് ആയായിരുന്നു യെദ്യൂരപ്പ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്ത് സമുദായത്തില്‍ നിന്നുളള ആളാണ് അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ യെദ്യൂരപ്പയെയും അനുയായികളെയും ചേര്‍ത്തു നിര്‍ത്താനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായാണ് വിമാനത്താവള നാമകരണം വിലയിരുത്തപ്പെടുന്നത്. പൊതു -സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തില്‍ 450 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച വിമാനത്താവളത്തിന് 2020 ല്‍ അന്ന് മുഖ്യമന്ത്രി ആയിരുന്ന ബി എസ് യെദ്യൂരപ്പ തന്നെയായിരുന്നു തറക്കല്ലിട്ടത്. കര്‍ണാടകയിലെ ഏഴാമത്തെ ആഭ്യന്തര വിമാനത്താവളമാണ് ശിവമോഗ വിമാനത്താവളം. രണ്ട് അന്താരാഷ്ട്ര വിമാനത്താവളമുള്‍പ്പെടെ ഒൻപത് വിമാനത്താവളങ്ങളാണ് കര്‍ണാടകത്തിലുള്ളത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം