INDIA

വനിത സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവം; എയർ ഇന്ത്യ സിഇഒയ്ക്ക് ഡിജിസിഎ നോട്ടീസ്

ഏപ്രിൽ 21ന് അയച്ച നോട്ടീസിൽ 15 ദിവസത്തിനുള്ളിൽ ഇരുവരും മറുപടി നൽകണമെന്നാണ് നിർദേശം

വെബ് ഡെസ്ക്

വിമാനയാത്രയ്ക്കിടെ പൈലറ്റ് വനിത സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, വിമാനസുരക്ഷാകാര്യ മേധാവി ഹെൻറി ഡോണോഹോ എന്നിവർക്കാണ് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഏപ്രിൽ 21ന് അയച്ച നോട്ടീസിൽ 15 ദിവസത്തിനുള്ളിൽ ഇരുവരും മറുപടി നൽകണമെന്നാണ് നിർദേശം. സംഭവം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തിന് കാലതാമസം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. അതേസമയം, എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായില്ല.

ദുബായ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 27 നാണ് സംഭവമുണ്ടായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി ക്യാബിന്‍ ക്രൂ ആണ് പരാതി നല്‍കിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഈ മാസം ആദ്യം ഡിജിസിഎ എയർ ഇന്ത്യയോട് നിർദേശിച്ചിരുന്നു. ജീവനക്കാർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും അന്വേഷണം അവസാനിക്കുന്നതുവരെ അവരും മാറിനില്‍ക്കണമെന്നാണ് ഡിജിസിഎയുടെ നിർദേശം.

ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന പെൺ സുഹൃത്തിനെ ബിസിനസ് ക്ലാസിലേക്ക് മാറ്റാൻ പൈലറ്റ് ആവശ്യപ്പെട്ടുവെന്നും ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. നിയമപ്രകാരം കോക്‌പിറ്റിനുള്ളിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല. ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ പ്രതികരിച്ചു. പൈലറ്റിനെയും ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. സംഭവത്തില്‍ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നും ഡിജിസിഎ അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യയും അറിയിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി