സിദ്ധരാമയ്യ 
INDIA

സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയിൽ നെഹ്‌റുവില്ല; ബൊമ്മൈ ആർഎസ്എസ് അടിമയെന്ന് സിദ്ധരാമയ്യ

വെബ് ഡെസ്ക്

രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കർണാടക സർക്കാരിന്റെ പത്ര പരസ്യങ്ങളിൽ നിന്നും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കപ്പെട്ടു. ഇതേത്തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ആർഎസ്എസിന്റെ അടിമയെന്ന് വിളിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നു. ഞായറാഴ്ചത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച സർക്കാർ പരസ്യങ്ങളിലാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും മാറ്റിനിർത്തിയത്.

അതേസമയം പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വി ഡി സവർക്കറുടെ ചിത്രത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ്സ് ഉയര്‍ത്തിയിരിക്കുന്നത്. "ജയിലിൽ നിന്നും മോചിപ്പിക്കാനായി ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കാലുപിടിക്കുകയും കത്തെഴുതുകയും ചെയ്ത സവർക്കറിന് മുൻ നിരയിൽ സ്ഥാനം ലഭിച്ചപ്പോൾ അധഃസ്ഥിതരുടെ ശബ്ദമായി മാറുകയും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ചെയ്ത ഡോ.ബി ആർ അംബേദ്കർ അവസാന നിരയിലാണെന്നും" സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കർണാടക സർക്കാരിന്റെ പത്രപരസ്യം

ദേശീയ-സംസ്ഥാന തലത്തിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ സംഭാവനകളും ത്യാഗങ്ങളും ഉൾപ്പെടുത്തിയായിരുന്നു കർണാടക സർക്കാർ പത്ര പരസ്യം നൽകിയത്. "ബ്രിട്ടീഷ് അധികാരികൾക്ക് ഒപ്പം നിന്ന സവർക്കർ അല്ലാതെ ആർഎസ്‌എസിൽ നിന്ന് ആരും സ്വാതന്ത്ര്യ സമര സേനാനികളായി കടന്നുവന്നിട്ടില്ലെന്ന് ബൊമ്മൈ സർക്കാരിന്റെ പരസ്യം വ്യക്തമാക്കുന്നു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തുകയും വർഗീയതയെ പിന്തുണയ്ക്കുകയും ചെയ്ത ആർഎസ്എസ്സിനെ നിരോധിച്ചതിനെ തുടർന്ന് നെഹ്‌റുവിനോട് ആർഎസ്‌എസിന് എക്കാലവും വിദ്വേഷമുണ്ടെന്നും" സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രി ഇപ്പോഴും ആർഎസ്എസിന്റെ അടിമയാണെന്ന് ‌വെളിവാക്കുന്നതാണ് ഇന്നത്തെ സർക്കാർ പരസ്യം
സിദ്ധരാമയ്യ

"ബ്രിട്ടീഷുകാർ പോയതോടെ അടിമത്തം അവസാനിച്ചുവെന്നാണ് കരുതിയിരുന്നത്. എന്നാൽ മുഖ്യമന്ത്രി ഇപ്പോഴും ആർഎസ്എസിന്റെ അടിമയാണെന്ന് ‌വെളിവാക്കുന്നതാണ് ഇന്നത്തെ സർക്കാർ പരസ്യം. മന്ത്രിക്കസേര സംരക്ഷിക്കാൻ എത്രത്തോളം അധഃപതിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞുവെന്നും" സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ബൊമ്മൈ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കർണാടക സർക്കാർ ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ആരോപിച്ചു. ബൊമ്മൈയിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും കർണാടകയുടെ സംസ്കാരം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ്സിന് ഒരിക്കലും ചരിത്രത്തെ മാറ്റാൻ കഴിയില്ലെന്നും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്ന നെഹ്‌റുവിനെ അവഹേളിച്ച ആർഎസ്എസ്സിന്റെ ചരിത്രം ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്