സിദ്ദിഖ് കാപ്പന്‍ 
INDIA

തനിക്കെതിരായ കേസ് സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതെന്ന് കാപ്പന്‍; ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

വെബ് ഡെസ്ക്

ഹാഥ്റസ് ഗൂഢാലോചന കേസിൽ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മറ്റന്നാൾ പരിഗണിക്കും. അലഹബാദ് ഹൈക്കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബിരാന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എൻവി രമണ അംഗീകരിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകനെന്ന നിലയിൽ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനുള്ള ചുമതല നിറവേറ്റുക മാത്രമായിരുന്നു കാപ്പന്റെ ഹാഥ്റസ് സന്ദർശനത്തിന്റെ ഉദ്ദേശ്യം. കെട്ടിച്ചമച്ച കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാപ്പനെ കസ്റ്റഡിയിലെടുത്തതെന്ന് ജാമ്യ ഹർജിയിൽ പറയുന്നു.

ന്യായമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി കളഞ്ഞതെന്നും ഹർജി

തന്റെ കേസ് സ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട മൗലികമായ ചോദ്യമാണ് ഉയർത്തുന്നത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെയും ഈ കേസ് ചോദ്യം ചെയ്യുന്നു. ന്യായമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടാതെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി കളഞ്ഞതെന്നും ഹർജിയില്‍ പറഞ്ഞു.

തീവ്രവാദി സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയെന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവുകളൊന്നും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കാപ്പന്‍

തീവ്രവാദി സംഘത്തിൽ നിന്ന് പണം കൈപ്പറ്റിയെന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവുകളൊന്നും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കാപ്പന്‍ പറയുന്നു. മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ജോലി ചെയ്തതിലൂടെ ലഭിച്ച പണം മാത്രമാണ് പക്കൽ ഉണ്ടായിരുന്ന ഏക ഫണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നാണ് പണം സ്വീകരിച്ചതെന്ന് കരുതിയാൽപ്പോലും, പിഎഫ്ഐ ഒരു ഭീകരസംഘടനയല്ല. തനിക്കുമേൽ ആരോപിക്കുന്ന നിരോധിത സംഘടന സിമിയുമായുള്ള ബന്ധവും കാപ്പന്‍ നിരസിക്കുന്നു.

12 വർഷത്തിലേറെ അനുഭവപരിചയമുള്ള പത്രപ്രവർത്തകനാണ് ഹർജിക്കാരൻ എന്ന വസ്തുതയെ ഹൈക്കോടതി പൂർണമായും മറച്ചുവെച്ചു. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചാൽ കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന അടിസ്ഥാനരഹിതമായ മൊഴി ഒഴികെ, ഈ നിഗമനത്തിലെത്തിയത് എങ്ങനെയെന്ന് സൂചിപ്പിക്കാൻ ഒരു കാരണവും നൽകിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

2020 ഒക്ടോബറിൽ ഹാഥ്റസ് ബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അതിനുശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തുടർന്ന്, ഹാഥ്റസ് കേസിന്റെ പശ്ചാത്തലത്തിൽ കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ജൂലൈയിൽ, യുപിയിലെ മഥുര പ്രാദേശിക കോടതി കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, കാപ്പന്റെ കൂടെ കസ്റ്റഡിയിലെടുത്ത ഡ്രൈവർ മുഹമ്മദ് ആലമിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചു. 'കുറ്റം ചുമത്താൻ' കാരണമായ വസ്തുക്കളൊന്നും ആലമിൽ നിന്ന് കണ്ടെടുത്തിട്ടില്ലെന്ന വസ്തുത പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. കുറ്റകരമായ ലഘുലേഖകളോ അച്ചടിച്ച പേപ്പറുകളോ ഹാഥ്റസിലേക്ക് കൊണ്ടുപോയിരുന്നുവെന്ന പോലീസിന്റെ വാദം കാപ്പനും സഹയാത്രികരും നിഷേധിച്ചിരുന്നു.

കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റിലാകുമ്പോള്‍, കാപ്പന് ഹാഥ്‌റസില്‍ ജോലിയില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കാപ്പനൊപ്പം അറസ്റ്റിലായവര്‍ മാധ്യമപ്രവര്‍ത്തകരല്ല. അനധികൃത പണം ഉപയോഗിച്ചെന്ന വാദം തള്ളിക്കളയാനാവില്ല. കുറ്റപത്രവും തെളിവുകളും കണക്കിലെടുത്താണ് ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?