INDIA

'തെറ്റ് അയാൾക്ക് മനസ്സിലായി, ഇനി വെറുതെ വിടണം'; മുഖത്ത് മൂത്രമൊഴിച്ച പ്രതിയെ മോചിപ്പിക്കണമെന്ന് ദഷ്മത് റാവത്ത്

ആദിവാസി യുവാവ് ദഷ്മത് റാവത്ത് ആണ് അതിക്രമത്തിനിരയായത്

വെബ് ഡെസ്ക്

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അതിക്രമത്തിനിരയായ യുവാവ്. സംഭവത്തിൽ അറസ്റ്റിലായ ബി ജെ പി നേതാവ് പര്‍വേഷ് ശുക്ലയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ദഷ്മത് റാവത്ത് രംഗത്തെത്തിയത്. ചെയ്ത തെറ്റ് ആയാൾക്ക് മനസ്സിലായെന്നും ഈ സാഹചര്യത്തിൽ അയാളെ വെറുതെ വിടണമെന്നുമാണ് ദഷ്മത റാവത്തിന്റെ ആവശ്യം.

അയാൾക്ക് ഒരു തെറ്റു പറ്റി. ആ തെറ്റ് ഇന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ട്. അയാളെ വിട്ടയക്കണം.
ദഷ്മത് റാവത്ത്

'' അയാൾക്ക് ഒരു തെറ്റു പറ്റി. ആ തെറ്റ് ഇന്ന് അയാൾക്ക് മനസ്സിലായിട്ടുണ്ട്. അയാളെ വിട്ടയക്കണം എന്നാണ് എനിക്ക് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്''. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ദഷ്മത റാവത്ത് മറുപടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വിവാദ സംഭവം നടന്നത്. സിദ്ധി ജില്ലയിലെ ബിജെപി എംഎല്‍എ കേദാര്‍ നാഥിന്റെ അടുത്ത അനുയായി ആയ പവേര്‍ ശുക്ലയാണ് ആദിവാസി യുവാവായ ദഷ്മത് റാവത്തിന്‍റെ മുഖത്തേക്ക് മൂത്രമൊഴിച്ചത്. സംഭവത്തിന്റെ വീഡിയോ വിവാദമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.

സംഭവം വ്യാപക വിമർശനത്തിനിടയാക്കിയതോടെ യുവാവിന്റെ കാൽ കഴുകി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയിരുന്നു. യുവാവിന്റെ കാൽ കഴുകുകയും കഴുത്തിൽ മാല ചാര്‍ത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. യുവാവിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാനും വീട് നിര്‍മാണത്തിനായി ഒന്നര ലക്ഷം രൂപം അധികമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പിന്നാലെയാണ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷ നിയമം, എസ്‌സി/എസ്ടി ആക്റ്റ്, ഇന്ത്യൻ ശിക്ഷ നിയമത്തിലെ മറ്റ് വകുപ്പുകളും ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. തൊട്ടു പിന്നാലെ ഇയാളുടെ വീടിന്റെ ഒരു ഭാഗം അനധികൃതമായി പണിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. 400 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്. 

ഈ വര്‍ഷം അവസാനത്തോടെ നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിനെ ഈ മൂത്രമൊഴിക്കല്‍ സംഭവം കുറച്ച് പിടിച്ചു കുലുക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതിയ്ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുകയും ബി ജെ പി ഈ ബന്ധം നിഷേധിക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ