യുഎപിഎ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറ് ആഴ്ച ഡൽഹിയിൽ തുടരണമെന്നും അതിന് ശേഷം അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം സിദ്ദീഖ് കാപ്പന്റെ മോചനം വൈകും. കാപ്പനെതിരെ എൻഫോഴ്സ് ഡയറക്ടറേറ്റിന്റെ മറ്റൊരു കേസ് കൂടി നിലനിൽക്കുന്നുണ്ട്. ഇതിൽ ജാമ്യം ലഭിച്ചാലേ കാപ്പന് പുറത്തിറങ്ങാനാകൂ.
ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ഹാഥ്‌റസ് ഗൂഢാലോചന കേസില്‍ രണ്ട് വര്‍ഷത്തോളമായി സിദ്ദീഖ് കാപ്പന്‍ ജയിലിലാണ്. അലഹബാദ് ഹൈക്കോടി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജയില്‍ മോചിതനാകാന്‍ ഇഡി കേസിലും ജാമ്യം ലഭിക്കണം. ഈ കേസില്‍ ജാമ്യഹര്‍ജി മൂന്ന് ദിവസത്തിനകം ലഖ്‌നൗ കോടതി പരിഗണിക്കുമെന്നാണ് സിദ്ദീഖ് കാപ്പന്‌റെ അഭിഭാഷകന്‍ വ്യക്തമാക്കി.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. (ഹാഥ്‌റാസ്) ഇരയ്ക്ക് നീതിവേണമെന്ന് വ്യക്തമാക്കാനും പൊതു ശബ്ദം ഉയര്‍ത്താനുമാണ് അയാള്‍ (സിദ്ദീഖ് കാപ്പന്‍) ശ്രമിച്ചത്. ഇത് നിയമത്തിന്റെ മുന്നില്‍ കുറ്റകൃത്യമാകുമോ?സുപ്രീംകോടതി
'പ്രതിഷേധങ്ങളാണ് മാറ്റമുണ്ടാക്കുന്നത്'
ചീഫ് ജസ്റ്റിസിന് പുറമെ എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. എല്ലാ വ്യക്തികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മാറ്റമുണ്ടാക്കാന്‍ പ്രതിഷേധങ്ങള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു. 2011 ല്‍ നിര്‍ഭയ സംഭവത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ പ്രതിഷേധമുണ്ടായി. അതിന് ശേഷം പല നിയമങ്ങളുമുണ്ടായെന്നും സർക്കാരിന് വേണ്ടി ഹാജരായ മഹേഷ് ജഠ്മലാനിയോട് കോടതി പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശം
മൂന്ന് ദിവസത്തിനകം വിചാരകോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ ഇറക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയാല്‍ ഡല്‍ഹിയിലെ ജനഗ്പുര കോടതി പരിധിയില്‍ താമസിക്കണമെന്നും വിചാരണകോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ട് പോകരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
എല്ലാ തിങ്കളാഴ്ചയും ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. ആദ്യ ആറാഴ്ച ഈ നിബന്ധന ബാധകമാണ്. അതിന് ശേഷം കേരളത്തിലേക്ക് പോകാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇവിടെയും ലോക്കല്‍ സ്‌റ്റേഷനില്‍ ഹാജരാകണം. വിചാരണ വേളയില്‍ എല്ലാദിവസവും നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയി ഹാജരാകണം. പാസ്‌പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും വിവാദത്തില്‍ ഉള്‍പ്പെട്ട ആരോടും ബന്ധപ്പെടരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിൻ്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിദ്ദീഖ് കാപ്പൻ
ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്നുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിൻ്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിദ്ദീഖ്. യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് സിദ്ദീഖിനെതിരെ ചുമത്തിയിരുന്നത്. സിദ്ദീഖിൽനിന്ന് പിടിച്ചെടുത്തതായി പറയുന്ന ലഘുലേഖകളിൽനിന്ന് എന്താണ് പുതുതായി കണ്ടെത്തിയതെന്നും സുപ്രീംകോടതി ചോദിച്ചു.
സിദ്ദീഖിൻ്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. സിദ്ദീഖ് കാപ്പന് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നും ആ സംഘടനയുടെ പ്രധാന പ്രവർത്തകനാണെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. തന്റെ അകൗണ്ടിലേക്ക് വന്ന പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സിദ്ദീഖ് കാപ്പന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ കാപ്പനും ഭാഗവാക്കായിരുന്നു എന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. സിദ്ദീഖ് കാപ്പനെതിരെ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ഇതില്‍ ഒരു സാക്ഷി ബിഹാറില്‍ താമസിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്.