എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. സമാജ് വാദി പാര്‍ട്ടി നേതാവും, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്നാണ് ലഖ്‌നൗ കോടതിയുടെ നടപടി. ജാമ്യാപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
നിരവധി തവണ മാറ്റിയ ശേഷമാണ് ലഖ്‌നൗ കോടതി കേസ് ഇന്ന് പരിഗണിക്കാനിരുന്നത്. സെപ്റ്റംബര്‍ 29 ന് കോടതിയുടെ പരിഗണനയിലെത്തിയ ജാമ്യാപേക്ഷ ഒക്ടോബര്‍ പത്തിലേക്ക് മാറ്റുകയായിരുന്നു. യുഎപിഎ കേസില്‍ കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കാത്തത്.
ഹാഥ്‌റസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.