ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിന്റെ മുഖ്യമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ ഇരുന്നയാള്‍, അഞ്ച് തവണ ലോക്‌സഭാ എംപി, കക്ഷിരാഷ്ട്രീയ ഭേദമന്യേവിശാല ബന്ധങ്ങളുള്ളയാള്‍... മാമാജിയെന്ന് അറിയപ്പെടുന്ന ശിവ്‌രാജ് സിങ് ചൗഹാന്‍ എന്ന മുതിര്‍ന്ന ബിജെപി നേതാവിന് വിശേഷണങ്ങള്‍ ഏറെയാണ്.
അതുകൊണ്ടു തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏഴാമനായി സത്യവാചകം ചൊല്ലാന്‍ ചൗഹാന്റെ പേര് ക്ഷണിച്ചപ്പോള്‍ സദസില്‍ നിന്ന് നിറഞ്ഞ കൈയടി ഉയര്‍ന്നത്. എന്നാല്‍ മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇതായിരുന്നില്ല ചൗഹാന്റെ സ്ഥിതി.
2023 നവംബറില്‍ മധ്യപ്രദേശില്‍ ബിജെപിയെ തിളക്കമാര്‍ന്ന ജയത്തിലേക്ക് നയിച്ച ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന തീരുമാനമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. ഉജ്ജെയ്‌നില്‍ നിന്നുള്ള എംഎല്‍എയും ചൗഹാനെക്കാള്‍ ഏറെ ജൂനിയറുമായ മോഹന്‍ യാദവിനെ സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ നിയോഗിക്കുകയായിരുന്നു. അധികാരക്കൈമാറ്റത്തില്‍ പരസ്യപ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും തന്റെ രാഷ്ട്രീയ ഭാവി തുലാസിലാകുമെന്ന് മനസിലാക്കിയ ചൗഹാന്‍ ഒരു പ്രയോഗമങ്ങു ചെയ്തു. തന്നെ 'മാമാജി' എന്നു വിളിച്ചു സ്‌നേഹിക്കുന്ന മധ്യപ്രദേശിലെ ജനങ്ങള്‍ക്കു മുന്നില്‍ നിന്ന് വൈകാരികതയോടെ ഒരു വിടവാങ്ങല്‍ പ്രസംഗമങ്ങു കാഴ്ചവച്ചു.
പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 1250 രൂപ ഉറപ്പാക്കുന്ന ലഡ്‌ലി ബെഹ്ന യോജന പോലുള്ള നിരവധി വെല്‍ഫെയര്‍ സ്‌കീമുകള്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടപ്പാക്കിയ ചൗഹാന്റെ വൈകാരിക പ്രസംഗം ജനങ്ങളുടെ ഹൃദയത്തിലാണ് കൊണ്ടത്. ചൗഹാനു വേണ്ടി പ്രവര്‍ത്തകര്‍ പരസ്യമായി നിരത്തിലിറങ്ങി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മധ്യപ്രദേശ് നിര്‍ണായകമാണെന്നു മനസിലാക്കിയ ബിജെപി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതോടെ കീഴടങ്ങി. മധ്യപ്രദേശില്‍ നേരിട്ടെത്തിയാണ് മോദി ചൗഹാനെ ഒഴിവാക്കിയതല്ല, മറിച്ച് കൂടുതല്‍ വലിയ ചുമതലകള്‍ ഏല്‍പിക്കാനൊരുങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏപ്രില്‍ 24-ന് ഹാര്‍ധയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ വീണ്ടും അക്കാര്യം ആവര്‍ത്തിച്ചു പറഞ്ഞ മോദി വിദിഷ സീറ്റില്‍ നിന്നു ചൗഹാന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. അതോടെയാണ് ജനരോഷം തണുത്തത്.
വിദിഷയില്‍ നിന്ന് എട്ടു ലക്ഷത്തിലധികം വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ ചൗഹാന്‍ വിജയിച്ചു കയറിയതോടെ തന്നെ കേന്ദ്ര മന്ത്രിസഭയില്‍ ഒരു പ്രമുഖ സ്ഥാനം ഉറപ്പാക്കിയിരുന്നു. മോദിയും ബിജെപിയും പ്രതീക്ഷിച്ച പോലെ വലിയ ജയം ബിജെപിക്ക് ലഭിക്കാതെ പോകുകയും 10 വര്‍ഷത്തിനു ശേഷം രാജ്യം കൂട്ടുകക്ഷി മന്ത്രിസഭയിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ചൗഹാനെ പിണക്കാതെ ഒപ്പംനിര്‍ത്തേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്.
കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധങ്ങളാണ് ചൗഹാനുള്ളത്. കൂടാതെ മികച്ച നയതന്ത്രജ്ഞനുമാണ്. മധ്യപ്രദേശില്‍ പരസ്പരം പോരടിച്ചു നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥുമായുള്ള ഉറ്റ സൗഹൃദവും ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അടുപ്പവുമൊക്കെ ചൗഹാന്റെ നയതന്ത്ര മികവിനെയാണ് ചൂണ്ടിക്കാട്ടിയത്.
ഇപ്പോള്‍ മോദിക്കും ബിജെപിക്കും വേണ്ടതും അത്തരു മികവുറ്റ നേതാവിനെയാണ്. സഖ്യകക്ഷി സര്‍ക്കാരില്‍ എപ്പോള്‍ വേണമെങ്കിലും ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാം. ആ സാഹചര്യത്തില്‍ കക്ഷികള്‍ വിട്ടുപോകാതെ നോക്കാന്‍ ചൗഹാന്റെ നയചാതുരി ഉപയോഗിക്കുകയെന്നു ലക്ഷ്യമിട്ടു തന്നെയാണ് ഒരിക്കല്‍ ഒതുക്കാന്‍ നോക്കിയ മുതിര്‍ന്ന നേതാവിനെ ഇപ്പോള്‍ അവര്‍ ചേര്‍ത്തുപിടിക്കുന്നത്.
ചൗഹാനും ഇത് ഒരു മധുരപ്രതികാരത്തിന് അവസരം നല്‍കിയേക്കും. രണ്ട് പതിറ്റാണ്ടിനടുത്ത് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുകയും പാര്‍ട്ടിയെ മികച്ച ജയങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടും വളരെ ജൂനിയറായ ഒരാള്‍ക്കു വേണ്ടി തന്നെ ഒരു സുപ്രഭാതത്തില്‍ തഴഞ്ഞ കേന്ദ്രനേതൃത്വത്തിനു മുന്നില്‍ വീണ്ടും പഴയ തലയെടുപ്പോടെ നില്‍ക്കാന്‍ ചൗഹാന് കഴിഞ്ഞു. രാഷ്ട്രീയ വനവാസം സ്വീകരിക്കാനൊരുങ്ങിയിടത്തു നിന്നൊരു ഗംഭീര തിരിച്ചുവരവ്.