INDIA

മുഖങ്ങള്‍ നിരവധി; പക്ഷേ നിലപാടുണ്ടോ? 'ഇന്ത്യ' നേരിടുന്ന വെല്ലുവിളിയെന്ത്?

കൂടുതൽ ശക്തരായി പ്രാദേശിക പാർട്ടികൾ വരുന്നത് സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്

വെബ് ഡെസ്ക്

'ഇന്ത്യ' സഖ്യത്തിന്റെ നാലാം യോഗം കഴിയുന്നതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയാരാണെന്നതാണ് ചർച്ചാ വിഷയം. മമത ബാനർജിയും അരവിന്ദ് കെജ്‍രിവാളും മല്ലികാർജുൻ ഖാർഗെയുടെ പേര് മുന്നോട്ടുവച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു ദളിത് നേതാവ് പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നു എന്നതിനെ പൊതുവിൽ 'ഇന്ത്യ' സഖ്യത്തിലെ നേതാക്കൾ സ്വീകരിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് വിജയിക്കാൻ ആവശ്യമായ കാര്യമാണെന്നും, ബാക്കിയെല്ലാം വിജയത്തിനുശേഷം തീരുമാനിക്കാമെന്നുമാണ് ഖാർഗെ പ്രതികരിച്ചത്. ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ നേരത്തെതന്നെ ഉയർത്തിക്കാട്ടേണ്ടതില്ലേ എന്നത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. പ്രധാനമന്ത്രി സ്ഥാനാർഥിയില്ലാതെ മത്സരിക്കുന്ന കോൺഗ്രസിന്റെ പതിവ് രീതിതന്നെ മതിയോ ഇത്തവണയും എന്നതാണ് തീരുമാനിക്കപ്പെടേണ്ടത്.

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി പ്രവർത്തിക്കുന്ന രീതി പരിശോധിച്ചാൽ ഒരു നേതാവിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന പ്രചാരണങ്ങൾ അത്യാവശ്യമാണെന്ന് കാണാൻ സാധിക്കും. ഒരു മുഖം ഉയർത്തിക്കാണിക്കാനാണെങ്കിൽ 'ഇന്ത്യ' സഖ്യത്തിൽ അതിനു സാധിക്കുന്ന നിരവധി മുഖങ്ങളുണ്ട്. ഖാർഗെയെ കൂടാതെ, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുതൽ ശരദ് പവാർ, മമത ബാനർജി, അഖിലേഷ് യാദവ്, നിതീഷ് കുമാർ, ഉദ്ദവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്‍രിവാൾ എന്നിവർ മേൽപ്പറഞ്ഞ സ്ഥാനത്തേക്ക് യോഗ്യരായവർതന്നെയാണ്. ഖാർഗെയെ ഉയർത്തിക്കാണിക്കുക എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ് എന്നത് നിലനിൽക്കുമ്പോൾതന്നെ ഒരു സഖ്യം എന്ന നിലയ്ക്ക് ഇന്ത്യ മുന്നണിക്ക് ഒരു പ്രചാരണ വിഷയം മുന്നോട്ടു വയ്ക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

കർണാടക മുതൽ ഒബിസി വിഷയങ്ങളും ജാതി സെൻസസും ഒരു പ്രധാന പ്രചാരണ വിഷയാമാക്കി ഉയർത്തിക്കാണിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ഏറ്റവുമൊടുവിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടിവന്ന കടുത്ത തോൽ‌വിയിൽ ജാതി സെൻസസ് മുന്നോട്ടുവച്ചത് ഒരു പ്രശ്നമായോ എന്ന് കോൺഗ്രസ് സംശയിക്കുന്നതായും വേണമെങ്കിൽ വിലയിരുത്താം. ജാതി സെൻസസ് ഉയർത്തിക്കാണിക്കുമ്പോൾ, മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തയാറാകാതിരുന്ന രാജീവ് ഗാന്ധിയുൾപ്പെടെയുള്ള ഉദാഹരണങ്ങൾ മുന്നോട്ടുവച്ച് പ്രതിരോധിക്കാൻ മറ്റു സംഘടനകൾക്ക് സാധിക്കും എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

കർണാടകത്തിലെ വിജയത്തിൽനിന്ന് ലഭിച്ച ആവേശം നിലനിർത്താനാകാതെ ഹിന്ദിഹൃദയഭൂമിയിലെ മൂന്നു പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും കോൺഗ്രസിന് നിലതെറ്റി എന്നത് ചെറിയ ക്ഷീണമൊന്നുമല്ല ഇന്ത്യ സഖ്യത്തിന് വരുത്തി വച്ചത്. മമത ബാനർജിയും ഒമർ അബ്ദുള്ളയുമുൾപ്പടെയുള്ളവർ പരസ്യമായിതന്നെ അന്ന് കോൺഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. അസംബ്ലി തിരഞ്ഞെടുപ്പുകളിൽ സംഭവിച്ച തോൽവിയെ തുടർന്ന് ഖാർഗെ വിളിച്ച ഇന്ത്യ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പങ്കെടുത്തിരുന്നില്ല.

കോൺഗ്രസിന്റെ ക്ഷീണം മുന്നണിക്ക് ഗുണം ചെയ്യുമോ?

കോൺഗ്രസിന് ക്ഷീണം സംഭവിച്ചത് സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കൂടുതൽ ശക്തരായി പ്രാദേശിക പാർട്ടികൾ വരുന്നത് സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. തെക്കൻ സംസ്ഥാനങ്ങളിൽ 'ഇന്ത്യ' സഖ്യത്തിലുള്ള പാർട്ടികൾ കൂടുതൽ ശക്തമാകുന്നു എന്നതും ശുഭസൂചനയായിതന്നെ വിലയിരുത്തണം. മഹാരാഷ്ട്രയിൽ ശരദ് പവാറും ഉദ്ദവ് താക്കറെയും കോൺഗ്രസുമായി നല്ല ബന്ധത്തിൽ പോകുന്നു എന്നത്, മറാത്ത ക്വാട്ടയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രശനങ്ങളും കർഷകരുടെ പ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ 'ഇന്ത്യ' സഖ്യത്തിന് ഗുണം ചെയ്യും. തെലങ്കാനയിലെ വിജയം ഈ അവസരത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ജെഡിഎസിനോടൊപ്പം ചേർന്നതോടെ കർണാടകയിൽ വീണ്ടും ബിജെപിയെ പേടിക്കണം എന്നാണ് ഇപ്പോൾ മനസിലാക്കേണ്ടത്. കർണാടകയിൽ ജാതി സെൻസസ് ഒരു വിഷയമായി അവതരിപ്പിച്ചാൽ കർണാടകയിലെ പ്രധാന വോട്ട് ബാങ്കുകളായ, ലിങ്കായത്ത് വൊക്കലിങ്ക വിഭാഗങ്ങളുടെ വോട്ടുകൾ തങ്ങളിൽനിന്നു പോകുമോ എന്ന സംശയം കോൺഗ്രസ് ക്യാമ്പിനുണ്ട്. ഒബിസിക്കാരനായ സിദ്ദരാമയ്യയെയും വൊക്കലിങ്ക വിഭാഗത്തിൽ പെടുന്ന ഡികെ ശിവകുമാറിനെയും ഒരുമിച്ച് നിർത്തി കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ അതിജീവിച്ചു. ആ രീതി പാർലമെന്റിലും നടക്കുമോ എന്നത് സംശയമുള്ള കാര്യമാണ്.

ജാതി സെൻസസ് കാര്യമായി ഗുണം ചെയ്യാൻ പോകുന്നത് ബിഹാറിലാണ്. ആർജെഡിയും ജെഡിയുവും ജാതി സെൻസസിനെ മുന്നിലേക്ക്‌വച്ച് പ്രചാരണങ്ങൾ ശക്തമാക്കി കഴിഞ്ഞു. പറയുന്നതിനപ്പുറം ബിഹാറിൽ അത് പ്രാവർത്തികമാക്കാൻ സാധിച്ചു എന്നത് വളരെ പ്രധാനപ്പെട്ടതുതന്നെയാണ്.

ഒരു പ്രചാരണ വിഷയമില്ല

ജാതി സെൻസസ് ഒരു വിഷയമാക്കാനാകുമോ എന്നത് സംശയമായി തുടരുമ്പോൾ ഇന്ത്യ മുന്നണിക്ക് മുന്നോട്ടുവയ്ക്കാൻ ഒരു ബദൽ ആശയമില്ല. ഇപ്പോഴും രാജ്യത്തെ മുഴുവൻ ജനങ്ങളെയും പൊതുവിൽ ബന്ധപ്പെടുത്തുന്ന തരം ഒരാശയം മുന്നോട്ടുവയ്ക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്ന ഒരാളോട്, നിങ്ങളുടെ പ്രചാരണ വിഷയം എന്താണെന്നു ചോദിച്ചാൽ മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയും ജാതി സെൻസസുമല്ലാതെ പ്രത്യേകിച്ചൊരു പുതിയ ആശയം മുന്നോട്ടു വയ്ക്കാൻ സാധിക്കുന്നില്ല എന്നത് പ്രത്യേകിച്ച് മധ്യവർഗ വോട്ടുകളെ ബിജെപിയോട് അടുപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. അതേസമയം ബിജെപിയെ പിന്തുണയ്ക്കുന്ന ഒരാളോട് എന്താണ് നിങ്ങളുടെ ആശയം എന്ന് ചോദിച്ചാൽ, 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും, രാമക്ഷേത്രം വരുമെന്നുമുൾപ്പെടെ ഏറ്റവും കുറഞ്ഞത് അഞ്ച് കാര്യങ്ങളെങ്കിലും പറയാൻ സാധിക്കുന്നുണ്ട് എന്നത് ഒരു പ്രശ്നമാണ്.

തൊഴിലില്ലായ്മ എന്തുകൊണ്ടാണ് കോൺഗ്രസിന് ഒരു വിഷയമാകാത്തത് എന്നാണ് മനസിലാകാത്തത്. പാർലമെന്റിലെ സുരക്ഷാ വീഴ്ച ഗുരുതര പ്രശ്നമായി നിൽക്കുമ്പോൾതന്നെ പാർലമെന്റിൽ അതിക്രമിച്ച് കയറിയവർ അടക്കം ഉയർത്തുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ കുറിച്ചെങ്ങനെ കോൺഗ്‌സിന്‌ സംസാരിക്കാതിരിക്കാൻ കഴിയുന്നു? മറ്റൊരു പ്രധാനവിഷയം, കോൺഗ്രസിന് വ്യക്തമായൊരു സാമ്പത്തിക നയമില്ല എന്നതാണ്. ബിജെപി ഭരണത്തിൽ കോർപറേറ്റുകൾ സന്തുഷ്ടരാണ് എന്നത് നമ്മളെ ബാധിക്കാൻ പോകുന്ന ഒരു പ്രധാന കാര്യമാണ്.

ബിജെപിയും മോദിയും

ബിജെപിക്ക് മാത്രമായി ഇന്നും ഇന്ത്യയിൽ ഒരു തിരഞ്ഞെടുപ്പ് ആത്മവിശ്വാസത്തോടെ ജയിക്കാനാകുമെന്നു പറയാൻ സാധിക്കാത്ത സാഹചര്യമാണ്. നരേന്ദ്രമോദി എന്ന നേതാവിന് ഇതിൽ വലിയപ്രാധാന്യമുണ്ട്. ജനങ്ങളെ വലിയ തോതിൽ സ്വാധീനിക്കാൻ മോദിക്ക് ഇപ്പോഴും സാധിക്കുന്നു എന്നത് 'ഇന്ത്യ' മുന്നണിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നേരിടാൻ നിലവിലെ സാഹചര്യത്തിൽ മറ്റൊരു നേതാവിനെ ഉയർത്തിക്കാണിക്കണം. അതാരാകും എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ജനങ്ങളെ ഒരു പ്രത്യേക പ്രചാരണ വിഷയത്തിലേക്കെത്തിക്കാനുള്ള നരേന്ദ്രമോദിയുടെ കഴിവ് അപാരമായി വെളിപ്പെട്ട തിരഞ്ഞെടുപ്പാണ് ഒടുവിൽ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുകൾ. ഹിന്ദി ഹൃദയഭൂമിയിൽ മൂന്നു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥികളെ ഉയർത്തിക്കാണിക്കാതെ മോദി എന്ന ഒറ്റ ബിംബത്തെ മുന്നിൽവച്ച് ബിജെപി ജയിച്ചു കയറിയതാണ്. ഛത്തിസ്ഗഡിൽ കോൺഗ്രസിൽനിന്ന് ഭരണം പിടിച്ചെടുത്തു. കാലങ്ങളായി ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന രമൺ സിങിനെ അടുപ്പിച്ചില്ല. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ സ്വയം പാർട്ടിയുടെ മുഖമാകാൻ ശ്രമിച്ചെങ്കിലും പാർട്ടി മുഖമാക്കിയത് മോദിയെ തന്നെയായിരുന്നു. ഏറ്റവുമധികം നാടകീയതകൾ നിലനിന്നിരുന്ന രാജസ്ഥാനിൽ സമാനമായി വസുന്ധര രാജെ ശ്രമിച്ചു നോക്കിയെങ്കിലും മോദിതന്നെ നയിച്ചു. ഈ അസംബ്ലി തിരഞ്ഞെടുപ്പുകൾ തെളിയിക്കുന്നത് ബിജെപിയുടെ സംഘടനാ ശക്തിയല്ല മറിച്ച് നരേന്ദ്രമോദി ഇപ്പോഴും ഒരു മാസ് ക്യാംപെയിനർ ആയി നിലനിൽക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ 'ഇന്ത്യ' സഖ്യം ഒരു നേതാവിനെ ഉയർത്തിക്കാണിക്കേണ്ടതുണ്ട്. അത് മല്ലികാർജുൻ ഖാർഗെയാണോ അതോ മമത ബാനർജിയാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഖാർഗെ ഒരു രാഷ്ട്രീയ നിലപാടായി നിലനിൽക്കുമ്പോൾ തന്നെ മോദിയെ കീഴ്‌പ്പെടുത്താവുന്ന തരം വ്യക്തിപ്രഭാവം ഖാർഗെക്കുണ്ടോ എന്നതാണ് ചോദ്യം. ബിജെപി നേരിടേണ്ടത് ആ നാണയത്തിലല്ല എന്ന വ്യക്തതയിലേക്കാണ് 'ഇന്ത്യ' എത്തുന്നതെങ്കിൽ ഈ ചോദ്യത്തിന് പോലും പ്രസക്തിയില്ല

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം