INDIA

'ജാതി സെൻസസിൽ തൊടരുത്'; ബിഹാറിലെ ബിജെപി നേതാക്കൾക്ക് നദ്ദയുടെ നിർദ്ദേശം

വെബ് ഡെസ്ക്

ബിഹാറിലെ ജാതി സെൻസസിന്റെ ആധികാരികതയെ ചോദ്യം ചെയ്യരുതെന്നും, അത് 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ മോശമായി ബാധിക്കുമെന്നും ബിഹാറിലെ ബിജെപി നേതാക്കൾക്ക് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശം. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ, പാർട്ടി സംസ്ഥാന നേതാക്കളും, എംഎൽഎമാരും ഉൾപ്പെടെയുള്ളവർക്കാണ് ജെപി നദ്ദ താക്കീത് നൽകിയത്.

അഞ്ചോളം പ്രധാന നിർദ്ദേശങ്ങൾ നദ്ദ നൽകിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേ, ബിഹാറിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നെ ജാതി സെൻസസിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ്, ഈ വിഷയത്തിൽ സർക്കാരിനെ ലക്ഷ്യം വെക്കേണ്ടതില്ല എന്ന നിർദ്ദേശം പാർട്ടി അധ്യക്ഷന്റെ ഭാഗത്ത് നിന്ന് തന്നെ വരുന്നത്.

എംപിമാരോട് അവരവരുടെ മണ്ഡലത്തിൽ ഇപ്പോഴും അവർക്ക് ജനസമ്മതിയുണ്ടോ എന്ന് മനസിലാക്കാൻ നിർദ്ദേശം നൽകി. ജനങ്ങളുടെ വിശ്വാസ്യത കൂടുതൽ നേടാൻ കഴിയണം. അവരുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ്തരാണെന്ന് ഉറപ്പുവരുത്താൻ സാധിക്കണം. നിലവിലെ എംപിമാരുടെ പ്രകടനത്തെ കുറിച്ച് ബിജെപിയുമായി ചേർന്ന് നിൽക്കുന്ന എല്ലാ സംഘടനകളോടും അഭിപ്രായം ചോദിച്ചതിന് ശേഷമേ സ്ഥാനാർഥി നിർണ്ണയത്തിലേക്ക് പോകൂ എന്നാണ് അറിയുന്നത്.

സ്ത്രീകളെ കണ്ട് വനിതാ സംവരണ നിയമം അവർക്ക് എങ്ങനെയാണ് സഹായകരമാകാൻ പോകുന്നത് എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്നും. ഡിജിറ്റൽ മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കേന്ദ്ര സർക്കാരിന്റെ നയങ്ങളും പദ്ധതികളും ആകാവുന്നത്ര ആളുകളിലേക്ക് എത്തിക്കാൻ സാധിക്കണമെന്നും ജെ പി നദ്ദ പറഞ്ഞു. ആകാവുന്നത്ര ഓബിസി വോട്ടുകളും പിടിക്കണം എന്നാണ് നദ്ദ നേതാക്കളോട് ആവശ്യപ്പെട്ടത്. രാം വിലാസ് പസ്വാൻ എൻഡിഎയുടെ ഭാഗമാകുന്നതോടെ മോശമല്ലാത്ത ഓബിസി വോട്ടുകൾ ബിഹാറിൽ പിടിക്കാൻ കഴിയുമെന്നാണ് ബി.ജെപി കണക്കുകൂട്ടുന്നത്. നിതീഷ് കുമാറിനെ ലക്ഷ്യം വെക്കുന്നതിനേക്കാൾ ആർജെഡിയെയും ലാലു പ്രസാദ് യാദവിനെയും ലക്ഷ്യം വെക്കണം എന്നും നദ്ദ പറഞ്ഞു. നിതീഷ് ഒരുപാട് കാലം എൻ.ഡി.എയുടെ ഭാഗമായിരുന്നതിനാൽ നിതീഷിനെ ആക്രമിക്കുന്നത് തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?