കോലാറില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സിദ്ധരാമയ്യയെ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചപ്പോള്‍ 
INDIA

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത

സിദ്ധരാമയ്യക്കെതിരെ ബുക്ക്ലെറ്റുമായി ബിജെപി

ദ ഫോർത്ത് - ബെംഗളൂരു

സിദ്ധരാമയ്യ തട്ടകം വീണ്ടും മാറ്റുകയാണ്. വരുന്ന ഏപ്രില്‍ -മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോലാര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാന്‍ തയ്യാറെടുക്കുകയാണ് കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സിറ്റിങ് സീറ്റായിരുന്ന മൈസൂരുവിലെ വരുണ മണ്ഡലം മകന്‍ യതീന്ദ്രക്കു വിട്ടു നല്‍കി 2018 ല്‍ ബദാമി,ചാമുണ്ഡേശ്വരി എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നായിരുന്നു സിദ്ധരാമയ്യ ജനവിധി തേടിയത്. ഇതില്‍ ബദാമിയില്‍ മാത്രമായിരുന്നു വിജയം. ബിജെപിയുടെ ബി ശ്രീരാമുലുവിനെ രണ്ടായിരത്തോളം വോട്ടുകള്‍ക്ക് മാത്രം തോല്‍പ്പിച്ച സിദ്ധരാമയ്യയുടെ വിജയത്തിന് തിളക്കം കുറവായിരുന്നു. ചാമുണ്ഡേശ്വരിയില്‍ കാലിടറുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയായിരുന്നു ഹൈക്കമാന്‍ഡിന്റെ അനുമതി തേടി ബദാമിയില്‍ കൂടി അദ്ദേഹം ജനവിധി തേടിയത്.

ഹൈക്കമാന്‍ഡിന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടു പോകുകയാണ് സിദ്ധരാമയ്യ

ഇത്തവണ ഭാഗ്യം പരീക്ഷിക്കാന്‍ ഇരട്ടമണ്ഡലം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് സിദ്ധരാമയ്യ കാലേകൂട്ടി കോലാറില്‍ എത്തുന്നത്. മാസങ്ങള്‍ക്കു മുന്‍പ് തന്നെ മണ്ഡലത്തില്‍ സജീവമായ സിദ്ധരാമയ്യ അവിടത്തെ പ്രാദേശിക നേതൃത്വത്തിനിടയിലും വോട്ടര്‍മാർക്കിടയിലും പ്രവര്‍ത്തിച്ചു വരികയാണ്. സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ തേടി കോലാറിലെ മുന്‍ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അദ്ദേഹം കണ്ടു കഴിഞ്ഞു. ഹൈക്കമാന്‍ഡിന് മറിച്ചൊരു തീരുമാനം ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടു പോകുകയാണ് അദ്ദേഹം. കോലാറില്‍ കോണ്‍ഗ്രസിന് നിലവില്‍ അനായാസേന വിജയിച്ചു കയറാവുന്ന സാഹചര്യമാണ് . ജെഡിഎസിന്റെ സിറ്റിങ് സീറ്റാണെങ്കിലും നിലവിലെ എം എല്‍ എ, ജെഡിഎസില്‍ നിന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. പ്രദേശത്തെ ദളിത്, മുസ്ലിം, കുറുബ സമുദായങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് ഉറപ്പാക്കുന്നുണ്ട്.

അതേസമയം സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സിദ്ധരാമയ്യ നടത്തുന്ന നീക്കങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെയും അനുയായികളെയും ചൊടിപ്പിച്ചിട്ടുണ്ട്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക ഹൈക്കമാന്‍ഡാണ് പുറത്തിറക്കുകയെന്നു ഡികെ ശിവകുമാര്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുപോലെ മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്നുണ്ട്. നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം സീറ്റുകളുടെ എണ്ണം കുറയ്ക്കുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മാത്രം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് തീരുമാനം.

സിദ്ധു നിജ നിജ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ സിദ്ധരാമയ്യയെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആരോപണം

ഇതിനിടയില്‍ സിദ്ധരാമയ്യക്കെതിരെ പുസ്തകം തിരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി രംഗത്ത് വന്നു. സിദ്ധു നിജ നിജ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ സിദ്ധരാമയ്യയെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ആരോപണം. ഗോമാംസം ഭക്ഷിക്കല്‍, ടിപ്പു സുല്‍ത്താന്‍ വിഷയം, ഗണേശ ചതുര്‍ഥി ആഘോഷം തുടങ്ങിയ വിഷയങ്ങളിലെടുത്ത നിലപാടുകളാണ് ഹൈന്ദവ വിരുദ്ധമായി പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്. സിദ്ധരാമയ്യയുടെ ഭരണകാലത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് ഉള്ളടക്കമെന്നായിരുന്നു റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര ബെംഗളൂരു സിറ്റി സിവില്‍ കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വാദം കേട്ട കോടതി സിദ്ധു നിജ നിജ എന്ന പുസ്തകത്തിന്റെ പ്രകാശനം തല്‍ക്കാലത്തേക്ക് തടഞ്ഞു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ