സിദ്ധരാമയ്യ 
INDIA

ഇരട്ട മണ്ഡലങ്ങളിൽ ജനവിധി തേടുമെന്ന് സിദ്ധരാമയ്യ: വരുണയിലും കോലാറിലും മത്സരിക്കും

ദ ഫോർത്ത് - ബെംഗളൂരു

കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയ വരുണ സീറ്റിന് പുറമെ കോലാറിലും മത്സരിക്കാനുറച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ. പരാജയ സാധ്യത മുന്നിൽ കണ്ട് കോലാറിൽ മത്സരിക്കുന്നതിൽ നിന്ന് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ തടഞ്ഞിരുന്നു. എന്നാൽ മൈസൂരുവിലെ പഴയ തട്ടകമായ വരുണയിൽ സീറ്റുറപ്പിച്ചതോടെയാണ് കോലാറിലും ഭാഗ്യം പരീക്ഷിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം. ഇതിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതായാണ് റിപ്പോർട്ട്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിറകെയായിരുന്നു ഇരട്ടമണ്ഡലങ്ങളിൽ ജനവിധി തേടുന്ന കാര്യം സിദ്ധരാമയ്യ മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്.

കോലാർ സുരക്ഷിത മണ്ഡലമായി കണക്കാക്കിയായിരുന്നു സിദ്ധരാമയ്യ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചത്. എന്നാൽ കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവേയിൽ മണ്ഡലത്തിൽ സിദ്ധരാമയ്യക്കെതിരായി നിരവധി ഘടകങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തി. സ്വന്തം പാർട്ടിക്കാർ കാലുവാരുമെന്ന അഭ്യൂഹവും ജെഡിഎസും കോൺഗ്രസും കൈകോർത്ത് പരാജയം ഉറപ്പാക്കുമെന്ന രഹസ്യ റിപ്പോർട്ടും സിദ്ധരാമയ്യയുടെ കോലാർ മോഹത്തിന് തിരിച്ചടിയായി. ഹൈക്കമാൻഡ് നിർദേശപ്രകാരം കോലാർ ഉപേക്ഷിച്ചെങ്കിലും സമ്മർദ തന്ത്രം പ്രയോഗിച്ച് വീണ്ടും സിദ്ധരാമയ്യ മണ്ഡലത്തിലെത്തുകയാണ്.

സ്വസമുദായമായ കുറുബ സമുദായ വോട്ടുകളും മണ്ഡലത്തിലെ വൊക്കലിഗ, മുസ്ലിം, ദളിത് വോട്ടുകളും കോൺഗ്രസിനെ തുണയ്ക്കുമെന്ന കണക്കുകൂട്ടലാണ് സിദ്ധരാമയ്യക്കും അനുയായികൾക്കും. ഡി കെ ശിവകുമാർ നേതൃത്വം നൽകുന്ന കർണാടക പിസിസിയിലെ ഒരു വിഭാഗം സിദ്ധരാമയ്യയുടെ നീക്കത്തിൽ അതൃപ്തരാണ്. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ മുഖ്യമന്ത്രി പദം ആര് കയ്യാളുമെന്നതിൽ ഡി കെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമിടയിൽ തർക്കം രൂക്ഷമാണ്. അധികാര തർക്കം തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കാതിരിക്കാൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് കർണാടക നിയമസഭാ പോരിനിറങ്ങുന്നത്.

2018 ൽ സമാന സാഹചര്യത്തിലൂടെ കടന്നുപോയ സിദ്ധരാമയ്യ ബാദാമി, ചാമുണ്ഡേശ്വരി എന്നീ ഇരട്ട മണ്ഡലങ്ങളിൽ ജനവിധി തേടിയിരുന്നു. ചാമുണ്ഡേശ്വരിയിൽ ജെഡിഎസ് ബിജെപിയുമായി ചേർന്ന് സിദ്ധരാമയ്യയെ പരാജയപ്പെടുത്തുകയായിരുന്നു. ബാദാമിയിൽ നിന്ന് രണ്ടായിരം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിജയം. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക വരുമ്പോൾ കോലാറിൽ സിദ്ധരാമയ്യയുടെ പേരുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്ന മകൻ ഡോ. യതീന്ദ്രയുടെ പുനഃരധിവാസം ഇപ്പോഴും ആശങ്കയിലാണ്. സിദ്ധരാമയ്യയുടെ സിറ്റിങ് സീറ്റായ ജയമുറപ്പില്ലാത്ത ബാദാമി കൊണ്ട് യതീന്ദ്രയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നേക്കുമെന്നാണ് സൂചന.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി