സിദ്ദീഖ് കാപ്പന്‍ 
INDIA

സിദ്ദീഖ് കാപ്പന് ലക്‌നൗ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. രൂപ് രേഖ വര്‍മ ജാമ്യം നില്‍ക്കും; ഹര്‍ജി 23ന് പരിഗണിക്കും

ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ സിദ്ദീഖിന് പുറത്തിറങ്ങാന്‍ പറ്റൂ

വെബ് ഡെസ്ക്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം നില്‍ക്കാന്‍ തയ്യാറായി ലക്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രൂപ് രേഖ വര്‍മ. എന്‍ഐഎ കോടതിയുടെ ജാമ്യ വ്യവസ്ഥ കാപ്പന്റെ മോചനത്തിന് തടസമായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ജാമ്യം നില്‍ക്കാന്‍ രൂപ് രേഖ വര്‍മ സന്നദ്ധത അറിയിച്ചത്. രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലില്‍ റിയാസുദ്ദീന്‍ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചിട്ടുണ്ട്. യുഎപിഎ കേസില്‍ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യ ഹര്‍ജി ലക്‌നൗ കോടതി 23ന് പരിഗണിക്കും. ഇതിലും ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ സിദ്ദീഖിന് പുറത്തിറങ്ങാന്‍ പറ്റൂ.

കഴിഞ്ഞ 12നാണ് യുഎപിഎ കേസില്‍ സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചത്. പിന്നാലെ, വിചാരണ കോടതിയില്‍ ഹാജരാക്കിയ കാപ്പനോട് ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് യുപി സ്വദേശികളുടെ ജാമ്യവും അതേ തുകയുടെ വ്യക്തിഗത ബോണ്ടും നല്‍കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരോദ് മിശ്ര നിര്‍ദ്ദേശിച്ചിരുന്നു. യുപി സ്വദേശികള്‍ക്ക് പകരം കാപ്പന്റെ ഭാര്യ റൈഹാനത്തും സഹോദരനും ആള്‍ജാമ്യം നില്‍ക്കാമെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ, ജാമ്യ വ്യവസ്ഥകള്‍ കാപ്പന് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ്, സാമുഹിക ഇടപെടലുകളിലൂടെ പ്രശസ്തയായ രൂപ് രേഖ വര്‍മ ജാമ്യം നില്‍ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത്.

ഇഡി കേസില്‍ കാപ്പന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍നിന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എത്തേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. എത്രയും വേഗം ഹര്‍ജി പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്ന് കാപ്പന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്. പണത്തിനന്റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്‌റസില്‍ കലാപം സൃഷ്ടിക്കാന്‍ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം.

യുപിയിലെ ഹാഥ്‌റസില്‍ നടന്ന ദളിത് പെണ്‍കുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേയാണ് കാപ്പനും ഒപ്പമുണ്ടായിരുന്ന മസൂദ്, അതികുര്‍ റഹ്‌മാന്‍, ആലം എന്നിവരും അറസ്റ്റിലായത്. കേസില്‍ രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച കാപ്പന്റെ കേസില്‍ യുഎപിഎ ചുമത്താന്‍ കൃത്യമായ കാരണമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ