ഡല്‍ഹി ശ്രദ്ധ വധക്കേസ് പ്രതി അഫ്താബിനെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. രണ്ടാമത്തെ പോളിഗ്രാഫ് പരിശോധനയ്ക്ക് ശേഷം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് പൂനാവാലയെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പോലീസ് വാഹനത്തിന് നേരെ ആയുധങ്ങളുമായി എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിന്ദു സേന ഏറ്റെടുത്തു.
പോലീസ് വാഹനം തടഞ്ഞ അക്രമികൾ വാളുകൾ വീശി വാൻ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളിൽ നിന്ന് വാളുകളും പോലീസ് പിടിച്ചെടുത്തു തങ്ങളുടെ പേരുകൾ നിഗം ഗുജ്ജർ, കുൽദീപ് താക്കൂർ എന്നാണെന്നും തങ്ങൾ ഗുരുഗ്രാം നിവാസികളാണെന്നും പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ശ്രദ്ധയുടെ മൃതദേഹം വെട്ടാൻ ഉപയോഗിച്ച ആയുധങ്ങൾ ഡൽഹി പോലീസ് കണ്ടെടുത്ത ദിവസം തന്നെയാണ് സംഭവം നടന്നത്. ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച തന്റെ പുതിയ വനിതാ സുഹൃത്തിന് അഫ്താബ് സമ്മാനമായി നൽകിയ ശ്രദ്ധയുടെ മോതിരവും പോലീസ് കണ്ടെടുത്തിരുന്നു. മനശാസ്ത്രജ്ഞയായ ഈ സ്ത്രീയെ ഡൽഹി പോലീസ് ചോദ്യം ചെയ്തു.
ശ്രദ്ധയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി എന്ന അഫതാബിന്റെ മൊഴിയില്‍ പറഞ്ഞതില്‍, 20 ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഫ്താബിന്റെ ഫ്‌ളാറ്റില്‍ നിന്ന് നേരത്തെയും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. തിഹാറിലെ ജയിലിലേക്കാണ് അഫ്താബിനെ മാറ്റിയിരിക്കുന്നത്. അടുത്ത ഘട്ടം നുണപരിശോധനക്കായി അടുത്താഴ്ച്ചയും അഫ്താബിനെ ലാബിലേക്ക് കൊണ്ടുപോകും.
2022 മെയ് 18-നാണ് ശ്രദ്ധ വാള്‍ക്കറിനെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനാവാല കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് കാട്ടില്‍ വലിച്ചെറിയുകയും ചെയ്തതു. രാത്രി ഒരു മണിക്കും രണ്ട് മണിക്കും ഇടയിൽ ശരീര ഭാഗങ്ങൾ വലിച്ചെറിയാനായി പുറത്തിറങ്ങിയെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.