മുഹമ്മദ് ആലം  
INDIA

ഹത്രാസ് ഗൂഢാലോചനക്കേസിൽ സിദ്ദിഖ് കാപ്പൻ്റെ കൂട്ടുപ്രതി മുഹമ്മദ് ആലമിന് ജാമ്യം

മുഹമ്മദ് ആലമിൻ്റെ കൈയിൽ നിന്ന് കുറ്റകരമായ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി

വെബ് ഡെസ്ക്

ഹത്രാസ് ഗൂഢാലോചനക്കേസിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മുഹമ്മദ് ആലമിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തീവ്രവാദ പ്രവർത്തനത്തിനും രാജ്യത്തിനെതിരെ പ്രവർത്തിച്ചതിനും മുഹമ്മദ് ആലമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖ് കാപ്പനില്‍ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി പറഞ്ഞു. സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെട്ട കേസില്‍ ആദ്യ ജാമ്യമാണ് ആലമിന്റേത്.

സിദ്ദിഖ് കാപ്പനില്‍ നിന്ന് ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഇവയില്‍ നിന്ന് വീഡിയോയും ലേഖനങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത്തരത്തിലൊന്നും മുഹമ്മദ് ആലമിന്റെ കൈവശമില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനും സംഘവും യു പി പോലീസിന്റെ പിടിയിലാകുന്നത്. ഇവരുടെ വാഹനം ഓടിച്ചിരുന്നത് മുഹമ്മദ് ആലം ആയിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഈ വാഹനം വാങ്ങാന്‍ ആലമിന് മുഹമ്മദ് അനീഷ് എന്നയാള്‍ രണ്ടര ലക്ഷം രൂപ നല്‍കിയെന്നും ഇത് സംശയകരമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പണം നല്‍കിയത് മെഹബൂബ് അലി എന്ന ബന്ധുവാണെന്ന ആലമിന്റെ വാദം കോടതി അംഗീകരിച്ചു. ഡല്‍ഹിയില്‍ നടന്ന സിഎഎ വിരുദ്ധകലാപത്തില്‍ പങ്കെടുത്ത മുഹമ്മദ് ഡാനിഷിന്റെ ബന്ധുവാണ് മുഹമ്മദ് ആലമെന്ന് വാദിച്ചെങ്കിലും ഇയാള്‍ രാജ്യത്തിനെതിരെ പ്രവർത്തിച്ചെന്നത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഈ മാസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. കാപ്പനെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം