വ്യാപക വിമർശനങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ അഞ്ചിന വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച വാഗ്ദാനങ്ങളെല്ലാം ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ളവർക്ക് 10 കിലോഗ്രാം അരി സൗജന്യം, 200 യൂണിറ്റ് വൈദ്യുതി സൗജന്യം, യുവാക്കൾക്കായി 4,500 രൂപയുടെ യുവനിധി, വീട്ടമ്മമാർക്കായി 2000 രൂപയുടെ ഗൃഹലക്ഷ്മി പദ്ധതി വനിതകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര എന്നിവയായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഈ സാമ്പത്തിക വര്‍ഷം തന്നെ അതെല്ലാം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഞാനും ചേര്‍ന്നാണ് ഒപ്പുവെച്ചത്. ഈ ഉറപ്പുകള്‍ പാലിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു' സിദ്ധരാമയ്യ പറഞ്ഞു. തീരുമാനം നടപ്പാക്കാൻ കോൺഗ്രസ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാറും ഉറപ്പുനൽകി.
ഉറപ്പുകൾ നടപ്പാക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും അധികാരത്തിലെത്താൻ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു. അധികാരത്തിലേറുന്ന ദിവസം നടപ്പാക്കുമെന്ന് പറഞ്ഞ വാഗ്ദാനം നടപ്പാക്കാൻ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും, കോൺഗ്രസ് വഞ്ചകരുടെ പാർട്ടിയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്.
അഞ്ച് വാഗ്ദാനങ്ങള്‍
അന്ന ഭാഗ്യ പദ്ധതി പ്രകാരം പത്ത് കിലോഗ്രാം ധാന്യങ്ങള്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യമായി ലഭിക്കും. അന്ത്യോദയ കാര്‍ഡ് ഉടമകളായിരിക്കണം ഇവർ. ജൂലൈ ഒന്ന് മുതലാണ് ഈ പദ്ധതി നടപ്പാക്കുക.
ഗൃഹ ജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കി തുടങ്ങും. 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ഇതുവഴി ജനങ്ങള്‍ക്ക് ലഭിക്കുക. വാര്‍ഷിക ഉപഭോഗം കണക്കിലെടുത്താകും സൗജന്യ വൈദ്യുതപദ്ധതി നടപ്പാക്കുക.
ജൂണ്‍ ഒന്ന് മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതി നടപ്പാക്കി തുടങ്ങിയിരിക്കുന്നു.
ഗൃഹലക്ഷ്മി പദ്ധതി പ്രകാരം എല്ലാ കുടുംബത്തിലെയും ഗൃഹനാഥയ്ക്ക് 2000 രൂപ സഹായം നല്‍കും. ഇതിനായി ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം.
യുവനിധി പദ്ധതി വഴി തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കള്‍ക്ക് മാസം 3000 രൂപ നല്‍കുമെന്നും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ നല്‍കുമെന്നും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളിലുണ്ടായിരുന്നു. 18നും 25നുമിടയില്‍ പ്രായം വരുന്നവര്‍ക്കാണ് ഈ സഹായം ലഭ്യമാക്കുക. രണ്ട് വര്‍ഷമാണ് കാലാവധി.