INDIA

സിദ്ദീഖ് കാപ്പന്‍ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് രണ്ടര വർഷത്തിന് ശേഷം

വെബ് ഡെസ്ക്

ഹാഥ്റസ് കേസിൽ വിചാരണ തടവിലായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷമാണ് മോചനം. ജാമ്യം ലഭിച്ച 40 ദിവസങ്ങൾക്ക് ശേഷമാണ് കാപ്പൻ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ ഒൻപതിന് യുഎപിഎ കേസിൽ സുപ്രീംകോടതിയും ഡിസംബർ 23ന് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉപാധികൾ പൂർത്തിയാക്കുന്നതിൽ ഉണ്ടായ താമസമാണ് പുറത്തിറങ്ങുന്നത് വൈകിപ്പിച്ചത്. ജാമ്യ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കാപ്പനെ മോചിപ്പിക്കാനുള്ള ഉത്തരവ് കോടതി ജയിലിലേക്ക് അയച്ചത്.

ദളിത് യുവതിയുടെ ബലാത്സംഗ- കൊലപാതക കേസ് റിപ്പോർട്ട് ചെയ്യാൻ പോകവേ ഉത്തർ പ്രദേശിലെ മഥുരയിൽ 2020 ഒക്ടോബർ അഞ്ചിന് വച്ചാണ് കാപ്പൻ അറസ്റ്റിലാകുന്നത്. കാപ്പനടക്കം ഹാഥ്റസിലേക്ക് പോയവര്‍ നിലവിൽ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അംഗങ്ങളാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു കേസ്. കാപ്പനൊപ്പം പിഎഫ്‌ഐ അംഗങ്ങളായ അതികുർ റഹ്‌മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരുടെ മേൽ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു.

' സംഘടനയുമായി ഔദ്യോഗിക ബന്ധം ഉണ്ടായിരുന്നില്ലെങ്കിലും പിഎഫ്‌ഐ നേതാക്കളുമായി കാപ്പന്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. പിഎഫ്‌ഐ യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു. മതസൗഹാര്‍ദം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാഥ്റസിലേയ്ക്ക് എത്തിയത്' - എന്നിങ്ങനയെയായിരുന്നു കുറ്റപത്രം. 2021 ജനുവരി 23ന് കാപ്പനെതിരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതപരവും വിഭാഗീയവുമായ വിഷയങ്ങളെക്കുറിച്ച് കാപ്പന്‍ എഴുതിയ സിഎഎയ്ക്കെതിരെയും കോവിഡ് കാലത്തും കാപ്പനെഴുതിയ 36 ലേഖനങ്ങളില്‍ നിന്നുള്ള ഭാഗവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്റസിലെ യുവതിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ മറവിൽ അസ്വസ്ഥതയും കലാപ സാഹചര്യവും സൃഷ്ടിക്കാനാണ് പിഎഫ്‌ഐ ശ്രമിച്ചതെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടു. മലയാള മാധ്യമങ്ങളിൽ "ഹിന്ദു വിരുദ്ധ" കഥകൾ പ്രസിദ്ധീകരിക്കാൻ കാപ്പന്‍ ശ്രമിച്ചെന്നും ഡൽഹി കലാപം ആളിക്കത്തിക്കാൻ പദ്ധതിയിട്ടിരുന്നെന്നും ആരോപിക്കുന്നു.

2021ല്‍ കാപ്പനെതിരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് 5000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതപരവും വിഭാഗീയവുമായ വിഷയങ്ങളെക്കുറിച്ച് കാപ്പന്‍ എഴുതിയ 36 ലേഖനങ്ങളില്‍ നിന്നുള്ള ഭാഗവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മുൻ ചീഫ് ജസ്റ്റിസ് യു യു ലളിതിന് പുറമെ എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കാപ്പന്റെ യുഎപിഎ കേസിലെ ജാമ്യാപേക്ഷ പരിഗണിച്ചത്. എല്ലാ വ്യക്തികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മാറ്റമുണ്ടാക്കാന്‍ പ്രതിഷേധങ്ങള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞിരുന്നു. ഇഡി കേസിലെ ജാമ്യ ഹർജി പരിഗണിച്ച അലഹബാദ് കോടതിയുടെ ലക്നൗ ബെഞ്ച്, കാപ്പനെതിരെ പിഎംഎൽഎ വകുപ്പ് പ്രകാരം കേസ് എടുക്കാൻ ആവശ്യമായ ഒന്നും തന്നെയില്ലെന്നും കണ്ടെത്തിയിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും